കൊൽക്കത്ത: ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അനായാസ ജയം. ഡൽഹി ഉയർത്തിയ 99 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. 35 റൺസെടുത്ത റോബിൻ ഉത്തപ്പയുടെ വിക്കറ്റാണ് കൊൽക്കത്തക്ക് നഷ്ടമായത്. നായകൻ ഗൗതം ഗംഭീർ 38 റൺസെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി 17.4 ഓവറിൽ 98 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 17 റൺസെടുത്ത ഡീ കോക്കാണ് ഡൽഹിയുടെ ടോപ് സ്കോറർ. മലയാളി താരം സഞ്ജു സാംസൺ 15 റൺസെടുത്തു. കൊൽക്കത്തക്കു വേണ്ടി ആന്ദ്രേ റസലും ബ്രാഡ് ഹോഗും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. റസലാണ് കളിയിലെ താരം.