Special

രായമംഗലം: ഭരണകൂട ഉദാസീനതയുടെ നേർസാക്ഷ്യം

പെരുമ്പാവൂർ: ജിഷയുടെ കൊലപാതകം അശാന്തമാക്കിയ പെരുമ്പാവൂരിലെ രായമംഗലം, ആറു പതിറ്റാണ്ടുകളുടെ ഭരണകൂട ഉദാസീനതയുടെയും, കുറ്റകരമായ അവഗണനയുടെയും ദുരന്തസാക്ഷ്യമാണ്. അവിടത്തെ ജനജീവിതത്തിന്റെ നേർസാക്ഷ്യങ്ങൾ സമൂഹമനഃസ്സാക്ഷിക്കു മുൻപിൽ ഉയർത്തുന്ന ചോദ്യങ്ങൾക്കു മുൻപിൽ പകച്ചു നിൽക്കുകയാണ് വികസനക്കുതിപ്പിന്റെ വിപ്ലവം കേട്ടു മടുത്ത സാംസ്കാരിക കേരളം.06

ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ കൂരകൾ. വൃദ്ധാവസ്ഥയിലും അർഹമായ യാതൊരു അവകാശങ്ങളോ, ആനുകൂല്യങ്ങളോ ലഭിക്കാതെ കഴിയുന്ന നിരവധി അശരണർ. അവരുടെ വിശപ്പിന്റെ കഥകൾ. അവഗണനയുടെ നീണ്ടകഥകൾ കണ്ണീർ പടർത്തി, ചുളിവു വീഴ്ത്തിയ ദൈന്യമായ മുഖങ്ങളിലെ നിസ്സഹായ നോട്ടങ്ങൾ!

03

ഒരിറ്റു കുടിനീരിനായി കേഴേണ്ട അവസ്ഥ. അയലത്തെ മാവിൽ നിന്നും ഒരു മാങ്ങയെങ്ങാൻ പൊഴിഞ്ഞാൽ അതു കഴിച്ചു വിശപ്പു മാറ്റാമെന്നു കൊതിക്കുന്ന വൃദ്ധരായ അമ്മമാരുണ്ടവിടെ. അടച്ചുറപ്പില്ലാത്ത നിരവധി കൂരകളിൽ അശാന്തരായുണർന്നിരിക്കുന്ന നിരവധി ജിഷമാരുണ്ടവിടെ. തീരാദുരിതത്തിന്റെ പടുകുഴിയിൽ സഹായത്തിന്റെ ഒരു തിരിവെട്ടം കാണാതെ കഴിയുന്ന നിരാലംബരുടെ ഗ്രാമം, സി.പി.എം എന്ന വിപ്ലവപ്പാർട്ടി ഭരിക്കുന്ന കേരളത്തിലെ കണ്ണീർഗ്രാമം. അതാണ് രായമംഗലം. സാജു പോൾ എന്ന തൊഴിലാളിവർഗ്ഗപ്പാർട്ടി നേതാവ് പ്രതിനിധീകരിക്കുന്ന പെരുമ്പാവൂരിലെ ഗ്രാമം!

07

അടച്ചുറപ്പുളള   ഒരു വീടിനായി മുട്ടാത്ത വാതിലുകളില്ലെന്ന് ഈ ഗ്രാമവാസികൾ സാക്ഷ്യപ്പെടുത്തുന്നു. കൂലിപ്പണി ചെയ്തു ജീവിക്കുന്ന, അടിസ്ഥാന വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട ഗ്രാമവാസികൾക്കു മുൻപിൽ, എന്തെന്നോ, ഏതെന്നോ, എന്തിനെന്നോ അറിയാത്ത സർട്ടിഫിക്കറ്റുകളുടെ നീണ്ട നിര ആവശ്യപ്പെട്ടു കൊണ്ട് മുഖം തിരിക്കുന്ന അധികാരിവർഗ്ഗം ഒരേ സമയം ഇവിടെ ഈ ദുരന്തക്കാഴ്ചകളുടെ ആവിഷ്കർത്താക്കളും, കാഴ്ചക്കാരുമാകുന്നു.

04

ബീഹാറിലെയും, ഗുജറാത്തിലെയും ദളിതരെക്കുറിച്ചു വ്യാകുലപ്പെടുന്ന ഇടതു-വലതു മുന്നണികളുടെ സ്വന്തം തട്ടകത്തിൽ, ദളിതരും, വൃദ്ധരും, അശരണരുമടങ്ങുന്ന ഒരു സമൂഹം, ശൗചാലയങ്ങൾ പോലുമില്ലാതെ, ചോർന്നൊലിക്കുന്ന വീടുകളിൽ വിറങ്ങലിച്ചു കഴിയുമ്പോൾ സമൂഹമനഃസ്സാക്ഷിയുടെ കോടതിമുറിയിൽ തല കുമ്പിട്ടെങ്കിലും നിൽക്കാൻ ഈ കപടമനുഷ്യസ്നേഹികൾക്കാകുമോ?

സാംസ്കാരികവും പ്രബുദ്ധവുമായ, അതിവേഗക്കുതിപ്പുകളുടെ വിപ്ലവഗാഥകൾ കേട്ടു കോരിത്തരിക്കുന്ന സുന്ദരകേരളത്തിന്റെ മദ്ധ്യഭൂമികയിൽ, അധികാരിവർഗ്ഗത്തിന്റെ നീരു വറ്റിയ കണ്ണുകളിൽ നോക്കി പരിതപിച്ച്, എന്നെങ്കിലുമൊരു നല്ല കാലം വരുമെന്ന മൂഢപ്രതീക്ഷയിൽ കഴിയുകയാണ് ഈ ഗ്രാമം.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close