Health

രുചിയും,ഗുണവും, മണവും തരും കറിവേപ്പില… പക്ഷേ…

കേവലം ഒരു രുചിവർദ്ധക വസ്തുവെന്നതിലുപരി നിരവധി പോഷക ഗുണങ്ങളും, ഔഷധ ഗുണങ്ങളുമുള്ള ഒരു സസ്യമാണ് കറിവേപ്പ്. കുറ്റിച്ചെടികളായും, ഒന്നു രണ്ടാൾ പൊക്കത്തിൽ വരെയും വളരുന്ന ഈ സസ്യത്തിൽ അന്നജം, പ്രോട്ടീൻ, ജീവകം എ, ജീവകം ബി2, നയാസിൻ, ജീവകം സി, ഇരുമ്പ്, കാൽസ്യം, ഭക്ഷ്യനാരുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. കറിവേപ്പിന്റെ ജന്മദേശം ഭാരതമാണ്.

വിഷവിമുക്തമായ കറിവേപ്പില ഒരേ സമയം സുഗന്ധവ്യഞ്ജനവും, രുചിവർദ്ധിനിയും, ഔഷധവുമാണ്. ദഹനരസം വർദ്ധിപ്പിക്കുന്നതിനും, വയറ്റിലുണ്ടാകുന്ന അസുഖങ്ങൾക്കും ഇത് ഔഷധമായി ഉപയോഗിച്ചു വരുന്നുണ്ട്.

അതേസമയം, വിഷവിമുക്തമായ കറിവേപ്പില ലഭിക്കണമെങ്കിൽ, അത് സ്വന്തമായി കൃഷി ചെയ്യണമെന്ന അവസ്ഥയാണിന്ന് കേരളത്തിൽ. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ കീടനാശിനിപ്രയോഗം നടത്തപ്പെടുന്നത് കറിവേപ്പിലയിലും, മല്ലിയിലയിലുമാണെന്നു പറയപ്പെടുന്നു. സമീപകാലത്ത് നടന്ന ചില പരീക്ഷണങ്ങളിൽ കറിവേപ്പിലയിൽ നിന്നും നാൽപ്പതോളം രാസകീടനാശിനികളാണ് കണ്ടെത്തിയത്.

തമിഴ്‌നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന കറിവേപ്പില ചില വിദേശരാജ്യങ്ങളിലേയ്ക്ക് കയറ്റിയയയ്ക്കുന്നതിന് നിരോധനം വരെ നിലവിലുണ്ടായിരുന്നുവെന്നത്, ഇതിലടങ്ങിയിരിക്കുന്ന മാരക രാസവസ്തുക്കളുടെ ആധിക്യം വെളിവാക്കുന്നതാണ്.

വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്ന പല കർഷകരും ഒന്നോ അതിലധികമോ കീടനാശിനികളോടൊപ്പം ഒരു തരം പശയും കലർത്തിയാണ് ഇന്ന് പച്ചക്കറികളിൽ പ്രയോഗിച്ചു വരുന്നത്. ഈ പശ മഴ കാരണമോ, ജലസേചനം ചെയ്യുമ്പൊഴോ വിഷാംശം സസ്യത്തിൽ നിന്നും നഷ്ടപ്പെടുന്നതു തടയുന്നതിനു വേണ്ടിയാണ്. എന്നാൽ നമ്മുടെ അടുക്കളകളിലെത്തുമ്പൊഴും, എത്ര കഴുകിയാലും പോകാത്തത്ര രൂക്ഷമായി ഈ വിഷസാന്നിദ്ധ്യമുണ്ടാകുമെന്നതാണ് ഏറ്റവും അപകടകരം.

രുചിയും, ഗുണവും പ്രതീക്ഷിക്കുന്നിടത്ത് രോഗങ്ങളാവും കടന്നു വരികയെന്നത് ഗൗരവമായിത്തന്നെ കാണണം.

സ്വന്തം വീട്ടാവശ്യത്തിനുള്ള കറിവേപ്പില സ്വന്തമായി ഉത്പാദിപ്പിക്കുക ഒട്ടും തന്നെ ക്ലേശകരമായ കാര്യമല്ല. അധികം പരിചരണം ആവശ്യമില്ലാത്ത ഈ സസ്യം സ്വന്തമായി ഉൽപ്പാദിപ്പിച്ചുപയോഗിക്കുന്നതു തന്നെയാണഭികാമ്യം.

വയറ്റിലുണ്ടാകുന്ന അസുഖങ്ങൾ, വായിലെ അസ്വസ്ഥതകൾ ഇവകൾക്ക് കറിവേപ്പില ഔഷധമാണ്. കറിവേപ്പില മാത്രമായോ; ഇഞ്ചി, അയമോദകം, പുതിന ഇവകളോടൊപ്പമോ അരച്ചുരുട്ടി കഴിക്കുന്നത് വയറിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾക്ക് വീട്ടിൽ നിർമ്മിക്കാവുന്ന ഒറ്റമൂലിയാണ്.

കറിവേപ്പില ചേർത്ത് പാകപ്പെടുത്തിയെടുക്കുന്ന കാച്ചിയ എണ്ണ മുടി കറുക്കുന്നതിനും, മുടി കൊഴിച്ചിൽ തടയുന്നതിനും, തഴച്ചു വളരുന്നതിനും വളരെ നല്ലതാണ്. കറിവേപ്പിലയും, ചുവന്നുള്ളിയും ചേർത്തു കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ മുടിവളർച്ചയ്ക്കും, തലയ്ക്കു നല്ല തണുപ്പു ലഭിക്കുന്നതിനും ഉത്തമമാണ്.

ദഹനത്തിന്, ചർമ്മരോഗങ്ങൾ അകറ്റുന്നതിന്, ഫംഗസ്, അണുബാധ തുടങ്ങിയ രോഗങ്ങൾക്ക് തുടങ്ങി സാധാരണ ജീവിതത്തിലുണ്ടാകുന്ന നിരവധി അസ്വസ്ഥതകൾക്ക് കറിവേപ്പില തനിയെയും, വീട്ടിൽ തന്നെ ലഭ്യമാകുന്ന മറ്റു വസ്തുക്കളുമായി ചേർത്തും ഉപയോഗിക്കാൻ കഴിയും.

എന്നാൽ ഈ ഗുണങ്ങൾക്കെല്ലാം അപ്പുറം വിഷമുക്തമായ ഇലകൾ തന്നെ ലഭ്യമാകണമെന്നുള്ളിടത്താണ് സ്വന്തമായ ഉത്പാദനത്തിന്റെ ആവശ്യകത ഉയർന്നു വരുന്നത്.

മാരകമായ രാസവസ്തുക്കൾ ഒഴിവാക്കി, തികച്ചും ലളിതമായി പരിപാലിക്കാവുന്ന ഈ സസ്യം ഓരോ വീട്ടിലും അത്യാവശ്യമായി ഉണ്ടാവേണ്ട ഒരു അടുക്കളസസ്യമാണ്.

58 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close