Health

വേനലിൽ ആരോഗ്യസംരക്ഷണത്തിന് മുൻതൂക്കം കൊടുക്കാം

കൊടും ചൂടിൽ വരണ്ടു വലയുകയാണ് കേരളത്തിന്റെ പല പ്രദേശങ്ങളും. കുടിവെളളം   കിട്ടാക്കനികാകുന്ന അവസ്ഥയിൽ പലരും ചൂടിനെ പ്രതിരോധിക്കാൻ സോഫ്റ്റ് ഡ്രിംഗ്സുകളെയും, മറ്റു സംസ്കരിക്കപ്പെട്ട പദാർത്ഥങ്ങളെയും ആശ്രയിക്കുകയാണ്. ഇത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. ചൂടുകാലത്ത് ശരീരത്തിനു തണുപ്പു നൽകുന്നതേക്കുറിച്ച് അൽപ്പം ചിന്തയാവാം.

ശരീരത്തിന്റെ സ്വാഭാവികമായ പ്രവർത്തനത്തിന് ശുദ്ധജലം അത്യാവശ്യമാണ്. വർദ്ധിച്ച ചൂടിൽ ധാരാളം ശുദ്ധജലം കുടിക്കേണ്ടതുണ്ട്. പ്രകൃതിദത്തമായ ശുദ്ധജലത്തോടൊപ്പം, പുതിനയില, മല്ലിയില തുടങ്ങിയവ ചേർത്തും, സംഭാരം, ഇളനീർ തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങളും കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കണം.

ധാരാളം നാരും, ഫൈബറും, വിറ്റാമിനുകളും അടങ്ങിയ തണ്ണിമത്തൻ ചൂടുകാലത്ത് വളരെ സഹായകമാണ്. ശരീരത്തിൽ ദീർഘനേരം തണുപ്പ് നിലനിർത്താൻ തണ്ണിമത്തൻ സഹായിക്കുന്നു. അതിമധുരവും, അമിതമായ നിറവുമുളള   തണ്ണിമത്തൻ ഉപയോഗിക്കാതിരിക്കുകയാവും നല്ലത്. നിറവും മധുരവും വർദ്ധിപ്പിക്കാൻ രാസവസ്തുക്കൾ കുത്തി വച്ച് തണ്ണിമത്തൻ വിപണിയിലെത്താറുണ്ട്.

ഇളനീർ, ധാരാളം വിറ്റാമിനുകൾ പ്രദാനം ചെയ്യുന്നതോടൊപ്പം, ദഹനത്തിനും, കരളിന്റെയും, കിഡ്നിയുടെയും പ്രവർത്തനത്തിനും സഹായകമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവിനെയും ഇത് നിയന്ത്രിക്കും. ചൂടു കാരണവും, വയറിളക്കം പോലെയുള്ള രോഗങ്ങൾ കാരണവും, മദ്യപാനം തുടങ്ങിയവ മൂലവുമുണ്ടാകുന്ന ശരീരത്തിലെ അമിതജലനഷ്ടം നിയന്ത്രിക്കാൻ ഉത്തമമാണ് ഇളനീരെന്നതിലുപരി നേരിട്ട് മായം കലർത്താൻ കഴിയില്ലെന്നതും ഇളനീരിനെ കൂടുതൽ സ്വീകാര്യമാക്കുന്നുണ്ട്.

ചൂടുകാലത്ത് ധാരാളം പഴവർഗ്ഗങ്ങളും, തണുപ്പു നൽകുന്ന പച്ചക്കറികളും ആഹാരത്തിലുൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. പപ്പായ, വാഴപ്പഴം, ആപ്പിൾ, ഓറഞ്ച് വെളളരിക്ക, കുക്കുംബർ, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവ ശരീരത്തിനു തണുപ്പു നൽകുന്നതോടൊപ്പം വിറ്റാമിനുകളുടെ കലവറ കൂടിയാണ്. കഴിവതും ജൈവകൃഷിരീതിയിലൂടെ ഉത്പാദിപ്പിച്ച പച്ചക്കറികൾ തെരഞ്ഞെടുക്കാൻ ശ്രമിക്കണം. ഏതു പച്ചക്കറിയായാലും, ഇന്നത്തെ സാഹചര്യത്തിൽ പുറം തൊലി നീക്കം ചെയ്തു മാത്രമുപയോഗിക്കുന്നതാണ് പാകം ചെയ്യാതെ ഉപയോഗിക്കുമ്പോൾ സുരക്ഷിതം. ഇവയിൽ പ്രയോഗിച്ചേക്കാവുന്ന മാരക വിഷങ്ങൾ, പോളീഷുകൾ, നിറങ്ങൾ ഇവയിൽ നിന്നു രക്ഷ നേടാനാണിത്.

മുന്തിരി ചൂടുകാലത്ത് വളരെ പ്രയോജനപ്രദമാണെങ്കിലും കഴിവതും ഒഴിവാക്കുന്നതു തന്നെയാണ് ഉത്തമം. മുന്തിരിയിൽ പ്രയോഗിക്കുന്ന മാരകമായ വിഷവസ്തുക്കൾ തന്നെയാണ് വില്ലൻ. തൊലി നീക്കം ചെയ്താലും കട്ടി കുറഞ്ഞ പുറം തൊലിയിൽ നിന്നും അകത്തേക്കു കടന്നേക്കാവുന്ന മാരക വിഷങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം.

ചൂടിനെ പ്രതിരോധിക്കാൻ തണുത്ത ബിയറും, തെങ്ങിൻ കളളും   ഒക്കെ ആശ്രയമാക്കുന്ന നിരവധി പേരുണ്ട്. തികഞ്ഞ അജ്ഞതയാണിതിനു കാരണം. തണുപ്പിച്ച ബിയറാണെങ്കിൽ പോലും, അതു ശരീരത്തിനു നൽകുന്നത് ചൂടാണ്. ബിയർ ഉഷ്ണഗുണമുളള   വസ്തുവാണ്. ബിയറിൽ അടങ്ങിയിരിക്കുന്ന ഗ്ലിസറിനും, കൊഴുപ്പുകളുമെല്ലാം ചൂടുകാലത്ത് ശരീരത്തെ കൂടുതലായി ആക്രമിക്കും. വമ്പിച്ച ജലനഷ്ടമുണ്ടാക്കുകയും ചെയ്യും. മാത്രമല്ല, മദ്യം കഴിച്ച് വയർ നിറയ്ക്കുന്നവർ ശരീരത്തിന് അത്യാവശ്യമായ ശുദ്ധജലം കുടിക്കാതിരിക്കുക വഴി ശരീരത്തിന് സ്ഥിരമായ കേടുപാടുകൾ ക്ഷണിച്ചു വരുത്തുകയാകും ചെയ്യുകയെന്നും ഡോക്ടർമാർ മുന്നറിയിപ്പു തരുന്നു.

കഴിവതും സൂര്യപ്രകാശം നേരിട്ടേൽക്കാൻ ഇടവരാതെ തന്നെ നോക്കണം. കുട്ടികളെ അവർ ആവശ്യപ്പെട്ടില്ലെങ്കിലും ശുദ്ധജലം ധാരാളം കുടിക്കാൻ പ്രേരിപ്പിക്കണം. ഐസ്ക്രീം പോലെയുളള   വസ്തുക്കളും, കോള പോലെയുളള   ശീതളപാനീയങ്ങളും ചൂടു ഗുണമുള്ളവയും ആരോഗ്യത്തിനു ഹാനികരവുമാണെന്ന് നാം സദാ ബോധവാന്മാരാവേണ്ടതുണ്ട്.

വേനൽക്കാലം ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധയൂന്നിയുള്ളതാവട്ടെ.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close