കോട്ടയം: ജനം ടിവിയുടെ കോട്ടയം റിപ്പോര്‍ട്ടറോടും ക്യാമറാമാനോടും അപമര്യാതയായി പെരുമാറിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നടപടിയില്‍ കെ യു ഡബ്യു ജെ കോട്ടയം ജില്ലാ നേതൃത്വം പ്രതിഷേധം അറിയിച്ചു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള രാഷ്ട്രീയ നേതാക്കളുടെ കടന്നുകയറ്റം അനുവദിക്കില്ലെന്നും, നേതാക്കള്‍ പക്വത കാണിക്കണമെന്നും കോട്ടയം പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ധിക്കാരപരമായ പെരുമാറ്റത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കാനാനാണ് കെ യു ഡബ്യു ജെ കോട്ടയം ജില്ലാ കമ്മറ്റി യോഗം വിളിച്ചുചേര്‍ത്തത്. അച്ചടി, ദൃശ്യ മാധ്യമരംഗത്തെ നിരവധി പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്ത് മന്ത്രിയുടെ പെരുമാറ്റത്തില്‍ പ്രതിഷേധം അറിയിച്ചു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കടന്നാക്രമണത്തെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും, മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് രാഷ്ടീയ പ്രവര്‍ത്തകര്‍ പക്വതയോടെ മറുപടി നല്‍കണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അറിയിച്ചു. പ്രവര്‍ത്തകരെക്കൊണ്ട് ക്യാമറ ബലമായി വാങ്ങിപ്പിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ നശിപ്പിച്ച നടപടി വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് യോഗം വിലയിരുത്തി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാവിനൊപ്പം എന്ന പരിപാടി ചിത്രീകരിക്കുന്നതിനായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അനുമതിയോടെ വാര്‍ത്താസംഘം കഴിഞ്ഞ ശനിയാഴ്ച മന്ത്രിയുടെ വീട്ടിലെത്തിയത്. ചോദ്യം ഇഷ്ടപ്പെടാതെ വന്നപ്പോള്‍ റിപ്പോര്‍ട്ടറോടും ക്യാമറാമാനോടും അപമര്യാദയായി സംസാരിക്കുകയും പ്രവര്‍ത്തകരെ ഉപയോഗിച്ച് ദൃശ്യങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ് മനോജ്, സെക്രട്ടറി ഷാലു മാത്യു, ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ തുടങ്ങിയവര്‍ യോഗത്തിന് നേതൃത്വം നല്കി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചു.