കൊല്‍ക്കത്ത: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനെതിരേ ത്രസിപ്പിക്കുന്ന ജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ടീം ഇന്ത്യയെ അഭിനന്ദിച്ചത്.
മഴ മൂലം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ വിരാട് കൊഹ് ലിയുടെ ഉജ്ജ്വല പ്രകടനത്തിന്റെ മികവിലായിരുന്നു ഇന്ത്യയുടെ വിജയം. കൊഹ്്‌ലി പുറത്താകാതെ 55 റണ്‍സ് എടുത്തു. ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.
ടോസ് ലഭിച്ച ഇന്ത്യ പാകിസ്ഥാനെ ആദ്യം ബാറ്റിംഗിന് അയയ്‌ക്കുകയായിരുന്നു. 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 118 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 15.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
പാക്കിസ്ഥാന്റെ പേസ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യയുടെ മുന്‍നിര ആദ്യം പതറി. സ്‌കോര്‍ ബോര്‍ഡില്‍ 23 റണ്‍സ് ചേര്‍ക്കുന്നതിനിടെ രോഹിത് ശര്‍മയും, ശിഖര്‍ ധവാനും, സുരേഷ് റെയ്‌നയും കൂടാരം കയറി. എന്നാല്‍ വിരാട് കൊഹ്‌ലിയുടേയും യുവരാജ് സിംഗിന്റെയും വീരോചിതമായ ബാറ്റിംഗ് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. വിരാട് കൊഹ്്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്.