Special

പി.പത്മരാജൻ, അഭ്രപാളിക്കു പിന്നിലെ ഗന്ധർവ്വസാന്നിദ്ധ്യം

മലയാളചലച്ചിത്ര മേഖലയിൽ, മികവിന്റെയും തികവിന്റെയും കയ്യൊപ്പു ചാർത്തിയ പ്രതിഭയായിരുന്നു പത്മരാജൻ. കാമ്പുളള   കഥകൾ കൊണ്ട് അഭ്രപാളിയിൽ കാവ്യം തീർത്ത കലാകാരൻ. ലോ ബജറ്റ് ചിത്രങ്ങൾ കൊണ്ട് സൂപ്പർ ഹിറ്റുകളും, സൂപ്പർ താരങ്ങളെയും നിർമ്മിച്ച സം‌വിധായകൻ. കഥയിലെ കയ്യൊതുക്കവും, കഥാപാത്രങ്ങളുടെ സൂക്ഷ്മഭാവങ്ങളെ റിയലസ്റ്റിക്കായും, കലാനിപുണതയോടെയും ആവിഷ്ക്കരിക്കാൻ പോന്ന ഐന്ദ്രജാലികത വശമുളള   കഥാകാരൻ ഇങ്ങനെ പത്മരാജൻ എന്ന ബുദ്ധിജീവിക്കു വിശേഷണങ്ങളേറെയാണ്.

1945 മേയ് 23നാണ് പത്മരാജൻ ജനിക്കുന്നത്. ശ്രീകുമാരൻ തമ്പിയെയും, മുതുകുളം രാഘവൻപിളളയെയും, എം.ജി.രാധാകൃഷ്ണനെയും, പ്രൊഫ. ഓമനക്കുട്ടിയെയും പോലുളള   മഹാപ്രതിഭകളെ കലാകൈരളിക്കു സമ്മാനിച്ച ഓണാട്ടുകരയുടെ മണ്ണിൽ, ഹരിപ്പാടിനടുത്ത് മുതുകുളം എന്ന സ്ഥലത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും, ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായാണ് പത്മരാജൻ ജനിക്കുന്നത്. മുതുകുളം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ പ്രീ യൂണിവേഴ്സിറ്റി പഠനം. ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും കരസ്ഥമാക്കിയ പത്മരാജൻ, ചേപ്പാട് അച്ച്യുതവാര്യരുടെ ശിക്ഷണത്തിൽ സംസ്കൃതവിദ്യാഭ്യാസവും നേടി.

ആകാശവാണിയിൽ അനൗൺസറായി ഔദ്യോഗികജീവിതമാരംഭിച്ച പത്മരാജൻ, സിനിമയിലെ തിരക്കുകൾ മൂലം ആ ജോലി രാജി വയ്ക്കുകയായിരുന്നു.

കഥാകാരനായാണ് പത്മരാജന്റെ തുടക്കം. കലാലയജീവിതകാലത്തു തന്നെ കഥാരചനയിൽ ശ്രദ്ധയൂന്നിയ പത്മരാജന്റെ പ്രസിദ്ധീകൃതമായ ആദ്യ കഥ ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് ആണ്. അപരൻ, പ്രഹേളിക, പുകക്കണ്ണട തുടങ്ങിയ കഥാസമാഹാരങ്ങൾ ആകാശവാണിയിൽ ഉദ്യോഗത്തിലിരുന്ന കാലത്തു തന്നെ പ്രസിദ്ധീകൃതമായി. കഥയിൽ മാത്രമല്ല, നോവലുകളിലും ശ്രദ്ധ പതിപ്പിച്ച പത്മരാജന്റെ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ചർച്ച ചെയ്യപ്പെടുകയും, 1971ലെ കേരള സാഹിത്യ അക്കാദമി അവാർഡ്, കുങ്കുമം അവാർഡ് എന്നിവ കരസ്ഥമാക്കുകയും ചെയ്തു. വാടകയ്ക്കൊരു ഹൃദയം, ശവവാഹനങ്ങളും തേടി, ഇതാ ഇവിടെ  വരെ, മഞ്ഞു കാലം നോറ്റ കുതിര, ഉദകപ്പോള, പ്രതിമയും രാജകുമാരിയും, കൂടാതെ, പ്രശസ്തങ്ങളായ പെരുവഴിയമ്പലം, രതിനിർവ്വേദം തുടങ്ങി നിരവധി കഥകളും, നോവലുകളും ഭാഷാകൈരളിയെ ധന്യമാക്കിക്കൊണ്ട് പത്മരാജൻ നമുക്കു തന്നു.

പ്രയാണം ആണ് പത്മരാജന്റെ ആദ്യത്തെ തിരക്കഥ. മദ്ധ്യവർത്തി സിനിമകളെന്നു പേരുകേട്ട ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിലുണ്ടായ ചലച്ചിത്രങ്ങളൊക്കെയും മലയാളസിനിമാശ്രേണിയിലെ ക്ലാസിക്ക് വർക്കുകളായി തന്നെ ഇന്നും ചർച്ച ചെയ്യപ്പെടുന്നു.

മലയാളി പൊതു സമൂഹം അയിത്തം കൽപ്പിച്ച് അകറ്റി നിർത്തിയിരുന്ന രതിഭാവനകളെ സർഗ്ഗപരതയുടെ പട്ടുടയാട ചാർത്തി, അശ്ലീലമെന്നു കരുതാവുന്നതൊന്നുമില്ലാതെ തന്നെ ആവിഷ്ക്കരിക്കുന്നതിൽ പത്മരാജൻ പുലർത്തിയിട്ടുളള   കയ്യൊതുക്കം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

ചലച്ചിത്രത്തെ ജീവനോപാധിയെന്നല്ല, ഉദാത്തമായ കലയും, ക്രാഫ്റ്റുമായി തന്നെ കണ്ട് ഉപാസിച്ച ചലച്ചിത്രകാരനാണ് പത്മരാജൻ. ഇതിന്റെ എടുത്തു പറയാവുന്ന ഉദാഹരണമാണ്, ഭരതനും, കെ.ജി.ജോർജ്ജുമായി ചേർന്ന് അദ്ദേഹം ആരംഭിച്ച സിനിമാവിദ്യാലയം.

കലാസിനിമ, വാണിജ്യസിനിമ എന്നിങ്ങനെയുളള   അതിർവരമ്പുകൾ പത്മരാജൻ ചിത്രങ്ങൾക്ക് അന്യമായിരുന്നുവെന്നു പറയാം. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളെല്ലാം ഒരേസമയം ഉന്നതമായ കലാമൂല്യമുള്ളതും, അതേ സമയം വാണിജ്യമൂല്യമുളളവയുമായിരുന്നു. അദ്ദേഹത്തിന്റെ അവസാനചിത്രമായ ഞാൻ ഗന്ധർവ്വൻ പോലെയുളള   ചലച്ചിത്രങ്ങൾ എക്കാലത്തെയും സിനിമാസ്വാദകരിൽ അത്ഭുതവും, കൗതുകവും ജനിപ്പിച്ച ‘പത്മരാജൻ ക്രാഫ്റ്റ്‘ ആയി നിലനിൽക്കുന്നു.

36 ചലച്ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കുകയും, 18 ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്യുകയും ചെയ്ത പത്മരാജൻ, അതു വരെ തുടർന്നു പോന്ന സിനിമാ നിർമ്മാണത്തിന്റെയും, തിരക്കഥയുടെയും രസതന്ത്രങ്ങളിലെല്ലാം ഉന്മേഷകരമായ മാറ്റം കുറിച്ചു എന്നു പറഞ്ഞാൽ തെറ്റില്ല.

1991 ജനുവരി 24ന് ഞാൻ ഗന്ധർവ്വന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ മലയാളചലച്ചിത്രത്തിന്റെ ഗന്ധർവ്വൻ തന്റെ നാൽപ്പത്തിയാറാമത്തെ വയസ്സിൽ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങുകയായിരുന്നു. ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തെ.

ഞാൻ ഗന്ധർവ്വൻ എന്ന അദ്ദേഹത്തിന്റെ ക്ലാസ്സിക് ഹിറ്റ് ഒരു ദുഃശ്ശകുനമായിരുന്നുവെന്ന് സിനിമാലോകം വിശ്വസിക്കുന്നു. ആ ചിത്രത്തിന്റെ കഥ ഉരുത്തിരിയുന്ന നിമിഷം മുതൽ നിരവധി ദുർന്നിമിത്തങ്ങളും, അപകടങ്ങളും ഈ ചിത്രവുമായി ബന്ധപ്പെട്ട പലർക്കും നേരിട്ടതായി, പത്മരാജന്റെ ഭാര്യ രാധാ ലക്ഷ്മി പത്മരാജനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ അനുസ്മരിക്കുന്നു. ഈ ചിത്രം ഉപേക്ഷിക്കാൻ പലരും നിർബന്ധിച്ചിട്ടും അദ്ദേഹം ആ പ്രോജക്ടുമായി മുൻപോട്ടു പോവുകയായിരുന്നു.

മലയാളചലച്ചിത്ര ലോകത്ത് പകരം വയ്ക്കാനില്ലാത്ത പ്രതിഭയായി, മലയാള ചലച്ചിത്ര ലോകത്തെ വരസിദ്ധിയുടെ മുടി ചൂടിയ ഗന്ധർവ്വനായി പത്മരാജൻ ഇന്നും ആസ്വാദക മനസ്സുകളിൽ ജീവിക്കുന്നു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close