കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ ആക്രമണം ശക്തമാക്കി ഇരുവിഭാഗം ആര്‍എസ്പികള്‍ രംഗത്ത്. മുന്നണി മാറ്റത്തിനായി എന്‍.കെ.പ്രേമചന്ദ്രന് കൊല്ലം സ്വദേശിയായ ദുബായ് വ്യവസായി 50 കോടിയും 5 കിലോ സ്വര്‍ണവും നല്‍കിയെന്ന് ആര്‍എസ്പി കോവൂര്‍ വിഭാഗം ആരോപിച്ചു. ആര്‍എസ്പി നേതാക്കള്‍ക്ക് ചായ വാങ്ങി നല്‍കാന്‍ നിന്നയാളാണ് എ.എഅസ്സീസെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന് ചേരാത്ത പ്രസ്ഥാവനകളാണ് അസ്സീസില്‍ നിന്നുണ്ടാകുന്നതെന്നും കോവൂര്‍ കുഞ്ഞുമോന്‍ തുറന്നടിച്ചു.
പോസ്റ്റര്‍ ഒട്ടിച്ചു നടന്ന പയ്യനാണ് കോവൂര്‍ കുഞ്ഞുമോനെന്നും രാഷ്‌ട്രീയ പക്വതയില്ലെന്നുമുള്ള എ.എ.അസ്സീസിന്റെ പ്രസ്താവനയാണ് കോവൂര്‍ കുഞ്ഞുമോനെയും വിമതവിഭാഗം ആര്‍എസ്പിയെയും ചൊടിപ്പിച്ചത്. എന്‍.കെ.പ്രേമചന്ദ്രനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചും എ.എ.അസ്സീസിനെ പരിഹസിച്ചുമായിരുന്നു കോവൂരും കൂട്ടരും തിരിച്ചടിച്ചത്. വെറും കശുവണ്ടി തൊഴിലാളിയായിരുന്ന എ.എ.അസ്സീസ് ആര്‍എസ്പി നേതാക്കളായ ആര്‍എസ് ഉണ്ണിക്കും ശ്രീകണ്ഠന്‍ നായര്‍ക്കും ചായ വാങ്ങി നല്‍കിയാണ് നേതാവായത്. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന് ചേരാത്ത തരത്തില്‍ പിച്ചും പേയും പറയുകയാണ് അസ്സീസ്സെന്നും കോവൂര്‍ തുറന്നടിച്ചു.
എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറുന്നതിനായി കൊല്ലം സ്വദേശിയായ ദുബായ് വ്യവസായി എന്‍.കെ.പ്രേമചന്ദ്രന് 50 കോടിയും 5കിലോ സ്വര്‍ണവും നല്‍കിയെന്ന് കോവൂര്‍ വിഭാഗം ആര്‍എസ്പിയുടെ സംസ്ഥാന സമിതിയംഗം അഡ്വ:ബലദേവന്‍ ആരോപിച്ചു. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ബലദേവന്‍ പറഞ്ഞു.
അതേസമയം കുന്നത്തൂരില്‍ മത്സരിക്കുന്ന കാര്യം എല്‍ഡിഎഫ് തീരുമാനിക്കുമെന്നറിയിച്ച കുഞ്ഞുമോന്‍ ബംഗാളിലെ ഇടത്-കോണ്‍ഗ്രസ്സ് സഖ്യം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി.