മൊഹാലി : വിരാട് കോഹ്ലിയുടെ ത്രസിപ്പിക്കുന്ന ബാറ്റിംഗിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ച് ടി 20 ലോകകപ്പിന്റെ സെമിയിൽ കടന്നു. ആസ്ട്രേലിയ ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു . ഫോക്ക്നറെ ഡീപ് മിഡ് വിക്കറ്റിലേക്ക് ബൗണ്ടറി പായിച്ചു കൊണ്ട് നായകൻ ധോണി ഇന്ത്യയുടെ വിജയറണ്ണും സെമിയിലേക്കുള്ള ബർത്തും ഉറപ്പിച്ചു
പതിനെട്ടാമത്തെ ഓവർ ആരംഭിക്കുന്നതിനു മുൻപ് പതിനെട്ട് പന്തിൽ മുപ്പത്തൊൻപത് റൺസായിരുന്നു ഇന്ത്യയ്‌ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് . ശക്തമായ ഓസീസ് ബൗളിംഗ് നിരയ്‌ക്കെതിരെ ഒരോവറിൽ 13 റൺസ് വീതം . പതിനെട്ടാം ഓവർ എറിയാനെത്തിയത് ജെയിംസ് ഫോക്നർ . സ്ട്രൈക്ക് എൻഡിൽ 50 റൺസോടെ വിരാട് കോഹ് ലി.
ഫോക്നറുടെ സ്പിന്നിംഗ് പന്ത് ഡീപ് ബാക്വാർഡ് സ്ക്വയർലെഗ്ഗിലേക്ക് .. ഫോർ . അടുത്ത പന്തിൽ കോഹ് ലിയുടെ മനോഹരമായ സ്ക്വയർ ഡ്രൈവ് – ഫോർ . മൂന്നാമത്തെ പന്ത് ക്രീസ് വിട്ടിറങ്ങി ലോംഗോഫിലേക്ക് .. സിക്സ് . പതിനെട്ടാം ഓവർ കളിയുടെ ഗതി നിർണയിച്ച് കഴിഞ്ഞു .
കൗണ്ടർനീലിന്റെ പത്തൊൻപതാം ഓവറിൽ നാലു പന്തുകൾ ബൗണ്ടറി കടന്നതോടെ ഇന്ത്യ അനായാസം വിജയത്തിലെത്തുമെന്ന് ഉറപ്പായി . അവസാന ഓവറിൽ ഫോക്നറുടെ ആദ്യപന്തിൽ ബൗണ്ടറി നേടി നായകൻ ധോണി ചടങ്ങുകൾ പൂർത്തിയാക്കിയതോടെ ട്വെന്റി 20 ലോകകപ്പിലെ ത്രസിപ്പിക്കുന്ന ജയങ്ങളിലൊന്നാണ് ഭാരതം സ്വന്തമാക്കിയത് .
നേരത്തെ 49 റൺസിനെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ യുവരാജ് – കോഹ്ലി കൂട്ടുകെട്ടിന്റെ 45 റൺസ് പാർട്ട്ണർ ഷിപ്പാണ് കളിയിലേക്ക് തിരികെയെത്തിച്ചത് . യുവരാജിന്റെ പുറത്താകലിനു ശേഷം ധോണിയുടെ പിന്തുണയോടെ കോഹ്ലി പകർന്നാടിയപ്പോൾ ഓസ്ട്രേലിയയുടെ സ്വപ്നങ്ങൾ അസ്തമിക്കുകയായിരുന്നു . 51 പന്തിൽ 9 ഫോറുകളും 2 സിക്സറുകളുമടിച്ച് 82 റൺസെടുത്ത കോഹ്ലിയാണ് മാൻ ഓഫ് ദി മാച്ച്.
നാല് ഓവറിൽ അൻപത് കടന്ന ഓസ്ട്രേലിയയെ കൃത്യമായി പിടിച്ചു നിർത്താൻ കഴിഞ്ഞതാണ് ഇന്ത്യക്ക് തുണയായത് കൂറ്റൻ സ്കോറിലേക്കെത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും ഒടുവിൽ 160 റൺസിൽ ഓസ്ട്രേലിയ ഒതുങ്ങുകയായിരുന്നു .















