ന്യൂഡല്‍ഹി: ഇസ്രത് ജഹാന് കേസില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ യുപിഎ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിയത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമായിരുന്നുവെന്ന് മുന്‍ ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍വിഎസ് മണി. ആഭ്യന്തരമന്ത്രാലയത്തില്‍ ആഭ്യന്തര സുരക്ഷയുടെ ചുമതല വഹിച്ചിരുന്ന അണ്ടര്‍ സെക്രട്ടറിയായിരുന്നു ആര്‍വിഎസ് മണി. എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് ആദ്യ സത്യവാങ്മൂലം തയ്യാറാക്കിയിരുന്നതെന്നും അദ്ദേഹം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
വിശ്വസനീയമായ രഹസ്യാന്വേഷണ രേഖകളെ ഉദ്ധരിച്ചായിരുന്നു ആദ്യ സത്യവാങ്മൂലം തയ്യാറാക്കിയത്. രണ്ടാമത്തെ സത്യവാങ്മൂലം താനല്ല തയ്യാറാക്കിയതെന്നും സമ്മര്‍ദ്ദം മൂലമാണ് അതില്‍ ഒപ്പിട്ടതെന്നും ആര്‍വിഎസ് മണി പറയുന്നു. സത്യവാങ്മൂലം തയ്യാറാക്കിയ ശേഷം അതില്‍ ഒപ്പിടണമെന്നും സര്‍ക്കാരിന്റെ ആജ്ഞ അ്ങ്ങനെയാണെന്നും തന്നെ അറിയിക്കുകയായിരുന്നു. അതനുസരിച്ചാണ് താന്‍ പോയി ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ സത്യവാങ്മൂലം തയ്യാറാക്കിയത് ആരെന്ന ചോദ്യത്തിന് തന്റെ തലത്തിലുളളവരോ തന്റെ തൊട്ടു സീനിയര്‍ ആയ ആളുകളോ അല്ലെന്നും അതിനും മുകളിലുളളവര്‍ തയ്യാറാക്കിയതാവാനാണ് സാദ്ധ്യതയെന്നുമായിരുന്നു ആര്‍വിഎസ് മണിയുടെ മറുപടി.
ഇസ്രത് ജഹാനും ബാക്കിയുളളവര്‍ക്കും തീവ്രവാദ ബന്ധം ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മുന്പിലെത്തിയ രേഖകളിലാണ് തനിക്ക് വിശ്വാസമെന്നായിരുന്നു മറുപടി. കേസില്‍ ഗുജറാത്തിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ കുടുക്കാനും ശ്രമം നടന്നിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിളളയും ഇതേ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണം ആവശ്യമായി വന്നിരിക്കുകയാണെന്നാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 2009 ഓഗസ്റ്റ് ആറിനാണ് ഇസ്രത്തും കൂട്ടാളികളും തീവ്രവാദികളാണെന്ന് വ്യക്തമാക്കി യുപിഎ സര്‍ക്കാര്‍ ആദ്യ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇതിലെ വസ്തുതകള്‍ തിരുത്തി രണ്ട് മാസം തികയുന്നതിന് മുന്‍പ് സെപ്തംബര്‍ 30 ന് രണ്ടാം സത്യവാങ്മൂലവും സമര്‍പ്പിക്കുകയായിരുന്നു.