Special

ഇന്ന് ലോകസമാധാനപാലകദിനം

ഇന്നിന്റെ സാമൂഹികവ്യവസ്ഥിതിയിൽ വളരെയേറെ പ്രാധാന്യമുളള   ഒന്നാണ് സമാധാനം എന്നതിൽ രണ്ടഭിപ്രായമുണ്ടാവില്ല. സമൂഹത്തിന്റെ വിവിധ തുറകളിൽ സമാധാനം എന്ന സങ്കൽപ്പം തന്നെ വിവിധമാനങ്ങളിൽ വ്യവഹരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.

സ്ഥിതിസമത്വം, ലിംഗവിവേചനം, ജാതി-മത വിവേചനം, സ്വജനപക്ഷപാതം, രാഷ്ട്രീയം, വിധ്വംസകവാദം തുടങ്ങി വിവിധ തലങ്ങളിൽ, സമാധാനം എന്ന സമസ്യ ബഹുമുഖമാനങ്ങളിൽ കൈകാര്യം ചെയ്യേണ്ട ഒന്നായി മാറിക്കൊണ്ടിരിക്കുന്നു.

പലപ്പോഴും, സമാധാനമെന്ന വാക്കു പോലും വ്യത്യസ്ഥമായ തലങ്ങളിൽ നിർവ്വചിക്കപ്പെടുന്നതു പോലും കാണാം.

സമൂഹത്തിൽ സമാധാനത്തിന് തീർച്ചയായും ഇടമുണ്ടെന്ന് എല്ലാവരും ഒരേ പോലെ സമ്മതിക്കുമ്പൊഴും, അതിന്റെ നിർവ്വചനങ്ങൾ വ്യത്യസ്ഥമാകുന്നത്, ഏകീകൃതമായ ഒരു സമാധാനസ്ഥാപനത്തിനു തടസ്സമാകുന്നതും ചിന്തിക്കേണ്ട വിഷയമാണ്. നീതിയുടെ കാര്യം പോലെ തന്നെയാണിത്. ഒരാൾക്കു ലഭ്യമാവുന്ന നീതി അപരന് നീതിനിഷേധമായി വ്യാഖ്യാനിക്കപ്പെടുന്നതു പോലെ തന്നെ, ഒരു സമൂഹം കാംക്ഷിക്കുകയും, സ്ഥാപിച്ചെടുക്കുകയും ചെയ്യുന്ന അവരുടേതായ നിർവ്വചനങ്ങളിലൊതുങ്ങുന്ന സമാധാനം, മറ്റൊരു സമൂഹത്തിനോ ന്യൂനപക്ഷത്തിനോ സമാധാനരാഹിത്യമായനുഭവപ്പെടുന്ന വിരോധാഭാസം ചില തലങ്ങളിൽ ദൃശ്യമാകും.

ജാതി-മത വിശ്വാസങ്ങളുടെ നിയമങ്ങൾക്കും, പ്രമാണങ്ങൾക്കുമുളളിൽ സ്ഥാപിക്കപ്പെടുന്ന സമാധാനം മിക്കവാറും ഈ പ്രതിസന്ധിയുടെ ഉദാഹരണമാണ്. ഒരു കൂട്ടരുടെ സമാധാനവും, സ്വാതന്ത്ര്യവും മറ്റൊരു കൂട്ടർക്ക് അസമാധാനമായി മാറുന്ന അവസ്ഥ. അതിൽ നിന്നുടലെടുക്കുന്ന അസഹിഷ്ണുത.

ഇത്തരം സങ്കീർണ്ണമായ സന്ദർഭങ്ങളിൽ രാഷ്ട്രനൈതികതയിലൂന്നിയ, ധാർമ്മികസമീപനം കൈക്കൊളളുന്നതാവും ഒരു ഭരണസംവിധാനത്തെ സംബന്ധിച്ചിടത്തോളം അഭികാമ്യം. എന്നാൽ ആ രാഷ്ട്രത്തിൽ നിവസിക്കുന്ന എല്ലാ ജനവിഭാഗങ്ങളും ആ നീതിബോധത്തെ ഉൾക്കൊളളാനും, സ്വാഗതം ചെയ്യാനും, സമഭാവനയോടെ അനുശീലിക്കാനും ശ്രമിക്കേണ്ടതുണ്ട്. വിട്ടുവീഴ്ച്ച, സഹിഷ്ണുത തുടങ്ങിയ ശീലഗുണങ്ങൾ അതുകൊണ്ടു തന്നെ സമാധാനസ്ഥാപനത്തിന്റെ മൂലസ്തംഭങ്ങളായിത്തീരുന്നു.

ഐക്യരാഷ്ട്രസഭയുടെ കീഴിൽ നിരവധി സമാധാനപാലകർ ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്നുണ്ട്. അവർക്ക് ഐക്യദാർഢ്യം നൽകുന്നതിനായി, ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത ദിനമാണ് മെയ് 29. ആദ്യത്തെ ഐക്യരാഷ്ട്രസമാധാന ദൗത്യത്തിന് പലസ്തീനിൽ തുടക്കം കുറിച്ചത് 1948 മെയ് 29നാണ്. ആ ദിനത്തിന്റെ ഓർമ്മ പുതുക്കുന്നതിനായാണ് യു.എൻ, മെയ് 29 ലോകസമാധാനപാലക ദിനമായി തെരഞ്ഞെടുത്ത് ആചരിച്ചു പോരുന്നത്.

ലോകവും സമൂഹവുമുളള    കാലത്തോളം ഈ ദിനത്തിന്റെ പ്രസക്തിയും, മൂല്യവും വർദ്ധിച്ചു വരിക തന്നെ ചെയ്യും.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close