തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെ.എം മാണി രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെ നേരിയ സംഘര്‍ഷം. മുന്നറിയിപ്പില്ലാതെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ നോര്‍ത്ത് ഗേറ്റിന് മുന്നില്‍ ബാരിക്കേഡ് കെട്ടി പൊലീസ് തടയുകയായിരുന്നു. ബാരിക്കേഡ് നീക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതിരുന്ന പ്രവര്‍ത്തകരുടെ നേര്‍ക്ക് യാതൊരു മുന്നറിയിപ്പും ഇല്ലാതെ വീണ്ടും ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
വെള്ളം ചീറ്റിയതിന്റെ ശക്തിയില്‍ പല പ്രവര്‍ത്തകരും റോഡില്‍ വീണു. ഇതേച്ചൊല്ലിയുളള വാക്ക് തര്‍ക്കമാണ് പൊലീസും പ്രതിഷേധക്കാരും തമ്മിലുളള നേരിയ സംഘര്‍ഷത്തിന് വഴിവെച്ചത്.
ഇതിനൊടുവില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.