NewsMovieSpecial

ആ മണികിലുക്കം നിലച്ചു

കൊച്ചി: ചാലക്കുടിയുടെ മണികിലുക്കമായിരുന്നു കലാഭവന്‍ മണി. ചാലക്കുടിയിലെ തെരുവുകളില്‍ ഓട്ടോ ഓടിച്ചു നടന്ന മണി കലാഭവന്‍ മണിയായി മലയാളികളുടെ മനസിലേക്ക് കുടിയേറിയത് കഠിനാധ്വാനം കൊണ്ടായിരുന്നു. വന്ന വഴി മറക്കാതെ ചുറ്റുമുള്ളവരില്‍ ഒരാളായി ചിരിച്ചു നിന്ന കലാകാരന്‍. കലാഭവന്‍ മണി എന്ന ചാലക്കുടിക്കാരന്‍ മലയാളിക്ക് സമ്മാനിച്ചത് കലയ്‌ക്കൊപ്പം മനുഷ്യത്വത്തിന്റെയും നന്മയുടെയും ഒരു പിടി ഓര്‍മ്മകള്‍ കൂടിയാണ്.

ദാരിദ്ര്യം നിറഞ്ഞു നിന്ന കുട്ടിക്കാലത്തെ ഓര്‍മകള്‍ മണിക്കെന്നും അനുഭവപാഠങ്ങളായിരുന്നു. പിന്നീട് മണിയുടെ നാടന്‍ പാട്ടുകളിലൂടെ ഈ അനുഭവങ്ങള്‍ മലയാളികള്‍ ഒരുപാട് കേട്ടറിഞ്ഞു. ചാലക്കുടിയുടെ വയലും വരമ്പും ചാലക്കുടിപ്പുഴയും ഷാപ്പും മീന്‍കറിയുമായിരുന്നു മണിയുടെ പാട്ടുകളിലെ വരികള്‍. ഈ വരികള്‍ പാടുന്നതിന് മുന്‍പ് കുട്ടിക്കാലത്ത് അനുഭവിച്ച വിശപ്പും ദാരിദ്ര്യവുമൊക്കെ മണി വിശദീകരിക്കുമായിരുന്നു. പിന്നീട് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എത്തിയപ്പോഴും മണി ചാലക്കുടിക്കാരെ മറന്നില്ല.

ഓണത്തിനും ക്രിസ്മസിനും ക്ഷേത്രത്തിലെ ഉത്സവത്തിനുമൊക്കെ ചാലക്കുടിക്കാര്‍ക്ക് അവരുടെ മണിച്ചേട്ടന്‍ ഒപ്പമുണ്ടായിരുന്നു. ക്രിസ്മസിന് പുല്‍ക്കൂടൊരുക്കിയും മറ്റും തന്റെ ആഘോഷങ്ങളിലേക്ക് ചാലക്കുടിക്കാരെയും മണി ക്ഷണിച്ചു. പ്രത്യക്ഷപ്പെടുന്ന വേദിയിലൊക്കെ സാധാരണക്കാര്‍ക്കൊപ്പമായിരുന്നു മണി. സ്വതസിദ്ധമായി നീട്ടിയെറിയുന്ന ചിരി കഴിഞ്ഞാല്‍ പിന്നെ മണി അവരില്‍ ഒരാളായി മാറും.

നടനെന്ന നിലയില്‍ അഭിമുഖങ്ങള്‍ക്ക് ഇരിക്കുമ്പോള്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരമായി മണി നിരത്തുക തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളായിരിക്കും. അതില്‍ വേദനയും വിശപ്പും വിയര്‍പ്പിന്റെ മണവും ഒക്കെ കലര്‍ന്നിട്ടുണ്ടാകും. എന്നും ജീവിതസാഹചര്യങ്ങളോട് പോരാടിയായിരുന്നു മണിയുടെ വളര്‍ച്ച. മണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ചാലക്കുടിയിലെ നാട്ടിന്‍പുറത്തുകൂടി അച്ഛന്റെ കൈവിരലില്‍ തൂങ്ങി നടന്ന കാലം മുതല്‍ ഓട്ടോ ഡ്രൈവറായും മിമിക്രി കലാകാരനായും ഏറ്റവും ഒടുവില്‍ സിനിമയിലെത്തി ചുവടുറപ്പിക്കുന്നിടം വരെയെത്തി ഈ പോരാട്ടം.

സിനിമയുടെ ലോകം മണിയെ പരവതാനി വിരിച്ച് സ്വീകരിക്കുകയായിരുന്നില്ല. ലഭിച്ച ചെറു വേഷങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംപിടിച്ച മണിക്ക് ഹാസ്യനടനെന്ന പട്ടമായിരുന്നു ആദ്യം മലയാളസിനിമ ചാര്‍ത്തിക്കൊടുത്തത്. എന്നാല്‍ വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അന്ധ ഗായകനും കരുമാടിക്കുട്ടനിലെ വേഷവും മണിയിലെ പ്രതിഭയെ തുറന്നുകാട്ടി. പിന്നെ അനന്തഭദ്രത്തിലെ ചെമ്പന്‍, സേതുരാമയ്യരിലെ ഈശോ അലക്‌സ് തുടങ്ങിയ വേഷങ്ങളും ആ നടനിലെ അഭിനയവൈഭവത്തെ എടുത്തുകാട്ടി. മലയാളത്തിന് പിന്നാലെ തമിഴിലും അഭിനയ പ്രാധാന്യമുളള നിരവധി വേഷങ്ങള്‍ മണിയെ തേടിയെത്തി.

1998 ല്‍ ഭാരതി സംവിധാനം ചെയ്ത മരുമലര്‍ച്ചിയിലൂടെയാണ് തമിഴകത്ത് മണി ഹരിശ്രീ കുറിക്കുന്നത്. തുടര്‍ന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത വഞ്ചിനാഥനില്‍ വേഷമിട്ടു. എന്നാല്‍ മണിയിലെ അഭിനേതാവിനെ കാണാന്‍ തമിഴകത്തിന് 2002 വരെ കാത്തിരിക്കേണ്ടി വന്നു, 2002 ല്‍ പുറത്തിറങ്ങിയ ജമിനിയിലെ അഭിനയം മണിയെ ശ്രദ്ധേയനാക്കി. തേജ എന്ന വില്ലന്‍ വേഷത്തില്‍ മണി ആടി തകര്‍ത്തു. തെന്നവന്‍, ജയ് ജയ്, കുത്ത്, പുതിയ ഗീതെ, അടക്കമുള്ള ചിത്രങ്ങള്‍ പിന്നാലെ. 2005ല്‍ ഇറങ്ങിയ അന്യനിലെ ചെറിയ വേഷം മണിയുടെ തമിഴ് സിനിമയിലെ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു. പിന്നാലെ വന്ന ആറുയെന്ന ചിത്രത്തില്‍ ക്രൂരനായ പോലീസുകാരന്റെ വേഷത്തില്‍ സുര്യയ്‌ക്കൊപ്പം മണി മത്സരിച്ച് അഭിനയിച്ചു.

മണിയിലെ നടനെ ശങ്കര്‍ എന്ന സംവിധായകന്‍ തിരിച്ചറിഞ്ഞിരുന്നു എന്നതായിരുന്നു എന്തിരനിലേക്കുള്ള ക്ഷണം. അവസാനമായി അഭിനയിച്ച പാപനാസത്തിലും കമല്‍ഹാസനൊപ്പം മണി എല്ലാം മറന്ന് അഭിനയിച്ചു. തിരക്കുകള്‍ക്കിടെ ഗജനി, അര്‍ജ്ജുന്‍ അടക്കം നാല് ചിത്രങ്ങളിലൂടെ തെലുങ്കിലും സാന്നിധ്യം അറിയിച്ചു.

ലഭിക്കുന്ന വേഷങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടിയുള്ള അര്‍പ്പണ മനോഭാവത്തിലും മണി മാതൃകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അന്ധഗായകനെ അവതരിപ്പിക്കാന്‍ കണ്ണിന്റെ പുരികം മണിക്കൂറുകളോളം മുകളിലേക്ക് വെച്ചിരിക്കേണ്ടി വന്നതും പിന്നെ വേദനമൂലം കണ്ണ് അടയ്ക്കാന്‍ പോലും കഴിയാതിരുന്നതും ഒക്കെ മണി തന്നെ പിന്നീട് പങ്കുവെച്ചിട്ടുണ്ട്. പൂര്‍ത്തിയാക്കാത്ത ഒരു അദ്ധ്യായം പോലെ ആ മണിനാദം നിലയ്ക്കുമ്പോള്‍ മലയാള സിനിമയ്ക്ക് ഒരു തീരാനഷ്ടം തന്നെയാകും അതെന്ന് ഉറപ്പാണ്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close