മുംബൈ: ക്രിസ് ഗെയ്‍ലിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ട്വന്‍റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന് ഇംഗ്ലണ്ടിനെതിരെ ഉജ്ജ്വല ജയം.182 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് അനായാസം മറികടന്നു. ലോകകപ്പിൽ ശ്രീലങ്ക ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും.
ക്രിസ് ഗെയ്ൽ എന്ന കൂറ്റനടിക്കാരന് മുന്നിൽ ഇംഗ്ലണ്ടിന്‍റെ കൂറ്റൻ സ്കോർ തകർന്നടിഞ്ഞു മുംബൈയിൽ. 182 റൺസ് എന്ന വിജയലക്ഷ്യം കരീബീയൻ പട മറികടന്നത് 11 പന്തുകൾ ശേഷിക്കെ. ജയം ആറു വിക്കറ്റിന്. സ്കോർ രണ്ടു റൺസിലെത്തിയപ്പോൾ തന്നെ വിൻഡീസിന് ചാൾസിന്‍റെ വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ സാമുവൽസിനൊപ്പമാണ് ഗെയ്ൽ വിജയാടിത്തറ പാകിയത്. 55 റൺസ് പിറന്ന ഈ കൂട്ടുകെട്ടിൽ 37 റൺസായിരുന്നു സാമുവൽസിന്‍റെ സംഭാവന. ഇതിന് ശേഷമായിരുന്നു ഗെയ് ലിന്‍റെ ആളിക്കത്തൽ. മോയിൻ അലി എറിഞ്ഞ 14-ാം ഓവറിൽ പന്ത് നിലം തൊടാതെ അതിർത്തി കടന്നത് തുടർച്ചയായ 3 തവണ.
ഇതിനിടെ 2 വിക്കറ്റുകൾ കൂടി നഷ്ടമായെങ്കിലും ഗെയ്ൽ ടോപ് ഗിയറിൽ തന്നെ നിന്നു. നേരിട്ട 47-ാം പന്തിൽ ട്വന്‍റി 20 യിലെ തന്‍റെ രണ്ടാം സെഞ്ചുറി സ്വന്തമാക്കി.
11 സിക്സറും 5 ഫോറുമടങ്ങുന്നതായിരുന്നു ആ സെഞ്ച്വറി. തൊട്ടുപിന്നാലെ വിൻഡീസിന്‍റെ വിജയവും പിറന്നു.
നേരത്ത ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണെടുത്തത്. 36 പന്തിൽ 48 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോർ.