Special

രോഹിത് വെമുല ഒരു തൊട്ടാവാടിയായിരുന്നു ..

എസ് എഫ് ഐയിൽ നിന്ന് രാജിവച്ച രാജു കുമാർ സാഹുവിന്റെ കത്തിന്റെ സ്വതന്ത്ര പരിഭാഷ …


ഹൈദരാബാദ് സർവകലാശാലയിൽ ആദ്യമായി എത്തുമ്പോൾ ഞാൻ ഒരു രാഷ്ട്രീയവുമില്ലാത്ത ഒരു വിദ്യാർത്ഥിയായിരുന്നു. ഒരു ദരിദ്രകുടുംബത്തിലെ അംഗമായ എനിക്ക് അധസ്ഥിത വിഭാഗങ്ങളോടുളള   സ്നേഹവും കരുണയും എപ്പോഴുമുണ്ടായിട്ടുണ്ട് . അതുകൊണ്ട് തന്നെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായി.

ഈ സമയത്താണ് ഞാൻ എസ് എഫ് ഐയുമായി അടുക്കുന്നത്. ചൂഷണത്തിൽ നിന്ന് പാവങ്ങളെ സംരക്ഷിക്കാനും തൊഴിലാളി വർഗ്ഗ വിപ്ളവം സൃഷ്ടിക്കാനുമാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് എസ് എഫ് ഐ എന്നോട് പറഞ്ഞത്. എസ് എഫ് ഐ യുടെ സജീവ പ്രവർത്തകനായി മാറിയ ഞാൻ സംഘടനയുടെ നിർദ്ദേശമനുസരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിദ്യാർത്ഥി യൂണിയന്റെ ജനറൽ സെക്രട്ടറിയാവുകയും ചെയ്തു.

എന്നാൽ ഹൈദരബാദ് സർവകലാശാലയിലെ എസ് എഫ് ഐയുടെ ഇപ്പോഴത്തെ അവസ്ഥ ഇരുളടഞ്ഞതാണ്. വിദ്യാർത്ഥി യൂണിയൻ സ്ഥാനങ്ങളിലിരിക്കുന്നവർക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ല എന്നത് ഞാൻ മനസ്സിലാക്കി. തിരിച്ചൊരു ചോദ്യമില്ലാതെ മുകൾത്തട്ടിലുളളവർ പറയുന്നതെന്തും സാധാരണ പ്രവർത്തകർ അനുസരിക്കണം.

എസ് എഫ് ഐയുടെ രാഷ്ട്രീയം ആദർശത്തിന്റേതല്ല മറിച്ച് അവസരവാദത്തിന്റേതാണെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുന്നത് മുതൽ ജാതിയുടെയും വർഗ്ഗീയതയുടേയും കാർഡുകൾ കൊണ്ടുളള   കളി ആരംഭിക്കുകയായി. താഴേക്കിടയിലുളള   രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും എല്ലാം അതീതരാണ് തങ്ങളെന്ന് വീമ്പിളക്കുമ്പോഴും അതെല്ലാം എസ് എഫ് ഐക്ക് പ്രധാന ഘടകങ്ങൾ തന്നെയാണെന്ന് ഞാൻ മനസ്സിലാക്കി.

അംബേദ്കർ സ്റ്റുഡന്റ്സ്  യൂണിയനെ എതിർക്കുമ്പോൾ തന്നെ അവരോടൊപ്പം ചേർന്ന് ജോയിന്റ് ആക്ഷൻ കമ്മിറ്റിയുണ്ടാക്കാനുളള   എസ് എഫ് ഐയുടെ തീരുമാനം എന്നിൽ സംശയമുണർത്തി. സാമൂഹിക നീതിക്ക് വേണ്ടിയുളള   പോരാട്ടമാണിതിനു പിന്നിലുളളതെന്ന് ആത്മാർത്ഥമായി തന്നെ ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ വിദ്യാർത്ഥി യൂണിയനെ ജോയിന്റ് ആക്ഷൻ കമ്മിറ്റി പതുപ്പതുക്കെ ഹൈജാക്ക് ചെയ്യുകയാണെന്നും ചിലരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും എനിക്ക് മനസ്സിലായി.

പച്ചക്കളളങ്ങളും കെട്ടുകഥകളും കൊണ്ട് അവർ സാധാരണ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഈ കഥകളിൽ പലതും സാങ്കൽപ്പികം മാത്രമായിരുന്നു. ചില അദ്ധ്യാപകരും വിദ്യാർത്ഥികളും വിവേചനം കാണിക്കുന്നുവെന്ന ആരോപണങ്ങളിൽ മിക്കതും അയഥാർത്ഥമാണ്. മാദ്ധ്യമങ്ങളിൽ വന്ന പോലീസ് ആക്രമിച്ചുവെന്നും മർദ്ദിച്ചുവെന്നുമൊക്കെയുളള   വീഡിയോകൾ പലതും വ്യാജവും മനപൂർവ്വം ഉണ്ടാക്കിയെടുത്തതുമായിരുന്നു.

ഈ അസത്യപ്രചാരണത്തിൽ ഭാഗഭാക്കായ എസ് എഫ് ഐ, വിദ്യാർത്ഥികളെ  സേവിക്കുക എന്ന യഥാർത്ഥ ലക്ഷ്യം വിസ്മരിക്കുകയായിരുന്നു. ജോയിന്റ് ആക്ഷൻ കമ്മിറ്റിയും എസ് എഫ് ഐയും ബാഹ്യശക്തികളുടെ ഇടപെടലിലാണ് പ്രവർത്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. സംഘടനയുടെ സാധാരണ പ്രവർത്തകരുടെ ശബ്ദത്തിന് യാതൊരു വിലയുമുണ്ടായില്ല . ഇതിനെതിരെ ഞാൻ ശബ്ദമുയർത്തിയെങ്കിലും ആരുമതിന് വില നൽകിയതുമില്ല .

എസ് എഫ് ഐയുടെ തലപ്പത്തിരിക്കുന്നവർ സ്വേച്ഛാധിപത്യപരമായാണ് പ്രവർത്തിച്ചത്. വിദ്യാർത്ഥി സമരത്തെ സ്ഥാപിത താത്പര്യങ്ങൾക്കു വേണ്ടിയും പുറത്തുള്ള യജമാനന്മാർക്ക് വേണ്ടിയും വഴിതിരിച്ചുവിടുകയാണുണ്ടായത്. സംഘടനയിൽ ഞാൻ ഇതോടെ ഒറ്റപ്പെട്ടു.

രോഹിത് വെമുലയുടെ മരണത്തിനു മുൻപും ശേഷവും സർവകലാശാലയിലെ സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിച്ചിരുന്നു. കേവലം കക്ഷിരാഷ്ട്രീയം മാത്രം ലക്ഷ്യമിട്ട് സർവകലാശാലയിലെ ചില അദ്ധ്യാപകരും പ്രവർത്തിച്ചതുകൊണ്ടാണ് ഇന്നത്തെ അവസ്ഥയിലെത്തിയതെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. എന്റെ അറിവിൽ ഈ സമരത്തിന് ഫണ്ട് നൽകുന്നത് കോൺഗ്രസും ഇടതുപക്ഷവും രാജ്യത്തെ അവസരവാദി സംഘങ്ങളുമാണെന്നതിൽ സംശയമില്ല.

രോഹിത് വെമുലയെക്കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹം ഒരു തൊട്ടാവാടിയായ വിദ്യാർത്ഥിയായിരുന്നു. മുൻപ് അയാൾ എസ് എഫ് ഐക്കാരനായിരുന്നു. കേവലം രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടിയുളള   എസ് എഫ് ഐയുടെ അവസരവാദ നിലപാടുകൾ മൂലം അദ്ദേഹവും സംഘടനയിൽ ഒറ്റപ്പെട്ടിരിക്കാം. അതിന്റെ അനുരണനമാകാം അദ്ദേഹത്തിന്റെ ആത്മഹത്യക്കുറിപ്പിലുളളതും. എസ് എഫ് ഐ പകർന്ന മിഥ്യാബോധത്തിൽ നിന്ന് മോചനം നേടിയാണ് അദ്ദേഹം എ എസ് എ യിലേക്ക് പോയത്.

മറ്റുള്ളവരോടുളള   രോഹിതിന്റെ പകയും വിദ്വേഷവും യഥാർത്ഥത്തിൽ എസ് എഫ് ഐയാണ് പകർന്നു നൽകിയത്. രോഹിത് മൗലികവാദത്തിലേക്ക് തിരിഞ്ഞതും ആത്മഹത്യ ചെയ്തതും നിർഭാഗ്യകരമായിപ്പോയി.

ജോയിന്റ് ആക്ഷൻ കമ്മിറ്റിയിലുളള   സംഘടനകൾക്കും എസ് എഫ് ഐക്കും സാധാരണ വിദ്യാർത്ഥിയുടെ അവസ്ഥയെപ്പറ്റി യാതൊരു ചിന്തയുമില്ലെന്ന് എനിക്ക് മനസ്സിലായി. രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സമരം ഏതറ്റം വരേയും പോകാൻ അവർ തയ്യാറാണ് . അത് വിദ്യാർത്ഥികളുടെ പ്രശ്നമല്ല . അവരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ് . ചില അദ്ധ്യാപകർക്കും പുറത്തുളള   രാഷ്ട്രീയക്കാർക്കും ഇത് അത്യാവശ്യമായിരിക്കാം . എന്നാൽ സാധാരണ വിദ്യാർത്ഥികൾക്ക് അവരുടെ പ്രാഥമികമായ  ആവശ്യം പഠനം തന്നെയാണ്.

യാക്കൂബ് മേമനെപ്പോലെയുളള   ഭീകരരെ തങ്ങൾ പിന്തുണയ്ക്കുന്നില്ല എന്നാണ് എസ് എഫ് ഐ പറയുന്നത്. അതേസമയം മേമനുവേണ്ടി മയ്യത്ത് നിസ്കാരം നടത്തിയവരെയും മേമനെ രക്തസാക്ഷിയായി ഉയർത്തിക്കാണിക്കുന്നവരേയും എസ് എഫ് ഐ പിന്തുണയ്ക്കുകയും ചെയ്യുന്നു . ഇതൊരു വിരോധാഭാസമാണ്.

രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് ചില നീക്കങ്ങളെ പിന്തുണച്ചും ചിലതിനോടെതിർത്തുമാണ് എസ് എഫ് ഐ നിലകൊളളുന്നത് . കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കളുടെ താളത്തിനൊത്ത് തുള്ളാൻ വിദ്യാർത്ഥിയൂണിയൻ വിധിക്കപ്പെടുന്നു.

രോഹിത് വെമുലയ്ക്ക് നീതി വേണമെന്ന് ആവശ്യപ്പെടുന്നതിനോടൊപ്പം തന്നെ ജുഡീഷ്യൽ കമ്മീഷനോട് ജോയിന്റ് ആക്ഷൻ കമ്മിറ്റി സഹകരിക്കാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു. ചിലർക്ക് നേരേ പട്ടിക ജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം ഉപയോഗിച്ച് കേസ് കൊടുക്കുമ്പോഴും വെമുലയുടെ ജാതി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ എ എസ് എ തയ്യാറാകുന്നില്ല. രോഹിത് വെമുല ആത്മഹത്യ ചെയ്യാൻ കാരണമായ സാഹചര്യങ്ങളെപ്പറ്റി സി ബി ഐ അന്വേഷണം വേണമെന്ന് ഇവർ ആവശ്യപ്പെടാത്തതും എന്നെ ആശ്ചര്യപ്പെടുത്തുന്നു.

കോളേജിലെ ചില പ്രൊഫസർമാർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വിദ്യാർത്ഥികളും അവരെ പിന്തുണയ്ക്കുന്ന അദ്ധ്യാപകരും ഈ ആരോപണം തെളിയിക്കാൻ മുന്നോട്ടു വരുന്നതുമില്ല. ഈ പ്രചാരണങ്ങളിൽ വിശ്വസിച്ച് ചില വിദ്യാർത്ഥികൾ പ്രൊഫസർമാരോട് അപമര്യാദയായി പെരുമാറുന്നത് എന്നെ വേദനിപ്പിക്കുന്നു. ഇവർ സർവകലാശാലയുടെ പൊതുസ്വത്ത് അക്രമിച്ച് നശിപ്പിക്കുന്നതും എന്നെ വിഷമിപ്പിക്കുന്നു.

ഈ പ്രതിഷേധ സമരത്തിന് ലഭിക്കുന്ന ഭീമമായ സാമ്പത്തിക പിന്തുണ പുറത്തുവരേണ്ടത് അത്യാവശ്യമാണ്. ഒരു ദിവസം അയ്യായിരം രൂപയെങ്കിലും വാടക നൽകേണ്ടുന്ന ടെന്റിലാണ് സമരം നടക്കുന്നത്. സമരം തുടങ്ങിയിട്ട് മൂന്ന് മാസമായി. എവിടെനിന്നാണ് ഇത്രയും പണം. ആരാണ് ഇത് നൽകുന്നത് ?

വലിയ സാമ്പത്തിക ചെലവുളള   പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സമര മുഖത്തുളള   ചില നേതാക്കൾ കാശ് പൊടിച്ചുള്ള ആഘോഷങ്ങളാണ് നടത്തുന്നത്. ആയിരക്കണക്കിന് ബഹുവർണ പോസ്റ്ററുകൾ എത്തുന്നു. ഇതിന് വേണ്ടി വൻ തോതിൽ പണം ഒഴുക്കുന്നുണ്ട്. ഇതിനോടൊപ്പം പ്രവർത്തിച്ച ഒരാളെന്ന നിലയ്ക്ക് ഞാൻ ചോദിക്കുന്നു. എവിടെ നിന്നാണ് ഇത്രയും പണം ?

ഈ കളികൾക്കിടയിൽ നഷ്ടം സംഭവിക്കുന്നത് സാധാരണ വിദ്യാർത്ഥികൾക്കാണ്. ക്യാമ്പസ് റിക്രൂട്ട്മെന്റിനായി വൻ കിട കമ്പനികൾ സർവകലാശാലയിലെത്താൻ വിസമ്മതിക്കുന്നു. എച്ച് സി യു വിന്റെ പ്രതിച്ഛായയ്ക്ക് ഇപ്പോൾ കോട്ടം തട്ടിയിരിക്കുന്നു. പക്ഷഭേദമില്ലാതെ എല്ലാ വിദ്യാർത്ഥികൾക്കും വേണ്ടി പെരുമാറേണ്ടുന്ന വിദ്യാർത്ഥി യൂണിയനെ ഇപ്പോൾ ചിലർ ഹൈജാക്ക് ചെയ്തിരിക്കുകയാണ് .

ഈ വിരോധാഭാസങ്ങൾ ഇനിയും സഹിക്കാൻ കഴിയില്ല. ഈ വഴികളും ലക്ഷ്യവും തെറ്റാണ്. എന്റെ ഒറ്റപ്പെടൽ എന്റെ പഠനത്തെ ബാധിക്കുന്നുണ്ട്. വെമുലയ്ക്ക് സംഭവിച്ച അവസ്ഥ എനിക്കുമുണ്ടാകുമെന്ന് ഞാൻ ഭയപ്പെടുന്നു. ഈ തെറ്റുകളിൽ നിന്ന് പുറത്തുവന്നാൽ ഞാൻ നാശത്തിൽ നിന്ന് രക്ഷപ്പെട്ടേക്കും.

ഞാനാവാശ്യപ്പെടുന്നതെന്തെന്നാൽ..

1, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സമരം എത്രയും പെട്ടെന്ന് നിർത്തണം . രോഹിത് വെമുലയ്ക്ക് നീതി ലഭിക്കാൻ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ മുന്നോട്ടു പോകണം . ജുഡീഷ്യൽ കമ്മീഷന്റെ മുന്നിലും കോടതിയുടെ മുന്നിലും യഥാർത്ഥ വിവരങ്ങൾ അവതരിപ്പിക്കണം.
2, പ്രൊഫസർമാരോടും വൈസ് ചാൻസലറോടും അപമര്യാദയായി പെരുമാറുന്നത് എത്രയും പെട്ടെന്ന് നിർത്തണം. കുറ്റക്കാരെന്ന് തെളിഞ്ഞാൽ അവർക്കെതിരെ നടപടിയെടുക്കട്ടെ. അതുവരെ വരെ കുറ്റവാളിയാക്കാൻ ആർക്കും അവകാശമില്ല

3, രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്ഥാപിത താത്പര്യങ്ങളുളള    അദ്ധ്യാപകരിൽ നിന്നും അകലം പാലിക്കാൻ എസ് എഫ് ഐയും എ എസ് എയും തയ്യാറാകണം . അതല്ലെങ്കിൽ വിദൂരഭാവിയിൽ സർവകലാശാലയെ ഇത് വളരെ മോശമായി ബാധിക്കും.

4, പകയുടെ രാഷ്ട്രീയം ഒഴിവാക്കാൻ എസ് എഫ് ഐയും എ എസ് എ യും തയ്യാറാകണം. സഹകരണത്തിന്റെ മാർഗ്ഗം തിരഞ്ഞെടുത്ത് ഉന്നത അക്കാദമിക നിലവാരത്തിലേക്ക് സർവകലാശാലയെ മാറ്റാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്.

5, ജാതി വർഗ്ഗ ചിന്തയുടെ മഞ്ഞക്കണ്ണട കൊണ്ട് സർവകലാശാലയിലെ പ്രശ്നങ്ങളെ സമീപിക്കാതെ പാർശ്വവത്കരിക്കപ്പെട്ട വിദ്യാർത്ഥികളുടെ നന്മയ്ക്കു വേണ്ടിയുളള    നടപടികൾ എത്രയും പെട്ടെന്ന് സാദ്ധ്യമാക്കാനാണ് നോക്കേണ്ടത്.

6, വിദ്യാർത്ഥി യൂണിയൻ പക്ഷപാതപരമായി പെരുമാറരുത്. രോഹിത് വെമുലയ്ക്ക് നീതി വേണമെന്ന് ആവശ്യപ്പെടുമ്പോൾ തന്നെ അർദ്ധരാത്രിയിൽ ഹോസ്റ്റൽ മുറിയിൽ വച്ച് എ എസ് എ വിദ്യാർത്ഥികളാൽ ആക്രമിക്കപ്പെട്ട സുശീൽ കുമാറിന്റെ കാര്യവും അവഗണിക്കാൻ പാടില്ല. സുശീൽ കുമാറിനെതിരെയുളള   ആക്രമണവും അപലപിക്കപ്പെടേണ്ടതാണ്. ഇതിൽ സിബിഐ അന്വേഷണവും ആവശ്യപ്പെടേണ്ടതാണ് .

7, ഇതുവരെയുളള   സാമ്പത്തിക കണക്കുകളും അതിന്റെ ഉറവിടവും ജോയിന്റ് ആക്ഷൻ കമ്മിറ്റി പ്രസിദ്ധീകരിക്കണം

അവസാനമായി രോഹിത് വെമുലയുടെ ആത്മഹത്യക്കുറിപ്പിൽ നിന്നുളള   ചില വരികൾ ഞാനെടുത്തെഴുതട്ടെ.

“ എ എസ് എ ആയാലും എസ് എഫ് ഐ ആയാലും ആരായാലും പ്രവർത്തിക്കുന്നത് അവരവർക്ക് വേണ്ടിയാണ്. വളരെ അപൂർവ്വമായാണ് ഒരു വ്യക്തിയുടെ താത്പര്യങ്ങളോട് പോലും ഇവരടുത്ത് നിൽക്കുന്നത്. അധികാരത്തിനോ പ്രശസ്തിക്കോ പ്രാധാന്യത്തിനോ വേണ്ടി ചെയ്യുന്നത് പലതും വ്യവസ്ഥിതിയുടെ മാറ്റത്തിനു വേണ്ടിയാണെന്ന് ചിന്തിക്കുന്നു. ഈ വിശേഷണങ്ങളിൽ ആശ്വാസം കണ്ടെത്തുക മാത്രമല്ല വീണ്ടും വീണ്ടും ഈ പ്രവർത്തനങ്ങളെ കണക്കിലേറെ വിലമതിക്കുകയും ചെയ്യുന്നു. പക്ഷേ എന്നെ അനുപമമായ സാഹിത്യത്തിന്റെ, ആളുകളുടെ മേഖലകളിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് തീർച്ചയായും ഈ സംഘടനകൾ തന്നെയാണ് “

ഈ വരികൾ ബാബാസാഹബ് അംബേദ്കറിനോടുളള    രോഹിതിന്റെ സമർപ്പണം വെളിവാക്കുന്നതാണ് . അതിനൊപ്പം എസ് എഫ് ഐയുടേയും എ എസ് എ യുടേയും പ്രവർത്തനങ്ങളെ തുറന്ന് കാട്ടുന്നതുമാണ്. അംബേദ്കറിന്റെ ആശയങ്ങളാണ് തങ്ങളുടേതെന്ന് പറയുമ്പോഴും അത് മറന്നു കൊണ്ടാണ് ഇവർ പ്രവർത്തിച്ചതെന്ന് ഈ വരികളിൽ നിന്ന് മനസ്സിലാക്കാം

1949 നവംബർ 25 ന് ഭരണഘടന നിർമ്മാണസഭയിൽ ഡോ അംബേക്ദർ നൽകിയ മൂന്നു മുന്നറിയിപ്പുകൾ ഞാനോർക്കുകയാണ്

ജനാധിപത്യം ശരിയായും കൃത്യമായും നിലനിൽക്കാൻ നാമെന്താണ് ചെയ്യേണ്ടത് ?

സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾക്കായി ഭരണഘടനാപരമായ മാർഗ്ഗങ്ങൾ ഉപയോഗിക്കണം എന്നതാണ് ആദ്യത്തേത്. ചോരയൊഴുക്കിക്കൊണ്ടുളള   വിപ്ളവം പൂർണമായും ഒഴിവാക്കുക തന്നെ വേണം. നിസ്സഹകരണവും നിയമലംഘനവും സത്യഗ്രഹവും ഒഴിവാക്കേണ്ടതാണ്.

ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് ജെ എസ് മിൽ നൽകിയ ഉപദേശമാണ് രണ്ടാമത്തേത്. നമ്മുടെ സ്വാതന്ത്ര്യം എത്ര മഹാനായ വ്യക്തിയുടെ മുന്നിൽ പോലും അടിയറ വയ്ക്കരുത്. ഭരണഘടനാ സ്ഥാപനങ്ങളെ മാറ്റിമറിയ്ക്കാൻ കെൽപ്പുളള   അധികാരങ്ങളുളളവരെയും പൂർണമായി വിശ്വസിക്കരുത്.

രാഷ്ട്രീയ ജനാധിപത്യമല്ല സാമൂഹികവും രാഷ്ട്രീയവുമായ ജനാധിപത്യമാണ് നാം നിർമ്മിച്ചെടുക്കേണ്ടത് എന്നതാണ് മൂന്നാമത്തേത്.

എന്റെ ഈ നിലപാടുകൾ പ്രഖ്യാപിച്ചു കൊണ്ട് ഞാൻ എസ് എഫ് ഐയിൽ നിന്നും അതിന്റെ അവസരവാദ രാഷ്ട്രീയത്തിൽ നിന്നും രാജി വച്ചതായി പ്രഖ്യാപിക്കുന്നു ..

സത്യം നിലനിൽക്കുക തന്നെ ചെയ്യും .. നീതി നടപ്പാകുകയും ചെയ്യും ..

സത്യമേവ ജയതേ !

2 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close