ന്യൂഡല്‍ഹി: മേഘാലയയെന്ന വിടക്ക് കിഴക്കന്‍ സംസ്ഥാനത്തിന്റെ ശബ്ദം ഇന്ത്യന്‍ രാഷ്‌ട്രീയ ഭൂപടത്തില്‍ ഉയര്‍ത്തിയ നേതാവായിരുന്നു പി.എ സാങ്മ. 1947 സെപ്റ്റംബര്‍ ഒന്നിന് മേഘാലയയിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കോളജ് വിദ്യാഭ്യാസത്തിന് ശേഷമുള്ള സാംഗ്മയുടെ രാഷ്‌ട്രീയ പ്രവേശനം തികച്ചും യാദ്യശ്ചികമായിരുന്നു.
അഭിഭാഷകനാകാന്‍ ആഗ്രഹിച്ചിരുന്ന സാംഗ്മയെ ഇന്ദിരാഗാന്ധിയാണ് കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. 1974 ല്‍ അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. മേഘാലയയിലെ കോണ്‍ഗ്രസിന്റെ ശബ്ദമായി സാംഗ്മയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. 1977 ല്‍ ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചു. തുടര്‍ന്ന് സാംഗ്മയെ എട്ട് തവണ ഈ സംസ്ഥാനം ലോക്‌സഭയിലേക്ക് അയച്ചു. ഇതിനിടെ ഇന്ദിരാഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രി സ്ഥാനം വഹിച്ചു.
വിദ്യാഭ്യാസത്തിലും വികസനത്തിലും പിന്നാക്കം നിന്ന മേഘാലയ എന്ന സംസ്ഥാനത്തിന്റെ പേര് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിറഞ്ഞുകേട്ട സന്ദര്‍ഭങ്ങളായിരുന്നു അത്. പലപ്പോഴും തന്റെ പ്രാതിനിധ്യം മേഘാലയയ്‌ക്ക് വേണ്ടി മാത്രം ഒതുക്കാതെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മൊത്തമായി വാദിക്കുന്ന സമീപനമായിരുന്നു സാംഗ്മ സ്വീകരിച്ചത്. 1996 മുതല്‍ 1998 വരെ ലോക്‌സഭാ സ്പീക്കറായപ്പോഴും ഭരണ പ്രതിപക്ഷ കക്ഷികള്‍ക്ക് ഒരു പോലെ സ്വീകാര്യനായിരുന്നു അദ്ദേഹം.
1988 മുതല്‍ 1990 വരെ ഉളള ചെറിയ കാലയളവില്‍ മേഘാലയയുടെ മുഖ്യമന്ത്രിയായി. 1999ല്‍ സോണിയാ ഗാന്ധി പാര്‍ട്ടിയുടെ നേതൃപദവിയില്‍ വരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പാര്‍ട്ടില്‍ നിന്ന് പുറത്തേക്ക്. തുടര്‍ന്ന് ശരത് പവാര്‍ രൂപീകരിച്ച എന്‍സിപിയില്‍ ചേര്‍ന്നു. ശരത്പവാറിനോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് തൃണമുല്‍ കോണ്‍ഗ്രസിലേക്ക്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും എന്‍സിപിയിലേക്ക് മടങ്ങി. പക്ഷെ പിന്നീട് സാംഗ്മയുടെ രാഷ്‌ട്രീയ നീക്കങ്ങള്‍ പിഴയ്‌ക്കുകയായിരുന്നു.
തുടര്‍ന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയമറിഞ്ഞു. പ്രണബ് മുഖര്‍ജിയോട് രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ സാംഗ്മയ്‌ക്ക് വന്‍തോതില്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള ഒരു പ്രതിനിധി ഈ സ്ഥാനത്ത് എത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒടുവില്‍ 2013 ല്‍ എന്‍സിപിയുടെ പടികളിറങ്ങി സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. സാംഗ്മ വിടവാങ്ങുമ്പോള്‍ സൗമ്യനായ സംശുദ്ധ രാഷ്‌ട്രീയ നേതാവിനെയാണ് നഷ്ടമാകുന്നത്.