Special

നെഹ്രു കുടുംബത്തിന്റെ രാജവാഴ്ച : മുതിർന്ന നേതാക്കൾ പടിയിറങ്ങുന്നു . കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ

അസമിലും കേരളത്തിലും ദയനീയ തോൽവി . തമിഴ്നാട്ടിൽ 8 സീറ്റു കൊണ്ട് തൃപ്തിപ്പെട്ടു . ബംഗാളിൽ നില മെച്ചപ്പെടുത്തിയെങ്കിലും പ്രതീക്ഷയ്ക്കൊത്തുയർന്നില്ല . പുതുച്ചേരിയെന്ന കേന്ദ്രഭരണ പ്രദേശത്ത് മാത്രം ഭരണം . ഈയടുത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ പ്രകടനം വിശകലനം ചെയ്താൽ ലഭിക്കുന്ന ചിത്രമിതാണ് .

തോൽവികൾക്ക് പിറകേ കൂനിന്മേൽ കുരുവെന്ന പോലെ മുതിർന്ന നേതാക്കളുടെ രാജിയും . ഗുരുദാസ് കാമത്ത് , അജിത് ജോഗി തുടങ്ങിയവരുടെ പടിയിറക്കം വരാൻ പോകുന്ന പലതിന്റെയും സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം . മുതിർന്ന നേതാക്കളിൽ പലരും ഇനിയും രാജിവയ്ക്കാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന.

1984 ൽ മുപ്പതാം വയസ്സിൽ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിൽ അംഗമായ ആളാണ് ഗുരുദാസ് കാമത്ത്. എൻ എസ് യു വിന്റെ മുൻ പ്രസിഡന്റ്. അഞ്ചു പ്രാവശ്യം എം പി ആയി . രണ്ടാം യു പി എ സർക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയുമായി . മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദമുള്ള ഈ അഭിഭാഷകൻ മഹാരാഷ്ട്രയിലെ സ്വാധീനമുള്ള കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു. നെഹ്രു കുടുംബത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന ഉപജാപക സംഘങ്ങളുടെ ഇടപെടലുകളിൽ മനസ്സ് മടുത്താണ് കാമത്ത് രാജിവച്ചതെന്നാണ് വാർത്തകൾ

1968 ൽ ഭോപ്പാലിലെ മൗലാന ആസാദ് കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് സ്വർണമെഡലോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ആളാണ് അജിത് ജോഗി. പിന്നീട് ഇന്ത്യൻ പോലീസ് സർവീസിലും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലും കയറിപ്പറ്റി. 1986 മുതൽ 98 വരെ രണ്ട് ടേമിലായി രാജ്യസഭാംഗമായി. ഛത്തീസ് ഗഡ് സംസ്ഥാനം രൂപീകരിച്ചപ്പോൾ ആദ്യ മുഖ്യമന്ത്രിയുമായി . പുതിയ പാർട്ടി ഉണ്ടാക്കാനാണ് ജോഗിയുടെ തീരുമാനം .

കോൺഗ്രസ് വിമുക്ത ഭാരതം എന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക് . വലിയ സംസ്ഥാനങ്ങളിൽ കർണാടകയിൽ മാത്രമാണ് ഇപ്പോൾ ഭരണമുള്ളത് . ഉത്തരഖണ്ഡിൽ ഹരീഷ് റാവത്ത് സർക്കാർ ഈയടുത്ത് ഉയർന്നു വന്ന പ്രതിസന്ധിയിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത് . ഹിമാചൽ മുഖ്യമന്ത്രി വീരഭദ്ര സിംഗാകട്ടെ കേന്ദ്രമന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിൽ സി ബി ഐയുടെ നോട്ടപ്പുള്ളിയാണ് . മണിപ്പൂരിലും സ്ഥിതി ആശാവഹമല്ല . ഈയടുത്ത് നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വച്ചത് .

ത്രിപുരയിൽ ആകെ ഉണ്ടായിരുന്ന ഒൻപത് എം എൽ എ മാരിൽ ആറു പേർ തൃണമൂലിൽ പോയതാണ് മറ്റൊരു സംഭവം . ബംഗാളിൽ ആകെയുള്ള നാൽപ്പത്തിനാല് എം എൽ എ മാരുടെ കയ്യിൽ നിന്ന് മറ്റൊരു പാർട്ടിയിൽ പോവില്ല എന്ന സത്യവാങ് മൂലം വാങ്ങിച്ചു വയ്ക്കേണ്ട ഗതികേടുമുണ്ടായിരിക്കുകയാണ് . ചുരുക്കത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ പെട്ടുഴലുകയാണ് കോൺഗ്രസ്.

ഇതിനെ നേരിടാൻ നേതൃശേഷിയുള്ള ആരും പാർട്ടിയിൽ ഇല്ലെന്നതാണ് മറ്റൊരു കുഴയ്ക്കുന്ന പ്രശ്നം . നരേന്ദ്രമോദി നേതൃത്വം നൽകുന്ന , കാര്യശേഷിയുള്ള സംസ്ഥാന നേതാക്കളുള്ള ബിജെപിയെ നേരിടാൻ രാഹുലിന്റെ നേതൃത്വം മതിയാകയില്ലെന്നാണ് പാർട്ടി നേതാക്കൾ പോലും രഹസ്യമായി പറയുന്നത് . മറ്റ് പാർട്ടികളിൽ നിന്ന് വന്ന നേതാക്കളെക്കൊണ്ട് കോൺഗ്രസ് പാരമ്പര്യമുള്ള മുതിർന്ന നേതാക്കളെ കോൺഗ്രസ് സംസ്കാരം പഠിപ്പിക്കാൻ രാഹുൽ ശ്രമിക്കുന്നുവെന്നും പരാതികളുണ്ട് . മുതിർന്ന നേതാക്കളുടെ പടിയിറക്കം ഇതു കൊണ്ട് കൂടിയാണെന്നും പറയുന്നു.

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ പ്രിയങ്കയെ രംഗത്തിറക്കാനാണ് ഇപ്പോൾ ശ്രമം . എന്നാൽ നിരവധി ഭൂമാഫിയ വിഷയങ്ങളിൽ ആരോപണ വിധേയനായ ഭർത്താവ് റോബർട്ട് വാധ്രയാണ് പ്രിയങ്കയ്ക്ക് വഴിമുടക്കുന്നത് . നെഹ്രു കുടുംബത്തിൽ നിന്നല്ലാതെ നേതാക്കന്മാർ ഉയർന്നു വരരുതെന്നുള്ള അലിഖിത നിയമം കോൺഗ്രസിന്റെ തകർച്ച പൂർണമാക്കുകയാണ് . ജനകീയരല്ലാത്ത നേതാക്കളും രാഷ്ട്രീയമണ്ടത്തരങ്ങളും ഇനിയും തുടർന്നാൽ നരേന്ദ്രമോദി പറഞ്ഞ കോൺഗ്രസ് മുക്തഭാരതം അധികം അകലെയല്ലെന്നാണ് കോൺഗ്രസുകാർ പോലും രഹസ്യമായി സമ്മതിക്കുന്നത് .

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close