മലപ്പുറം: രാഷ്ട്രീയ ആവശ്യത്തിന് മതത്തെ ചൂഷണം ചെയ്യുന്നതിന്റെ ഉദാഹരണമാണ് കോണ്‍ഗ്രസും സി.പി.എമ്മും ഏകീകൃത സിവില്‍ കോഡിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് എം.എല്‍.എ ഒ.രാജഗോപാല്‍. താന്‍ എം.എല്‍.എ ആയത് തന്റെ നേട്ടമല്ലെന്നും ഒരു സംസ്കാരം ഉയര്‍ത്തിപ്പിടിക്കാനായി ജീവനും ജീവിതവും ഹോമിച്ചവരുടെ വിജയവുമാണെന്നും ഒ.രാജഗോപാല്‍ എം.എല്‍.എ മലപ്പുറത്ത് പറഞ്ഞു.
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തുറന്ന് പറയുകയാണ് ബി.ജെ.പി ചെയ്തത്. എന്നാല്‍ തങ്ങളെ വര്‍ഗീയവാദിയെന്ന് വിളിക്കുയാണ് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തത്. എല്ലാ വിഷയത്തിലും മതം കാണുന്നവരാണ് സി.പി.എമ്മുകാര്‍ അതിന്റെ ഉദാഹരണമാണ് ഏകീകൃത സിവില്‍ കോഡിന്റെ കാര്യത്തിലെ അവരുടെ നിലപാടിലൂടെ വ്യക്തമാകുന്നത്. എം.എല്‍.എക്ക് സ്വീകരണം നല്കാന് ബി.ജെ.പി ജില്ലാ നേതൃത്വം സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം.
ഏകീകൃത സിവില്‍കോഡിനെ സംബന്ധിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എമ്മും കോണ്‍ഗ്രസുകാരും ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന് പിള്ള പറഞ്ഞു. കൂടാതെ നിയമത്തിന് എതിരെ സംസാരിച്ച് ചില വര്‍ഗീയ ശക്തികള്‍ക്ക് വിടുപണി ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയില്‍ ജില്ലയിലെ എന്‍.ഡി.എ ഘടകക്ഷി നേതാക്കള്‍ പങ്കെടുത്തു.