ന്യൂയോർക്ക് : കോപ്പാ അമേരിക്ക ഫുട്ബോളിൽ കോസ്റ്റാറിക്കക്കെതിരെ യു.എസിന് തകർപ്പൻ ജയം .എതിരില്ലാത്ത നാലു ഗോളിനാണ് യു.എസ് കോസ്റ്റാറിക്കയെ തോൽപ്പിച്ചത്.ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോൾ നേടി യു.എസ് മത്സരത്തിൽ ആധിപത്യമുറപ്പിച്ചു.
ക്ലിന്റ് ഡെംപ്സി,ജെർമെയ്ൻ ജോൺസ്,ബോബി വുഡ്,ഗ്രഹാം സൂസി എന്നിവരാണ് ഗോൾ നേടിയത്. കോപ്പയിലെ ആദ്യ മത്സരത്തിൽ കൊളംബിയയോട് തോൽവി ഏറ്റുവാങ്ങിയതിനാൽ കോസ്റ്റാറിക്കയോടുള്ള ജയം യു എസിന് അനിവാര്യമായിരുന്നു.
നാലു ഗോളുകൾ വഴങ്ങിയെങ്കിലും പൊരുതാതെയല്ല കോസ്റ്റാറിക്ക കീഴടങ്ങിയത് . ഉജ്ജ്വലമായ ആക്രമണവും പ്രതിരോധവും സമന്വയിച്ചായിരുന്നു കോസ്റ്റാറിക്കയുടെ പോരാട്ടം . എന്നാൽ മത്സര ഗതിക്കെതിരെയായിരുന്നു ആദ്യ പകുതിയിലെ മൂന്ന് ഗോളുകളും .ഗാംബോവ യെഡ്ലിനെ ഫൗൾ ചെയ്തതാണ് കോസ്റ്റാറിക്കയ്ക്ക് വിനയായത് . തുടർന്ന് ലഭിച്ച പെനാൽറ്റി ക്ളിന്റെ ഡെംസി പിഴവില്ലാതെ വലയിലാക്കി.
പിന്നീട് 37-)0 മിനുട്ടിൽ ജെർമൈൻ ജോൺസും 42-)0 മിനുട്ടിൽ ബോബി വുഡും 87-)0 മിനുട്ടിൽ ഗ്രഹാം സൂസിയും കോസ്റ്റാറിക്കയുടെ വല കുലുക്കിയതോടെ പട്ടിക പൂർണമായി .