KeralaSpecial

പൂരത്തിനൊപ്പം പൂരം മാത്രം, ‘മ്മടെ തൃശ്ശൂര് പൂരം…’

പൂരങ്ങളുടെ പൂരം, ഘോഷങ്ങളുടെ ഘോഷം… ഇങ്ങനെ തൃശ്ശൂരിനെ, കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാക്കിയ തൃശ്ശൂർ പൂരത്തിന് വിശേഷണങ്ങളേറെയാണ്. 200 വർഷത്തോളം പഴക്കമുളള,  ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച മലയാളിയുടെ കലാമാമാങ്കത്തിന്റെ വർണ്ണവും, വിശേഷവും, വിശേഷണങ്ങളും, ലഹരിയും പറഞ്ഞാൽ തീരാത്തത്രയുണ്ട്. ഇതൊരു ജനതയൊന്നാകെ, ജാതി-മത-വർണ്ണ-വർഗ്ഗ-രാഷ്ട്രീയഭേദമെന്യേ നെഞ്ചേറ്റിയ നമ്മുടെ നാടിന്റെ സാംസ്കാരികപ്പൊലിമയാണ്. ഭക്തിയും, കലയും സമ്മേളിക്കുന്ന, ആചാരപരതയുടെയും അനുഷ്ഠാനത്തിന്റെയും സമ്മേളനമാണ്.

കേരളത്തിനുളളിൽ മാത്രമല്ല, ലോകം മുഴുവൻ ശ്രദ്ധയാകർഷിച്ച തൃശ്ശൂർ പൂരം, മികവിന്റെ തികവു കൂടിയാണ്. ഏറ്റവും മികച്ച കൊമ്പൻമാർ, ഏറ്റവും മികച്ച മേളക്കാർ; അവരിലേറ്റവും മികച്ച കലാകാരന്റെ പ്രാമാണിത്വം, തികവുറ്റ കലാകാരന്മാർ ഒരുക്കുന്ന ചമയങ്ങൾ, വർണ്ണാഭമായ കുടമാറ്റം, ആകാശത്ത് വർണ്ണങ്ങളാൽ കാവ്യം ചമയ്ക്കുന്ന കരിമരുന്നു പ്രയോഗം ഇങ്ങനെ കേരളത്തിന്റെ സാംസ്കാരിക മുഖത്തിന് മനയോലയെഴുതുന്ന, പൂരത്തിന്റെ നിറക്കൂട്ടുകൾ നിരവധിയാണ്!

കേരളത്തിന്റെ നാനാഭാഗത്തു നിന്നും കൂടാതെ, ഭാരതത്തിന്റെ, ലോകത്തിന്റെ തന്നെ പല കോണുകളിൽ നിന്നും വിനോദസഞ്ചാരികളും, കലാസ്വാദകരുമടക്കം പൂരം കാണാൻ തൃശ്ശിവപേരൂരിൽ; വടക്കുംനാഥന്റെ മണ്ണിൽ എത്തിച്ചേരുന്നു. ഇലഞ്ഞിത്തറ മേളം ഉച്ചസ്ഥായിയിലെത്തുമ്പോൾ, മേളത്തിനൊപ്പം കയ്യുയർത്തി താളമിടുന്ന അനുവാചകസഹസ്രങ്ങൾ പോലും ഈ കലാസംഗമത്തിന്റെ ഒഴിവാക്കാനാവാത്ത കണ്ണി തന്നെയാണ്. കലയും, കലാകാരനും, കലാസ്വാദകനുമെല്ലാം സാക്ഷാൽ ലയങ്കരന്റെ തിരുസന്നിധിയിൽ ഒന്നായങ്ങനെ ലയിച്ചു നിൽക്കും.

അറുപത്തിനാലു കലകൾക്കും അധിപനാണു ശിവൻ!, സാക്ഷാൽ നടരാജമൂർത്തി!. പ്രപഞ്ചത്തിന്റെ ചലനാത്മകതയ്ക്കു നിദാനമാകുന്ന പ്രണവസ്വരൂപൻ. ഓംകാരമാകുന്ന ശബ്ദവും, സൂക്ഷ്മതത്വത്തിന്റെ സാകാരഭാവമായ പ്രപഞ്ചവും, സാമഗാനപ്രിയനായ ശിവൻ തന്നെ. ആ വടക്കും‌നാഥന്റെ തിരുമുൻപിലെ കലാ നൈവേദ്യം സമ്പൂർണ്ണമാവാതിരിക്കുന്നതെങ്ങനെ? തൃശ്ശൂർ പൂരത്തിന്റെ സമ്പൂർണ്ണതയെയും, കലാസുഭഗതയെയും അദ്വിതീയമാക്കുന്നത് ഒരു പക്ഷേ ഇതൊക്കെയാവാം.

മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശ്ശൂർപൂരം അരങ്ങേറുക. അർദ്ധരാത്രിയിൽ ഉത്രം നക്ഷത്രം ഉദിക്കുന്നതിന്റെ തലേന്ന്. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ ഗജരത്നങ്ങൾ തിടമ്പേറ്റി അഭിമുഖമായി നിന്നു കൊണ്ട്, കുടമാറ്റവും, ഇലഞ്ഞിത്തറ മേളവും അങ്ങനെ കണ്ണും കാതും – താളവും, വർണ്ണവും- സമഞ്ജസമായൊരുക്കുന്ന ദൃശ്യ-ശ്രാവ്യ വിരുന്നു തന്നെയാകുന്നു പൂരം.

സൗഹാർദ്ദത്തിന്റെ ഊഷ്മളാന്തരീക്ഷത്തിൽ വിരിയുന്ന കലാമത്സരത്തിന് ദേവനും, ദേവിയും (പ്രകൃതിയും, പുരുഷനും) സാക്ഷ്യം വഹിക്കുന്നു. ജയ-പരാജയങ്ങളില്ല! ആദിപരാശക്തിയുടേയും ആദ്യന്തഹീനന്റെയും തിരുമുൻപിൽ എല്ലാവരും ജയിക്കുന്നു. ഈ സമദർശിത്വം ഈശ്വരനല്ലാതെ മറ്റാർക്കു കഴിയും?

തിരുവമ്പാടി ഭഗവതിയുടെ പുറപ്പാട്, മഠത്തിൽ വരവ്, പൂരപ്പുറപ്പാട്, ചെമ്പടമേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, ഭഗവതിമാരുടെ കൂടിക്കാഴ്ച്ച, കുടമാറ്റം, പകൽപ്പൂരം, ഉപചാരം ചൊല്ലിപ്പിരിയൽ എന്ന ഭൗതികതയും, ആത്മീയതയും അതിന്റെ ഏറ്റവും ശുദ്ധവും, ഉദാത്തവുമായ തലത്തിൽ ഒന്നായി അദ്വൈതരൂപം പ്രാപിക്കുന്ന ചടങ്ങ് ഇങ്ങനെ പൂരത്തിന്റെ വൈവിദ്ധ്യങ്ങൾ എണ്ണിയാലൊടുങ്ങില്ല.

ഇതൊരു നാടിന്റെ സാംസ്കാരികവും, വൈകാരികവുമായ മഹോത്സവമാണ്. അതിന്റെ സമ്പന്നതയ്ക്കു കാവൽ നിൽക്കുന്നത് ദൈവീകതയാണ്. അതു കൊണ്ടു തന്നെ അതു കാലാതിവർത്തിയും, നിസ്സാരന്മാരായ മനുഷ്യരുടെ കുത്സിതബുദ്ധിക്ക് തകർക്കാൻ കഴിയാത്തതുമായ ഒരുമയുടെ, നന്മയുടെ, കലയുടെ, കാലത്തിന്റെ മഹാകാവ്യമാണ്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close