Health

മഴക്കാലവും, ആരോഗ്യവും ആയുർവ്വേദവും

വർഷകാലം ആയുർവ്വേദ സുഖചികിത്സയ്ക്ക് ഉത്തമമാണ്. ആയുർവ്വേദ ഔഷധങ്ങൾ കഴിക്കാനും, കിഴി, ഉഴിച്ചിൽ തുടങ്ങിയവകൾക്കും വർഷകാലം കൂടുതൽ ഫലപ്രദമെന്നു കരുതി വരുന്നു. തണുപ്പുകാലത്ത് ദാഹം കുറയുമെന്നതും, ശരീരത്തിന്റെ ഘടനാപരമായ വ്യത്യാസം ഔഷധത്തെ സ്വീകരിക്കുന്നതിന് കൂടുതൽ അനുകൂലമാകുമെന്നുമുളളതിനാലാണ് വർഷകാലത്തിന് ആയുർവ്വേദം മുൻതൂക്കം നൽകുന്നത്. വർഷകാലത്ത് ആയുർവ്വേദ ചികിത്സ തേടുന്നവർക്ക് ചില മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ…

ആവശ്യമെന്തെന്നറിയുക

ഒന്നാമതായി എന്തുതരം ചികിത്സയാണ് വേണ്ടതെന്ന് നാമാണു തീരുമാനിക്കേണ്ടത്. അത് എങ്ങനെ ചികിത്സിക്കണമെന്ന് ഡോക്ടർ/വൈദ്യനും. വർഷാവർഷം തുടരാവുന്ന സുഖ ചികിത്സയാണോ, ഏതെങ്കിലും പ്രത്യേക രോഗത്തിനാണോ ചികിത്സ വേണ്ടതെന്ന് സ്വയം മനസ്സിലാക്കുക. അതിനു ശേഷം മികച്ച ഒരു വൈദ്യനെ / ഡോക്ടറെ സമീപിക്കാവുന്നതാണ്.

പരസ്യങ്ങളിൽ വീഴാതിരിക്കുക

ആയുർവ്വേദ ചികിത്സാരംഗത്ത് നിരവധി പരസ്യങ്ങളും അതിലേറെ തട്ടിപ്പുകളും നിലവിലുണ്ട്. തരതമ്യേന ചിലവേറിയ ഈ മേഖലയിൽ, തട്ടിപ്പിൽ പെടുന്നവർക്ക് നേരിടേണ്ടി വരിക ധനനഷ്ടം മാത്രമാവില്ല. ദൂരവ്യാപകമായ ശാരീരിക ദോഷങ്ങൾ ഇതു വഴി സംഭവിക്കാം. പഥ്യമറിഞ്ഞും, അനുഷ്ഠിച്ചും ചെയ്യേണ്ട ചികിത്സകൾ നിരവധിയുണ്ട് ആയുർവ്വേദത്തിൽ. പണം വാങ്ങാൻ മാത്രമിരിക്കുന്ന സ്ഥാപനങ്ങൾ പഥ്യത്തിന്റെയോ, ഔഷധത്തിന്റെയോ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചെന്നു വരില്ല. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ആരോഗ്യത്തിൽ വരുത്തിത്തീർക്കും. ചുരുക്കത്തിൽ വെളുക്കാൻ തേച്ചത് പാണ്ടായി മാറുന്ന അവസ്ഥ ഇത്തരം തട്ടിപ്പുകളിൽ ചെന്നു പെടുന്നവർക്കു സംഭവിക്കാം.

നമ്മെ പഠിക്കുന്ന ഡോക്ടർ ചികിത്സിക്കട്ടെ

ആയുർവ്വേദ ചികിത്സയിൽ, രോഗിയെ പഠിക്കുക എന്നത് വളരെ പ്രധാനമാണ്. രോഗിയെ പഠിക്കുകയെന്നാൽ, രോഗിയുടെ ശരീരത്തെ പഠിക്കുകയെന്നർത്ഥം. രോഗിയുടെ ശരീരത്തിന്റെ സ്വഭാവം, ഉഷ്ണപ്രകൃതമോ, ശീത പ്രകൃതമോ, വാതപ്രകൃതമോ, പിത്തപ്രകൃതമോ, കഫപ്രകൃതമോ, മരുന്നുകളെ ആഗിരണം ചെയ്യാനുള്ള ക്ഷമത തുടങ്ങി ഒരു പിടി കാര്യങ്ങൾ ചികിത്സ ആരംഭിക്കുന്നതിനു മുൻപേ തന്നെ ചികിത്സകൻ രോഗിയേക്കുറിച്ചു പഠിച്ചിരിക്കേണ്ടതുണ്ട്. നിർഭാഗ്യകരമെന്നു പറയട്ടേ, പലരും ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെ ചികിത്സ തുടങ്ങുകയാണു പതിവ്. ഫലമോ ഗുണത്തിനു പകരം ദോഷവും.

ക്ഷമയുളളവനാവട്ടെ ചികിത്സകൻ

ആയുർവ്വേദ രോഗീപരിചരണത്തിൽ ക്ഷമ ഒരു വലിയ ഘടകമാണ്. രോഗിയെ സസൂക്ഷ്മം ശ്രദ്ധിക്കാനും, രോഗിക്കു പറയാനുളളത് ശ്രദ്ധയോടെ കേൾക്കാനുമുളള   ക്ഷമ ചികിത്സകനുണ്ടാവണം. ക്ഷമയും, ശ്രദ്ധയുമുളള   ചികിത്സകനു മാത്രമേ, അപ്പപ്പോൾ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും, ഔഷധത്തോടുളള പ്രതികരണവും നിരീക്ഷിച്ച് ഔഷധത്തെ നിയന്ത്രിക്കാൻ കഴിയൂ. മാത്രവുമല്ല ക്ഷമാപൂർവ്വമുളള   ഡോക്ടറുടെ സമീപനം ചികിത്സ തേടിയെത്തുന്നവർക്ക് മാനസികമായ ചികിത്സ കൂടിയാകുന്നു.

പഥ്യം നോക്കാമോ?

ആയുർവ്വേദത്തിലെ ഒട്ടുമിക്ക മരുന്നുകൾക്കും, ചികിത്സകൾക്കും പഥ്യം നിർബന്ധമാണ്. ആഹാരം, ചര്യകൾ, വിശ്രമം തുടങ്ങി നിരവധി നിയന്ത്രണങ്ങളോടെയുളള   ഔഷധ സേവയാണ് ശരിയായ ഫലം നൽകുന്നത്. ചികിത്സകൻ നിർദ്ദേശിക്കുന്ന പഥ്യം അനുഷ്ഠിക്കാൻ കഴിയാത്തവർ ആ വഴിക്കു പോകാതിരിക്കുക തന്നെയാണുത്തമം.

മരുന്നുണ്ടാക്കാമോ?

നല്ല വൈദ്യന്മാർ മിക്കവരും, ഇപ്പോഴും ഔഷധങ്ങൾ സ്വയമുണ്ടാക്കി നൽകുകയോ, കുറിച്ചു നൽകി രോഗിയുടെ വീട്ടിൽ സ്വയം ഉണ്ടാക്കിക്കുകയോ ചെയ്യുന്നതു കാണാം. വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്ന ഔഷധങ്ങളിലെ ചില ന്യൂനതകൾ തന്നെയാണിതിനു കാരണം.

നേരത്തേ പഥ്യത്തേക്കുറിച്ചു പറഞ്ഞുവല്ലോ. എന്നൽ ഇന്ന് വിപണിയിൽ ലഭിക്കുന്ന പല ഔഷധങ്ങളും, പഥ്യം അനുഷ്ഠിച്ചില്ലെങ്കിൽ പോലും ദോഷഫലങ്ങൾ കാര്യമായി നൽകുന്നവയല്ല. കാരണം എന്തെന്നല്ലേ? ആയുർവ്വേദ ഔഷധയോഗങ്ങളിൽ പറയപ്പെടുന്ന എല്ലാ ചേരുവകളും ചേർത്ത് വിധിയാം വണ്ണം നിർമ്മിക്കുന്ന ഔഷധങ്ങൾ വിരളമാണെന്നതു തന്നെ. പഥ്യം നിഷ്കർഷിച്ചിരിക്കുന്ന ചേരുവകളും, വില കൂടുതലുളള   ചേരുവകളുമൊക്കെ ഒഴിവാക്കിയാണ് പല ഔഷധങ്ങളും വിപണിയിലെത്തുന്നതെന്നത് പരസ്യമായ രഹസ്യമാണെന്നു വേണമെങ്കിൽ പറയാം. എന്നാൽ എല്ലാ ചേരുവയും, ശരിയായ അളവിൽ ചേരാത്തിടത്തോളം ഈ ഔഷധങ്ങൾ പൂർണ്ണമല്ല. ഇവ ശരിയായ ഫലം തരാതിരിക്കുകയോ, ഫലമേ തരാതിരിക്കുകയോ ചിലപ്പോൾ വിപരീതഫലം നൽകുകയോ ചെയ്തേക്കാം. ഇക്കാരണങ്ങളാൽത്തന്നെ, ആയുർവ്വേദ ഔഷധങ്ങൾ കഴിവതും സ്വയം നിർമ്മിച്ചു കഴിക്കുന്നതു തന്നെയാണുത്തമം. നന്നേ ക്ലേശകരം തന്നെയാണ് കഷായം തുടങ്ങിയവ നിർമ്മിക്കുക. എന്നിരുന്നാലും, അത് പാഴ്വേലയാവില്ലെന്ന് ഉറച്ചു വിശ്വസിക്കാം.

ചികിത്സയ്ക്കു ശേഷം

ചികിത്സയ്ക്കു ശേഷം ഡോക്ടർ നിർദ്ദേശിക്കുന്ന അത്രയും കാലം വിശ്രമം പഥ്യത്തിന്റെ തന്നെ ഭാഗമാണ്. രോഗമുക്തിയും, ആരോഗ്യസിദ്ധിയും സാദ്ധ്യമാകണമെങ്കിൽ നിർബന്ധമായും ചികിത്സാശേഷമുളള   വിശ്രമവും, ഡോക്ടർ നിർദ്ദേശിക്കുന്ന ഭക്ഷണ ക്രമീകരണങ്ങളും പിൻതുടർന്നേ മതിയാവൂ.

വിധിയാം വണ്ണമുളള   ആയുർവ്വേദ ചികിത്സ മറ്റെല്ലാ ചികിത്സാപദ്ധതികളേക്കാൾ ഫലപ്രദവും, പാർശ്വഫലങ്ങളില്ലാത്തതുമാണ്. രോഗത്തെ വേരോടെ പിഴുതെറിയാനും, വീണ്ടും വരാത്ത വിധത്തിൽ നിയന്ത്രിക്കാനും പ്രകൃതിദത്തമായ ചികിത്സാപദ്ധതിയാണ് ആയുർവ്വേദം. അറിഞ്ഞ് അനുഷ്ഠിച്ചാൽ അത് നമ്മുടെ ആരോഗ്യത്തെ പൊതിഞ്ഞു സം‌രക്ഷിക്കുമെന്നതിൽ സംശയമില്ല.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close