Special

തെരഞ്ഞെടുപ്പ്: വിജയികൾക്കുളളിലെ ശ്രദ്ധേയർ

ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത് പി.ജെ. ജോസഫാണ്. 45587 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് തൊടുപുഴയിൽ നിന്നും പി.ജെ.ജോസഫ് ജയിച്ചത്. ആകെ നേടിയ വോട്ടുകൾ 76,564

എന്നാൽ ഏറ്റവും കുറവു വോട്ടുകളുടെ ഭൂരിപക്ഷം നേടിയത് വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അനിൽ അക്കരയാണ്. കേവലം 43 വോട്ടുകൾക്കാണ് അനിൽ അക്കര ‘അക്കര കടന്നത്‘.

അതേസമയം ഈ അളവുകോലുകളെയെല്ലാം അതിശയിപ്പിക്കുന്ന വിജയത്തിളക്കവുമായാണ് പൂഞ്ഞാറിൽ പി.സി.ജോർജ്ജ് നിൽകൊളളുന്നത്. ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയകേരളം ഏറെ ചർച്ച ചെയ്തത വിജയം ഒരു പക്ഷേ നേമം മണ്ഡലത്തിൽ ഒ.രാജഗോപാലിന്റെ വിജയവും, പൂഞ്ഞാറിലെ പി.സി ജോർജ്ജിന്റെ വിജയവും തന്നെയാവും.

ഇരു മുന്നണികളിൽ നിന്നും നേരിട്ട തിരിച്ചടികളെ ഒറ്റയ്ക്കു പൊരുതി തോൽപ്പിച്ച വീരപരിവേഷം തന്നെയാണ് പി.സി.ജോർജ്ജിനും അവകാശപ്പെടാനുളളത്. കഴിഞ്ഞ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒപ്പം നിർത്തി നേട്ടം കൊയ്ത സി.പി.എം നിയമസഭാതെരഞ്ഞെടുപ്പു വന്നപ്പോൾ അവസാന നിമിഷം പി.സി.ജോർജ്ജിനെ നിർദ്ദയം കയ്യൊഴിയുകയായിരുന്നു. അവിടെ നിന്നാണ് ജനപക്ഷ സ്ഥാനാർത്ഥിയെന്ന മേലങ്കി സ്വയമണിഞ്ഞ് പി.സി, ജനവിധിയെ അഭിമുഖീകരിച്ചതും, ഇരുപത്തിയേഴായിരത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ചതും.

അതേ സമയം പാലായിൽ, പി.സി യുടെ പ്രഖ്യാപിത എതിരാളി കെ.എം മാണി നേടിയ നാലായിരത്തി ശിഷ്ടം വോട്ടുകളുടെ മാത്രം ഭൂരിപക്ഷം പി.സി.ജോർജ്ജിന്റെ വിജയത്തിനു മാറ്റു കൂട്ടുകയും ചെയ്യുന്നു.

പലവിധ നാടകങ്ങളെയും, കുതന്ത്രങ്ങളെയും അതിജീവിച്ചു നേടിയ ചരിത്ര വിജയമാണ് നേമത്ത് ഒ.രാജഗോപാലിനെ വ്യത്യസ്ഥനാക്കുന്നത്. രാഷ്ട്രീയകേരളത്തിലെ ബി.ജെപിയുടെ ചരിത്രത്തിൽ മാരാർജിയോടൊപ്പം തന്നെ എടുത്തു പറയാവുന്ന സേവനചരിത്രത്തിനുടമയാണ് ഒ.രാജഗോപാൽ. അതിലുപരി, കക്ഷിരാഷ്ട്രീയങ്ങൾക്കപ്പുറം വിശാലമാക്കിയ, അദ്ദേഹമാർജ്ജിച്ച ബഹുജനസ്വീകാര്യത എടുത്തു പറയേണ്ടതാണ്.

ബി.ജെ.പി ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോൾ ഇടതു വലതു മുന്നണികൾ ഒറ്റക്കെട്ടായി ബി.ജെ.പിയെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കണ്ടത്. പലതും ബാലിശവും, രാഷ്ട്രീയനൈതികതയ്ക്കു നിരക്കാത്തതുമായ ആരോപണങ്ങളായിരുന്നു എന്നതും ശ്രദ്ധേയമാണ്. മറ്റു രണ്ടു മുന്നണികളുടേയും ദേശീയ നേതാക്കൾ പോലും ഈ അസംബന്ധത്തെ പരമാവധി പ്രൊമോട്ട് ചെയ്തിട്ടും സഭ്യതയുടെയും, രാഷ്ട്രീയ മര്യാദയുടെയും അതിർവരമ്പുകൾ ഒരിക്കൽ പോലും കൈവിടാതെ സമചിത്തതയോടെയും, പ്രശാന്തതയോടെയും നേടിയ സൗമ്യമായ വിജയം. ജാതി-മതങ്ങളുടെയോ കക്ഷിരാഷ്ട്രീയങ്ങളുടെയോ സമവാക്യങ്ങൾ ആദർശശുദ്ധിക്ക് വഴിമാറിയ ചരിത്ര വിജയം.

ദുഷ്പ്രചാരണങ്ങളുടെ പെരുമഴയിൽ പോലും പൗരന്മാർ സൂക്ഷ്മതയോടെ തെരഞ്ഞെടുത്ത സ്ഥാനാർത്ഥി എന്നതും ഒ.രാജഗോപാലിന്റെ വിജയത്തെ ഈ തെരഞ്ഞെടുപ്പിൽ ആദ്യം എടുത്തു പറയാൻ യോഗ്യമാക്കുന്നു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close