ബംഗലുരു: ഐപിഎൽ പ്ളേഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ലയൺസും രണ്ടാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും തമ്മിലാണ് ആദ്യ ക്വാളിഫയർ മത്സരം. ജയിക്കുന്ന ടീം ഫൈനലിൽ എത്തും.
ഐപിഎൽ ഒൻപതാം സീസൺ അവസാനിക്കാറാകുമ്പോൾ ഇനിയുള്ളത് നാല് ടീമുകൾ. അവശേഷിക്കുന്നത് നാല് മത്സരങ്ങളും. ബാംഗ്ളൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യ ക്വാളിഫയർ മത്സരത്തിൽ മാറ്റുരയ്ക്കുന്നത് വിരാട് കോഹ് ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സും സുരേഷ് റെയ്ന നയിക്കുന്ന ഗുജറാത്ത് ലയൺസും.
മോശം ഫോമിലാണ് സീസൺ തുടങ്ങിയതെങ്കിലും അവസാനഘട്ടത്തിൽ മികച്ച തിരിച്ചുവരവിലൂടെ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്താൻ ബാംഗ്ളൂരിനായി. ക്യാപ്റ്റൻ കോഹ് ലി മുന്നിൽ നിന്നു നയിക്കുന്ന ബാറ്റിംഗ് നിരയിൽ ഡിവില്ലേഴ്സ്, ഗെയ്ൽ, വാട്സൺ തുടങ്ങിയ ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കഴിവുള്ള ഒരുപിടി താരങ്ങളുണ്ട്. ബൗളിംഗ് നിരയിൽ യുസ്വേന്ദ്ര ചാഹലാണ് കുന്തമുന.
എന്നാൽ ആദ്യ സീസണിൽ തന്നെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി, പ്ളേഓഫിന് യോഗ്യത നേടിയെന്ന പെരുമയോടെയാണ് ഗുജറാത്തെത്തുന്നത്. സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓരോ വിജയം വീതം നേടി. ഇന്ന് ജയിക്കുന്ന ടീമിന് ഫൈനൽ ഉറപ്പിക്കാം. അതേസമയം തോൽക്കുന്ന ടീമിന് ഒരു അവസരം കൂടി ലഭിക്കുമെന്നതിനാൽ അവർക്കും പ്രതീക്ഷ പുലർത്താം.