Columns

സി കെ ജാനു കേരള രാഷ്ട്രീയത്തെ മാറ്റിമറിക്കുമ്പോൾ..

ബിനോയ് അശോകൻ ചാലക്കുടി


..
ഇക്കഴിഞ്ഞ ഏപ്രിൽ 10ലെ വാർത്താ തലക്കെട്ടുകൾ മുഴുവൻ കേരളത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തെ കുറിച്ചായിരുന്നു. ആ കോലാഹലത്തിനിടയിൽ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു വാർത്തയുണ്ടായിരുന്നു, രാഷ്ട്രീയ കേരളത്തെ പിടിച്ചുലക്കാൻ പോന്ന മറ്റൊരു വാർത്ത. കേരളത്തിലെ ആദിവാസി ഗോത്ര മഹാസഭ തങ്ങളുടെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ബിജെപി മുന്നണിയുടെ ഭാഗമായി മത്സരിക്കാൻ തീരുമാനിച്ച വാർത്തയായിരുന്നു അത് .

ഇനിയങ്ങോട്ടുള്ള കേരള രാഷ്ട്രീയം ഏത് ദിശയിലായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ആദിവാസി ഗോത്ര മഹാസഭയുടെ എൻ.ഡി.എ പ്രവേശനം.  ന്യുനപക്ഷ വോട്ട് ബാങ്കുകളാൽ നിയന്ത്രിക്കപ്പെടുന്ന കേരള രാഷ്ട്രീയത്തിൽ കടന്നുകയറാൻ ഇത്തവണ ബിജെപി പരീക്ഷിക്കുന്നത് ഒരു പുതിയ സോഷ്യൽ എഞ്ചിനീയറിംഗ് ആണ്. കാലാകാലങ്ങളായി ചിതറിക്കിടക്കുന്ന ഹൈന്ദവ വോട്ടുകൾ ഏകീകരിച്ച് തങ്ങൾക്കനുകൂലമായ പുതിയൊരു വോട്ട് ബാങ്ക് സൃഷ്ടിക്കുക എന്ന ആ പ്രക്രിയയിലെ ആദ്യ പടിയായിരുന്നു ബി.ഡി.ജെ.എസ്സിന്റെ രൂപീകരണം.

ജാതി-വർണ വ്യത്യാസമില്ലാതെ സകല ഹൈന്ദവ സംഘടനകളേയും രാഷ്ട്രീയമായി ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ച ആ പദ്ധതിയിലെ മറ്റൊരു തന്ത്രപരമായ വിജയമായി മാറുകയായിരുന്നു ആദിവാസി ഗോത്ര മഹാസഭ എൻ.ഡി.എയിൽ ചേർന്നത്‌. ‘ജനാധിപത്യ രാഷ്ട്രീയ സഭ (ജെ.ആർ.എസ്) ’ എന്ന ആദിവാസി ഗോത്ര മഹാസഭയുടെ രാഷ്ട്രീയ പാർടി മുത്തങ്ങ സമര നായിക സി.കെ ജാനുവിന്റെ നേതൃത്വത്തിൽ എൻ.ഡി.എയുടെ ഭാഗമാവുകയായിരുന്നു.
സി.കെ ജാനു എന്ന വ്യക്തി ഒറ്റയ്ക്ക് ബിജെപിയിലോ ബി.ഡി.ജെ.എസ്സിലോ ചേരുകയായിരുന്നില്ല. മറിച്ച് സമൂഹത്തിൽ ഏറ്റവും അധികം  പാർശ്വവൽക്കരിക്കപ്പെട്ട , ഏറ്റവും അതികം അവഗണന നേരിടുന്ന ആദിവാസി സമൂഹം അവരുടെ കൂട്ടായ്മയായ ആദിവാസി ഗോത്ര മഹാസഭയിലൂടെ സ്വന്തം രാഷ്ട്രീയ പാർടി രൂപീകരിച്ച് ഭാരതീയ ജനതാ പാർടി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിൽ (NDA) അംഗമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങാൻ തീരുമാനിക്കുകയായിരുന്നു എന്നിടത്താണ് ഈ നീക്കത്തിന്റെ രാഷ്ട്രീയ, സാമൂഹിക പ്രാധാന്യം വെളിപ്പെടുന്നത്.

ബിജെപി ഒരു സവർണ പാർട്ടിയാണെന്നും, പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും അവർ എതിരാണെന്നും, ബിജെപിയോട് കേരള സമൂഹത്തിന് തൊട്ടുകൂടായ്മയാണെന്നും ഉള്ള ശക്തമായ പ്രചാരണങ്ങൾ പൊളിച്ചടുക്കുകയാണ് നമ്പൂതിരി മുതൽ നായാടി വരെയുള്ളവരുടെ സഖ്യം സാധ്യമാക്കുന്നതിലൂടെ ബിജെപിക്ക് കഴിഞ്ഞിരിക്കുന്നത്. അതിന് അടിവരയിടാൻ കൂടി വേണ്ടിയാണ് ശ്രീശാന്തിനേയും, ഭീമൻ രഘുവിനേയും, രാജസേനനേയും, അലി അക്ബറിനെയും, ബാദുഷ തങ്ങളെയും പോലുള്ള വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യതിത്വങ്ങളെ താമരക്ക് കീഴിൽ അണിനിരത്തുന്നതും.

കേരളത്തിലെ ആദിവാസി സമൂഹത്തെ എന്നും വെറും വോട്ട് ബാങ്ക് മാത്രമായി കണ്ട് അവരെ തുടർച്ചയായി വഞ്ചിച്ചു കൊണ്ടിരുന്ന ഇടത്-വലത് മുന്നണികൾക്ക് പുറത്ത് പുതിയൊരു അവസരം തേടുകയാണ് ബിജെപി നയിക്കുന്ന എൻ.ഡി.എ മുന്നണിയിൽ ചേരുന്നതിലൂടെ തങ്ങൾ ചെയ്യുന്നതെന്ന് സി.കെ ജാനു പറയുമ്പോൾ അത് അവരുടെ മാത്രം അല്ല മറിച്ച് അയ്യഞ്ച് വർഷം കൂടുമ്പോൾ മാറി മാറി ഭരിച്ച് കട്ട് മുടിക്കുന്ന യു.ഡി.എഫിന്റെയും കൊലപാതക രാഷ്ട്രീയം മാത്രം കൈമുതലായുള്ള എൽ.ഡി.എഫിന്റെയും കൂട്ട്കച്ചവടത്തിന് പുറത്ത് പുതിയൊരു സാധ്യത ആരായുന്ന കേരളത്തിന്റെ മൊത്തം പൊതു ശബ്ദമായി മാറുകയാണ് .
വയനാട്ടിലെ അവരുടെ ആദിവാസി ഊരുകളിൽ ചർച്ച നടത്തി ഭൂരിപക്ഷ അഭിപ്രായപ്രകാരം എടുത്ത ഈ തീരുമാനം ഗീതാനന്തനെപോലുള്ള ആദിവാസി ഗോത്ര മഹാസഭയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിനെ മറികടന്നുള്ളതാണ്.

‘ഗോത്ര മഹാസഭയിലെ അംഗങ്ങളെല്ലാം മത്സരത്തിനിറങ്ങണമെന്ന അഭിപ്രായക്കാരാണ്. അധികാരത്തിന്റെ ഭാഗമാകണമെന്ന് അവർക്കുണ്ട്. ഒരാൾപോലും എതിർത്തിട്ടില്ല. എൻ. ഡി.എ യുടെ ഭാഗമാകാൻ തീരുമാനിക്കുന്നതോടെ ഇതുവരെ കൂടെയുണ്ടായിരുന്ന ചിലർ പിരിഞ്ഞുപോവാൻ ഇടയുണ്ട്. അവരുടെ പ്രീതി നിലനിർത്തി അങ്ങനെ കഴിഞ്ഞാൽ പോരേയെന്നാണ് ചിലരുടെ അഭിപ്രായം. സ്ഥാനാർത്ഥിയായാൽ വളഞ്ഞിട്ട് അക്രമിക്കുമെന്ന് ഉറപ്പാണ്. ഇതുവരെ പിന്തുണച്ചവരിൽ ചിലരും ഇക്കൂട്ടത്തിൽ ഉണ്ടാകും.’ ജാനു പറയുന്നു.

‘പത്തിരുപത്തഞ്ച് വർഷത്തെ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത മാന്യതയും അംഗീകാരവും ഗോത്ര മഹാസഭക്കുണ്ടെങ്കിലും ആദിവാസികളുടെ ജീവിതത്തിൽ ഇന്നും കാര്യമായ മാറ്റമൊന്നുമുണ്ടാകുന്നില്ല. അവരുടെ ജീവിതം പഴയതിനേക്കാൾ കഷ്ടമാണ്. അധികാരമില്ലാതെ അവരുടെ ജീവിതത്തെ സ്പർശിക്കാനാവില്ല. അവർക്ക് എന്തെങ്കിലും നൽകണമെങ്കിൽ അധികാരം വേണം. മാറിനിന്നിട്ടു കാര്യമില്ല. സമരം ചെയ്താൽ മാത്രമേ ഇപ്പോൾ ആദിവാസികളോട് അധികാരികൾ മിണ്ടൂ. ഇടത്-വലത് മുന്നണികൾ ആദിവാസികളെ പരിഗണിച്ചിട്ടേ ഇല്ല. ഓരോരുത്തരുടെയും പാർട്ടിയിൽ ചേർന്ന് അവരുടെ ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് രാഷ്ട്രീയക്കാരുടെ ആവശ്യം.

ആദിവാസികളെ അവർക്ക് വേണ്ട. ആദിവാസികളുടെ കൂട്ടായ്മയെ അവര് കാണുന്നില്ല. ഒരു മുന്നണിയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ഒരിക്കൽ പോലും മുന്നണികൾ ആദിവാസി ഗോത്ര മഹാസഭയെ അവരുടെ കൂടെ നിർത്താൻ ശ്രമിച്ചിട്ടില്ല. സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വർഷമാകുന്നു. ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആദിവാസികളുടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി 2001ൽ സെക്രട്ടറിയേറ്റിന് മുന്നില് കുടിൽ കെട്ടി സമരം നടത്തി. ഒത്തുതീർപ്പിൽ അംഗീകരിക്കപ്പെട്ട വ്യവസ്ഥകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സമരം ചെയ്യേണ്ടി വന്നു. മുത്തങ്ങ സമരത്തിനു ശേഷം നിൽപ്പ് സമരം വന്നു. ഈ സമരം അവസാനിപ്പിച്ച് തയ്യാറാക്കിയ വ്യവസ്ഥകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാളെ വീണ്ടും സമരം ചെയ്യേണ്ടി വരും. രണ്ട് മുന്നണികളും ഇക്കാര്യത്തിൽ ഒരുപോലെയാണ്’, സി.കെ ജാനു പറഞ്ഞു.

അങ്ങ് ഉത്തരേന്ത്യയിലെ, വാസ്തവമോണോയെന്ന് പോലും ഉറപ്പില്ലാത്ത ദളിത്-ആദിവാസി പീഡന വാർത്തകളിൽ മുതലാക്കണ്ണീരോഴുക്കുന്നവരാണല്ലോ കേരളത്തിലെ ഇടത്-വലത് നേതാക്കൾ. എന്നാൽ ഇവിടെ കേരളത്തിൽ അവരുടെ തന്നെ മണ്ഡലങ്ങളിൽപെട്ട സ്ഥലങ്ങളിൽ പോലും ആദിവാസിക്കുഞ്ഞുങ്ങൾ മാലിന്യം ഭക്ഷിച്ച് വിശപ്പടക്കുന്നതിന്റെയും, ആത്മഹത്യകളുടെയും, ദളിത് പീഡനങ്ങളുടെയും വാർത്തകൾ നിത്യവും നമ്മൾ കാണുന്നു. എത്ര നിർദാക്ഷീണ്യമാണ് ഇരു മുന്നണികളും കേരളത്തിൽ ഇവരെ അവഗണിച്ചതെന്ന് നമ്മൾ മനസിലാക്കുന്നു. അതേസമയം സംഘടിത സമ്മർദ സംഘങ്ങളായ കുടിയേറ്റ, ക്രിസ്ത്യൻ സഭകളുടെ ആവശ്യങ്ങളോട് ഇതേ മുന്നണികൾ എത്ര കാര്യക്ഷമമായാണ് പ്രതികരിക്കുന്നതെന്നതെന്നും നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി ലോക്സഭ മണ്ഡലത്തിൽ അവരുടെ ഒരു സ്ഥാനാർഥിയെ നിർത്തി ജയിപ്പിക്കാൻ പോലും ഒരു മുന്നണി തയ്യാറായപ്പോഴാണ്, മരിച്ചാൽ കുഴിച്ചിടാൻ ഒരിത്തിരി മണ്ണിന് പോലും ആദിവാസികൾക്ക് സമരം ചെയ്യേണ്ടി വരുന്നത്. കേരളത്തിലെ ഇടത്-വലത് മുന്നണികളുടെ ദളിത്‌-ആദിവാസി പ്രേമം കേന്ദ്രത്തിലെ നരേന്ദ്രമോഡി സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമായി പ്രയോഗിക്കാൻ കഴിയുന്ന ഉത്തർപ്രദേശിലെയും ഹൈദരാബാദിലെയും ചില പ്രത്യേകം ദളിത് വിഷയങ്ങളിൽ മാത്രം ആയി ചുരുങ്ങിയപ്പോഴാണ് കേരളത്തിലെ പ്രമുഖ ദളിത്-ആദിവാസി സംഘടനകളായ കെ.പി.എം.എസ്സും(കേരള പുലയ മഹാസഭ) ആദിവാസി ഗോത്ര മഹാസഭയും ബിജെപിക്കൊപ്പം ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടാൻ നിർബന്ധിതരാവുന്നത് എന്ന് നമുക്ക് കാണാം.

എസ്.എൻ.ഡി.പി, യോഗക്ഷേമസഭ, കെ.പി.എം.എസ്, കെ.എസ്.എസ്, പാണർ സമാജം, പട്ടികജാതി/വർഗ കോർഡിനേഷൻ കമ്മിറ്റി, മലബാർ നായർ സമാജം എന്നിങ്ങനെ അക്ഷരാർത്ഥത്തിൽ നമ്പൂതിരി മുതൽ നായാടി വരെയുള്ള ഹിന്ദു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ബി.ഡി.ജെ.എസ്സും, മുത്തങ്ങ സമര നായിക സികെ ജാനു നയിക്കുന്ന ആദിവാസി ഗോത്ര മഹാസഭയുടെ ജനാധിപത്യ രാഷ്ട്രീയസഭയും , നിലക്കൽ-ആറന്മുള സമര വിജയങ്ങളുടെ അമരക്കാരനായിരുന്ന കുമ്മനം രാജശേഖരൻ എന്ന ജനകീയ നേതാവ് നയിക്കുന്ന ബിജെപിയും മുഖ്യ കക്ഷികളാവുന്ന ഒരു പുതിയ എൻ.ഡി.എ.

ആ ദേശിയ ജനാധിപത്യ സഖ്യത്തിൽ(NDA) പിസി തോമസിന്റെയും നോബിൾ മാത്യുവിന്റെയും നേതൃത്വത്തിലുള്ള രണ്ടു കേരള കോൺഗ്രസ് വിഭാഗങ്ങളും, പ്രൊഫ. എ.വി. താമരാക്ഷന്റെ ആർഎസ്പി(ബി)യും ചേരുന്നതോടെ ലക്ഷണമൊത്ത ഒരു മൂന്നാം മുന്നണിയാണ് കേരളത്തിൽ ഉദയം ചെയ്തിരിക്കുന്നതെന്നു കാണാൻ കഴിയും. എൽ.ഡി.എഫിലും യു.ഡി.എഫിലും പ്രധാനപ്പെട്ട ഒന്നോ രണ്ടോ ഘടക കക്ഷികൾ കഴിഞ്ഞാൽ മറ്റെല്ലാം ഈർക്കിൽ പാർടികൾ തന്നെയാണല്ലോ. ഈ പുതു ബദലിന്റെ പ്രഥമ പരീക്ഷണ വേദിയാവുകയാണ് ഈ വർഷം മെയ്‌ മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.

ദേശിയ രാഷ്ട്രീയം തന്നെ ചങ്കിടിപ്പോടെ കാത്തിരിക്കുകയാണ്. കേരള രാഷ്ട്രീയം രണ്ട് സംഘടിത ന്യുനപക്ഷ വോട്ട്ബാങ്കുകളുടെ പിടിയിലമർന്ന സ്ഥിതിയിൽ ഒരു മാറ്റമുണ്ടാക്കാനായുള്ള കുമ്മനം-അമിത്ഷാ-മോഡി ത്രയത്തിന്റെ തന്ത്രങ്ങൾ വിജയം കാണുമോ എന്ന്, പഞ്ചായത്തുകളും കോർപറേഷനുകളും കടന്നു അവസാനം കേരള നിയമസഭയിലും ഹരിത കുങ്കുമ നിറം  പരക്കുമോ എന്ന്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close