Special

പ്രതിവർഷം പ്രസക്തിയേറുന്ന പുകയിലവിരുദ്ധദിനം

ഇന്ന് ലോകത്തെ, വിശേഷിച്ചും കേരളത്തെ കാർന്നു തിന്നുന്ന കാൻസർ രോഗത്തിന്റെ പ്രധാന കാരണങ്ങളിൽ ഏറ്റവും മുന്നിലാണ് പുകയില. ശാരീരികവും, മാനസികവുമായ തകരാറുകൾക്ക് വഴിവയ്ക്കുന്ന മാരകമായ വസ്തുവെന്ന നിലയിൽ ആരോഗ്യപ്രവർത്തകർ പുകയിലനിർമ്മാർജ്ജനത്തിന് വളരെ വലിയ പ്രാധാന്യം നൽകുന്നുണ്ട്.

മറ്റു ലഹരി വസ്തുക്കളെയപേക്ഷിച്ച് വിലയിലെ കുറവും, ലഭ്യതയും, കൊണ്ടു നടക്കാനുളള   സൗകര്യവും തുടങ്ങി പുകയിലയെ സാധാരണ ജനങ്ങൾക്കു സ്വീകാര്യമാക്കുന്ന പല ഘടകങ്ങളുമുണ്ട്. പുകയില നിർമ്മാർജ്ജനത്തിനു വേണ്ടിയുളള   നിയമങ്ങളും, ബോധവത്കരണങ്ങളുമൊക്കെ സജീവമാകുമ്പൊഴും, പുകയിലയുൽപ്പന്നങ്ങളുടെ ഉപയോഗവും, വിപണനവും വർദ്ധിച്ചു വരുന്ന കാഴ്ചയാണ് രാജ്യത്തുടനീളം കാണപ്പെടുന്നത്.

സിഗരറ്റ്, ബീഡി, ഗുഡ്ക, പാൻ മസാല തുടങ്ങി വിവിധ ഉൽപ്പന്നങ്ങളായും, ബ്രാൻഡുകളിലും വിപണിയിലെത്തുന്ന പുകയിലയുടെ വിപണിയും, ഇതിൽ നിന്നുളള   വരുമാനവും വളരെ വലുതാണ്. ഇതു തന്നെയാണ് വമ്പൻ കുത്തകകളെ ഈ വിഷ-രാസവസ്തുവിന്റെ വിപണനത്തിൽ ഇത്രയധികം ശ്രദ്ധാലുക്കളാക്കുന്നതും. സമീപകാലത്ത്, ചന്ദ്രബോസ് വധക്കേസിൽ പ്രതിയാക്കപ്പെട്ട വ്യക്തിയുടെ സ്വകാര്യ ആസ്തി തന്നെ പുകയിലയിൽ നിന്നുളള   ഭീമമായ വരുമാനത്തിന് നമ്മുടെ സംസ്ഥാനത്തു തന്നെയുളള   തെളിവാണ്. ആ കേസിലെ പ്രതിയുടെ പ്രധാന ബിസിനസ് പുകയില ഉൽപ്പന്നത്തിന്റേതായിരുന്നു.

ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പിടി കൂടപ്പെടുന്ന കുറ്റവാളികളെ നിരീക്ഷിച്ചാൽ ഞെട്ടലോടെ ബോദ്ധ്യമാകുന്ന ഒരു കാര്യമുണ്ട്. ഇവരിൽ ഏതാണ്ടെല്ലാ പേരിലും, കുറ്റകൃത്യം ചെയ്യുന്ന സമയത്ത് ഏതെങ്കിലും തരത്തിലുളള   പുകയിലയുടെയും, മദ്യത്തിന്റെയും അഥവാ രണ്ടിന്റെയും കൂടി സാന്നിദ്ധ്യമുണ്ടെന്നതാണത്. എന്നാൽ ആ വഴിയിലുളള   പഠനങ്ങളോ, നിവൃത്തിമാർഗ്ഗങ്ങളോ നമ്മുടെ നാട്ടിൽ വളർന്നു വരുന്നില്ലെന്നത് ദുഃഖകരമാണ്.

കുട്ടിക്കുറ്റവാളികളിലും പുകയിലയുടെ സാന്നിദ്ധ്യം ആശങ്കയ്ക്കിടയാക്കും വിധം ശക്തമാണെന്നു കാണാം.

മദ്യവിമോചനത്തിനായുളള   ചികിത്സാപദ്ധതികളേക്കാൾ, സങ്കീർണ്ണവും, ക്ലേശകരവും, ചിലവേറിയതുമാണ് പുകയില വിമുക്തിക്കായുളള   ചികിത്സ. ഏതാണ്ട് ഒരു മാസം മുതൽ വർഷങ്ങളോളം നീണ്ടു നിന്നേക്കാവുന്ന ചികിത്സ ഇതിന് ആവശ്യമായി വന്നേക്കാം. നിക്കോട്ടിൻ എന്ന മാരക വിഷസാന്നിദ്ധ്യം ശരീരത്തിൽ നിന്നും വിട്ടകലുമ്പോൾ, രോഗിയെ നിയന്ത്രിക്കാനും, നിരീക്ഷിക്കാനും, പരിചരിക്കാനും വിദഗ്ദ്ധരായവരുടെയും, അതിനു സൗകര്യമുളള   ആശുപത്രികളുടെയും ലഭ്യതയും ഈ പ്രശ്നത്തിന് വെല്ലുവിളിയാണ്. സർക്കാർ തലത്തിൽ വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കുമ്പൊഴും, പുകയിലമുക്തി ആഗ്രഹിക്കുന്നവർക്ക് വിദഗ്ദ്ധ ചികിത്സയോ, പുനരധിവാസമോ ലഭ്യമാക്കാനുളള   യാതൊന്നും ചെയ്യുന്നില്ലെന്നതും വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

ആകർഷകങ്ങളായ വർണ്ണക്കടലാസുകളിൽ പൊതിഞ്ഞു വരുന്ന പാൻ മസാല പോലെയുളള   ഉൽപ്പന്നങ്ങളെല്ലാം സംസ്ഥാനത്ത് നിരോധിച്ചിട്ടുളളതാണ്. എന്നാൽ ഈ നിരോധനം നിലനിൽക്കുമ്പൊഴും, ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ സുലഭമാണ്. മൂന്നോ നാലോ രൂപ എം.ആർ.പി യുളള   ഉൽപ്പന്നങ്ങൾക്ക് പത്തു മുതൽ നൂറു രൂപ വരെ വിലയീടാക്കി കച്ചവടക്കാർ വിതരണം ചെയ്യുന്നു. അമിതമായ ലാഭവും, ലഹരിക്ക് അടിമയായിക്കഴിഞ്ഞവർ എന്തു വില നൽകിയും ഇവ വാങ്ങാൻ തയ്യാറാവുന്നതും ഇവകളുടെ വിപണിയെ സജീവമാക്കുന്നതിൽ പങ്കു വഹിക്കുന്നു.

പുകയിലയുൽപ്പന്നങ്ങൾ വിൽക്കുന്നതിനും, അവയുടെ പരസ്യങ്ങൾക്കുമൊക്കെ നിയന്ത്രണവും, മാനദണ്ഡവും നിഷ്കർഷിക്കപ്പെടുമ്പൊഴും, ഇവയുടെ ഉത്‌പാദനവും, ഉപയോഗവും നിരോധിക്കപ്പെടുന്നില്ലന്ന വിരോധാഭാസവും, ഈ ദുഃശ്ശീലത്തിന്റെ വ്യാപനത്തിന് വളം നൽകുന്നതാണ്.

പാൻ മസാലകൾ പോലെയുളള   ഉൽപ്പന്നങ്ങളാണെങ്കിൽ നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും മാരകമാണ്. ഒന്നാമതായി അതിൽ എന്തൊക്കെ ചേരുവകളാണുള്ളതെന്നത് എങ്ങും വെളിപ്പെടുത്തിയിട്ടില്ല. അതിലുപരി ഗ്ലാസ്, ലോഹം രാകിയെടുക്കുന്ന പൊടി തുടങ്ങിയവ ഇതിൽ ചേരുവയായി ചേരുന്നുമുണ്ട്. വായക്കുളളിലെ മൃദുവായ ത്വക്കിൽ മുറിവുണ്ടാക്കുന്നതിനു വേണ്ടിയാണ് ഇവ ചേർക്കുന്നത്. ആ മുറിവിലൂടെ വർദ്ധിച്ച അളവിൽ നിക്കോട്ടിൻ ശരീരത്തിൽ പ്രവേശിക്കുകയും കൂടുതൽ ലഹരി അനുഭവപ്പെടുകയും ചെയ്യുന്നതിനാണ് ഇത്തരം വിനാശകരമായ വസ്തുക്കൾ ഇവയിൽ ചേർക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

പുകയിലയുടെ ദൂഷ്യവശത്തേക്കുറിച്ച് മഹാത്മാഗാന്ധി പോലും നമുക്ക് മുന്നറിയിപ്പു തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘ദ കീ ടു ഹെൽത്ത്‘ എന്ന ഗ്രന്ഥത്തിന്റെ ഒൻപതാം അദ്ധ്യായം തന്നെ ഇതിനു വേണ്ടിയദ്ദേഹം നീക്കി വച്ചിരിക്കുന്നു.

ഇന്നു വർദ്ധിച്ചു വരുന്ന കാൻസർ രോഗികളുടെയും, ശ്വാസകോശരോഗികളുടെയും എണ്ണവും, പുകയിലയുപയോഗത്തിൽ നാം ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പാണു നമുക്കു തരുന്നത്. ഒരു സമൂഹത്തിന്റെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ മുഴുവൻ താറുമാറാക്കി അവരെ നിത്യരോഗിയാക്കാൻ കെൽപ്പുളള   ഈ മാരക വിഷവസ്തുവിനെ സമൂഹത്തിൽ നിന്നും ഉൻമൂലനം ചെയ്യുന്നതിനായി സമർപ്പണ ബുദ്ധിയോടെയും, നിശ്ചയദാർഢ്യത്തോടെയുമുളള   ഒറ്റക്കെട്ടായ പ്രവർത്തനമാണാവശ്യമെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നതാണ് ലോക പുകയിലവിരുദ്ധദിനമായ മെയ് 31.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close