പാലക്കാട്: സ്കൂളുകള്‍ തുറന്നതോടെ നാടെങ്ങും പഠനോപകരണ വിതരണവും, അനുമോദന സദസ്സുകളും സജീവമായി. പാലക്കാട് നഗരത്തില്‍ കൗണ്സിലര്മാരുള്പ്പെടെയുള്ളവര് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവുമായി രംഗത്തെത്തി.
നഗരത്തില്‍ പഠന സാമഗ്രികളുടെ വിതരണം പൊടി പൊടിക്കുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികളും, ക്ലബ്ബുകളും, സന്നദ്ധ സംഘടനകളുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി രംഗത്തെത്തുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്തും, സിനിമാ സീരിയല്‍ താരങ്ങളും അടക്കം നിരവധി പേരാണ് പഠന സാമഗ്രികളുടെ വിതരണത്തില്‍ പങ്കാളികള്‍ ആയത്.
മാതാ പിതാക്കള്‍ നഷ്ടപ്പെട്ട എല്‍ കെ ജി വിദ്യാര്‍ഥി മുഹമ്മദ് ഹാഫിയുടെ മുഴുവന്‍ പഠന ചിലവും കൗണ്‍സിലര്‍ പി സാബുവിന്റെ നേതൃത്വത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.
എന്തായാലും പഠന സാമഗ്രികളുടെ അപര്യാപ്തത മൂലം നിര്‍ധന വിദ്യാര്‍ഥികള്‍ ഇനി മുതല്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാം.