Columns

പിണറായിക്കാലത്തെ ചുവപ്പ് ചോരയുടേതാകുമോ ?

വായുജിത്


.

അൻപതാണ്ടുകൾക്ക് മുൻപും മറ്റ് സംഘടനകളോട് സിപിഎമ്മിന്റെ പെരുമാറ്റം എങ്ങനെയായിരുന്നെന്ന് എം വി രാഘവന്റെ ആത്മകഥ സാക്ഷ്യപ്പെടുത്തുന്നുണ്ട് . പാപ്പിനിശ്ശേരിയിൽ ബസ് കാത്തുനിന്ന ആർ.എസ്.എസ് കാരെ രാഘവന്റെ നാട്ടിൽ വന്ന് അങ്ങനെ ഷൈൻ ചെയ്തിട്ട് പോകണ്ട എന്ന് പറഞ്ഞ് സിപിഎമ്മുകാർ പഞ്ഞിക്കിട്ട കഥ എം വി രാഘവൻ ഒരല്പം അഭിമാനത്തോടെ തന്നെയാണ് ഒരു ജന്മം എന്ന തന്റെ ആത്മകഥയിൽ വിവരിക്കുന്നത് .

അന്ന് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന രാഘവൻ പിന്നീട് താൻ വളർത്തിയ ഗുണ്ടാപ്പടയുടെ അക്രമങ്ങൾ നേരിട്ടനുഭവിക്കേണ്ടി വന്നു എന്നത് മറ്റൊരു ചരിത്രം . രാഘവൻ മാത്രമല്ല പാപ്പിനിശ്ശേരിയിലെയും പറശ്ശിനിക്കടവിലേയും പാമ്പുകളും ചീങ്കണ്ണികളുമൊക്കെ ആ ദുരവസ്ഥയിൽ കൂടി കടന്നുപോയവരാണല്ലോ.

New Doc 1_1

1996 മുതൽ 2001 വരേയും 2006 മുതൽ 2011 വരേയും സിപിഎം അധികാരത്തിലിരുന്നപ്പോഴുണ്ടായിട്ടുള്ള അക്രമങ്ങളും കൊലപാതകങ്ങളും കേരളം മറന്നിട്ടില്ല . രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുന്ന സംഘടനകൾക്ക് അവരുടെ പ്രധാന നേതാക്കളെ നഷ്ടമായത് ഈ കാലയളവിലാണ് . തിണ്ണമിടുക്കും ഭരണവും കൂടിയാകുമ്പോൾ വർഗ്ഗശത്രുക്കളെ അക്ഷരാർത്ഥത്തിൽ തന്നെ ഉന്മൂലനം ചെയ്യുകയായിരുന്നു .

1996 ൽ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മെയ് 20 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അഞ്ചു ദിവസത്തിനുള്ളിൽ ബിജെപിയുടെ കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന പന്ന്യന്നൂർ ചന്ദ്രനെ കാലപുരിക്കയച്ചു . പരുമല ഡിബി കോളേജിൽ എസ് എഫ് ഐ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പമ്പയാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചവരെ കല്ലെറിഞ്ഞു കൊന്നതും അതേ നായനാർ സർക്കാരിന്റെ കാലത്താണ് .

anusujith

ഇതേക്കുറിച്ച് ടി എം ജേക്കബ്ബ് സഭയിൽ ചോദ്യമുന്നയിച്ചപ്പോൾ എ ബി വിപിക്കാരല്ലേ മരിച്ചത് . തനിക്കെന്താ എന്ന നായനാരുടെ ചോദ്യം കുപ്രസിദ്ധമായിരുന്നു. പിന്നീട് 1999 ഡിസംബർ ഒന്നിന് പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിൽ വച്ച് അവരുടെ അദ്ധ്യാപകനായ കെ ടി ജയകൃഷ്ണൻ മാഷിനെ മാർക്സിസ്റ്റുകാർ വെട്ടിക്കൊന്നതും ഈ കാലയളവിൽ തന്നെയായിരുന്നു.

1996-2001 കാലത്ത് മുപ്പതോളം ആർ.എസ്.എസ് – ബിജെപി പ്രവർത്തകരെയാണ് സിപിഎമ്മുകാർ ഇല്ലാതാക്കിയത് . ഇതിൽ തന്നെ പലകേസുകളും ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തേച്ചുമാച്ചു കളഞ്ഞു. പരുമല സംഭവത്തിൽ പോലീസും സർക്കാരും കാണിച്ച അലംഭാവത്തെപ്പറ്റി സൂചിപ്പിച്ച കോടതിക്ക് തങ്ങൾ നിസ്സഹായരാണ് എന്ന് പോലും പറയേണ്ടി വന്നു. കൊലയാളികളെ രക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമം അത്രയ്ക്കുണ്ടായിരുന്നു.

kt jayakrishnan

2006 ൽ അച്യുതാനന്ദൻ സർക്കാർ അധികാരമേറ്റതിനു ശേഷം സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇരുപതിൽ പരം പേർ ആ കാലഘട്ടത്തിലും കൊല്ലപ്പെട്ടു . 2008 ൽ ശിവരാത്രി ദിനത്തിൽ ആസൂത്രിതമായി നടത്തിയ ആക്രമണങ്ങളിൽ കണ്ണൂർ നടുങ്ങി വിറയ്ക്കുകയായിരുന്നു . വൃക്കരോഗിയായ, ശയ്യാവലംബിയായ 65 കാരനെ വരെ വെട്ടിക്കൊല്ലാൻ മടികാട്ടാത്ത അക്രമ പരമ്പരയായിരുന്നു അരങ്ങേറിയത്. പോലീസ് പിന്തുണയോടെയായിരുന്നു അക്രമങ്ങളെല്ലാം.

ചങ്ങനാശ്ശേരി എൻ എസ് എസ് ഹിന്ദു കോളേജിൽ എസ് എഫ് ഐ – എ ബി വി പി സംഘർഷത്തിനിടെ ഏലിയാസ് എന്ന പോലീസുകാരൻ കൊല്ലപ്പെട്ടതാണ് ശ്രദ്ധേയമായ മറ്റൊരു സംഭവം . നിരപരാധികളായ എ ബി വി പി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി സ്റ്റേഷനിലിട്ട് തല്ലിച്ചതയ്ക്കാൻ കൂട്ടു നിന്ന സർക്കാർ എസ് എഫ് ഐ ക്കാരെ രക്ഷിക്കാനാണ് ശ്രമിച്ചത് . ഒടുവിൽ സത്യം പുറത്തുവന്നതോടെ തൊടുന്യായം പറഞ്ഞ് തലയൂരുകയായിരുന്നു. എ ബി വി പി പ്രവർത്തകരുടെ എല്ലു തകർന്നത് മാത്രം മിച്ചം.

2016 ൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേൽക്കുമ്പോഴും കേരളം മാർക്സിസ്റ്റ് അക്രമങ്ങളുടെ നടുവിലാണ് . തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 19 മുതൽ തുടങ്ങിയ അക്രമങ്ങൾ ഇതുവരേയും ഒതുങ്ങിയിട്ടില്ല . തൃശൂരിൽ ഒരു ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി കൊലപാതക പരമ്പരകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട് . തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ , ബൂത്തിലിരുന്നവരെ , പ്രവർത്തിച്ചവരെ എന്നുവേണ്ട അനുഭാവികളെപ്പോലും വെറുതെ വിടുന്നില്ല.

13256262_1271839119510554_1419026505731500243_n

കിണറ്റിൽ മുടി ഇടുക , മണ്ണെണ്ണ ഒഴിക്കുക , സ്കൂട്ടർ തള്ളി കിണറ്റിലിടുക , വാഹനം കത്തിക്കുക തുടങ്ങിയ കലാപ പരിപാടികൾ നിർബാധം തുടരുകയാണ് . പിണറായിയാണ് മുഖ്യമന്ത്രി .. എല്ലാവനേയും എടുത്തോളാം എന്ന ഭീഷണികൾ വേറെയും .

വർഗ്ഗശത്രുവെന്ന് വിധിച്ച് ഉന്മൂലനം ചെയ്യലാണ് രാഷ്ട്രീയപ്രവർത്തനമെന്ന് തെറ്റിദ്ധരിച്ച ക്രിമിനലുകൾ പിണറായിക്കാലം ആഘോഷമാക്കാനാണ് സാദ്ധ്യത. പോലീസിനെ ഏരിയക്കമ്മിറ്റി ഭരിക്കുന്ന സ്ഥിതിയാണ് തുടരുന്നതെങ്കിൽ ജന ജീവിതം ദുസ്സഹമാകുകയും ചെയ്യും . നിയമവും നീതിന്യായവും നോക്കുകുത്തിയാകുമ്പോൾ നിയമവ്യവസ്ഥയ്ക്ക് അതീതമായി ചിന്തിക്കാൻ ഇരകൾ നിർബന്ധിതരായാൽ സ്ഥിതി കൂടുതൽ സങ്കീർണമാകും .

തൊഴിലില്ലായ്മയോ , വിലക്കയറ്റമോ , പട്ടിണിയോ ആകില്ല പുതിയ മുഖ്യമന്ത്രി നേരിടുന്ന വെല്ലുവിളി . സ്വന്തം പാർട്ടിയിലെ കാരായി സംഘങ്ങളുടെ തേർവാഴ്ചകളാകും പിണറായി വിജയന് തലവേദനയാകുന്നത് . 1957 ലെ സെൽ ഭരണത്തിൽ നിന്നും പാർട്ടി വളരെയൊന്നും മാറിയിട്ടില്ലാത്തതിനാൽ പ്രത്യേകിച്ചും .

എന്തായാലും നമുക്ക് കാത്തിരിക്കാം നല്ലതിനു വേണ്ടി ..രാഷ്ട്രീയ അക്രമങ്ങളിൽ നിഷ്പക്ഷമായി നടപടികളെടുക്കാൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ അക്ഷരാർത്ഥത്തിൽ പിണറായിക്കാലത്ത് കേരളം ചുവക്കാൻ തന്നെയാണ് സാദ്ധ്യത. അതുണ്ടാകാതിരിക്കട്ടെ.

8 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close