Special

ലൗ ജിഹാദ് സത്യമാണ്… അത് കേരളത്തിൽ തന്നെയുണ്ട്

കാവാലം ജയകൃഷ്ണൻ


2006-2007 കാലഘട്ടങ്ങളിലാണ് കേരളസമൂഹം അതു വരെ കേട്ടിട്ടില്ലാത്ത ഒരു
വാക്കിനോടും, അതിന്റെ അർത്ഥത്തോടും പൊരുത്തപ്പെടാൻ കഴിയാതെ അന്തം വിട്ടു
നിന്നത്. ലൗ ജിഹാദ് എന്ന പേര് പതിയെപ്പതിയെ മലയാളിക്കു സുപരിചിതമായതും
അതിനു ശേഷമാണ്.

ലൗജിഹാദിന്റെ ഇരകളായി സംസ്ഥാനത്തെ ആയിരക്കണക്കിനു
പെൺകുട്ടികൾ മാറിയിട്ടും, പലരുടെയും ജീവൻ പൊലിഞ്ഞിട്ടും ലൗ ജിഹാദ് ഇല്ല
എന്ന നിലപാടാണ് സർക്കാരും, പൊലീസും, ചില മതസംഘടനകളും കൈക്കൊണ്ടതെന്നതാണ് വിരോധാഭാസം.

കേരളത്തിലും സമീപസംസ്ഥാനങ്ങളിൽ നിന്നും ലൗ ജിഹാദിന് ഇരയായവരെല്ലാം
ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളാണ്. അതിൽ കൂടിയ ശതമാനവും ഹിന്ദു
പെൺകുട്ടികളാണ്. ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസം‌രക്ഷണസമിതി, ഭാരതീയ
ജനതാപാർട്ടി, വിശ്വഹിന്ദു പരിഷത്ത്, രാഷ്ട്രീയ സ്വയം സേവകസംഘം,
എസ്.എൻ.ഡി.പി തുടങ്ങിയ സംഘടനകളെല്ലാം ലൗ ജിഹാദിനെതിരേ
ശബ്ദമുയർത്തിയിട്ടും നിതാന്തമൗനമായിരുന്നു സംസ്ഥാനഭരണകൂടം പുലർത്തിയത്.
ലൗ ജിഹാദില്ലെന്ന് അവർ മന്ത്രിച്ചുകൊണ്ടേയിരുന്നു. നിരവധി പെൺകുട്ടികളെ
അവരുടെ കുടുംബങ്ങൾക്ക് നഷ്ടമായിക്കൊണ്ടേയിരുന്നു…

സ്നേഹത്തിനു വേണ്ടിയും, ഒരു വേള സ്വന്തം ജീവനു വേണ്ടിയും
മതപരിവർത്തനത്തിനു പെൺകുട്ടികൾ തയ്യാറായപ്പോൾ, മതത്തിനു വേണ്ടിയും,
തീവ്രവാദത്തിനു വേണ്ടിയും, ഇനിയും അജ്ഞാതമായ മറ്റെന്തിനൊക്കെയോ വേണ്ടിയും ‘അവർ’ മതപരിവർത്തനത്തിനു വീണ്ടും വീണ്ടും വന്യവും, തീക്ഷ്ണവുമായ ഇച്ഛാശക്തിയോടെ ശ്രമിച്ചുകൊണ്ടേയിരുന്നു.

ലൗ ജിഹാദ് ഇല്ല എന്നു വിശദീകരിക്കാനും, സ്ഥാപിക്കാനും പൊലീസും സർക്കാരും
ചിലവാക്കിയ ഊർജ്ജത്തിന്റെ ലക്ഷത്തിലൊന്നു പോലും, ലൗ ജിഹാദ് ഉണ്ടോ
എന്നന്വേഷിക്കാൻ അവർ ചെലവാക്കിയില്ല. അവരുടെ കുറ്റകരമായ നിസ്സംഗത
കേരളത്തിലെ തീവ്രവാദപ്രവർത്തനങ്ങൾക്ക് അടിവളം ചേർക്കുകയായിരുന്നു.

ലൗ ജിഹാദ് ഇല്ല… ഇല്ലേയില്ലെന്ന സത്യവാങ്മൂലമാണ് അന്നത്തെ ഡി.ജി.പി ആയിരുന്ന ജേക്കബ് പുന്നൂസ് ബഹുമാനപ്പെട്ട ഹൈക്കോടതിക്കു മുൻപിൽ സമർപ്പിച്ചത്. അന്നു സംസ്ഥാനം ഭരിച്ചിരുന്നതാവട്ടെ   ഇന്നു സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫ് സർക്കാരും, മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും.

എന്നാൽ സമുദായത്തിന്റെ അടിത്തട്ടിൽ വീണ അപകടകരമായ സുഷിരത്തേക്കുറിച്ച്
ഹിന്ദു ഹെൽപ്പ് ലൈൻ പോലെയുള്ള ചില പ്രസ്ഥാനങ്ങൾ ബോധവാന്മാരായിരുന്നു.
പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടും, നിരവധി പ്രതിസന്ധികളെ നേരിട്ടു
കൊണ്ടും ഈ ദുരന്തത്തിനെതിരേ അവർ തങ്ങളാലാകും വിധം പ്രവർത്തിച്ചു.
ബോധവത്കരണവും, കൗൺസലിംഗും, നിയമ സഹായവും തുടങ്ങി തങ്ങളാലാവുന്ന
സഹായങ്ങളെല്ലാം തികച്ചും സൗജന്യമായി അവർ സമൂഹത്തിനു നൽകി.  ക്രിസ്ത്യൻ സംഘടനകളും തങ്ങളുടെ ജനതയെ നാശത്തിലേയ്ക്കു കൂപ്പു കുത്താതെ സം‌രക്ഷിക്കാൻ ആവതും ശ്രമിച്ചു കൊണ്ടിരുന്നു.

പെൺകുട്ടികൾ, മൊബൈൽ ഫോൺ റീചാർജ്ജ് ചെയ്യാൻ കൊടുക്കുന്ന നമ്പരുകൾ
റീ-ചാർജ്ജ് സെന്ററുകളിൽ നിന്ന് ശേഖരിച്ച്, അവരെ ഫോണിൽ നിരന്തരം വിളിച്ച്
ബന്ധം സ്ഥാപിച്ച്, സാമ്പത്തികശേഷി കുറഞ്ഞ പെൺകുട്ടികൾക്ക് വിലപിടിപ്പുള്ള
സമ്മാനങ്ങളും, പണവും നൽകി, മയക്കുമരുന്ന് നൽകി ഇങ്ങനെ പെൺകുട്ടികളെ
വലയിലാക്കാൻ ഇക്കൂട്ടർ സ്വീകരിക്കാത്ത മാർഗ്ഗങ്ങളില്ല. ഈ പ്രവർത്തനങ്ങൾക്ക് പണം ലഭിച്ചതെവിടെ നിന്നെന്നു പോലും ആരും അന്വേഷിച്ചില്ല.

ആദ്യഘട്ടം   കൊഴിഞ്ഞു പോക്കിന്റേതായിരുന്നെങ്കിൽ, അടുത്ത ഘട്ടം മരണങ്ങളുടേതായിരുന്നു. ആത്മഹത്യകളും, കൊലപാതകങ്ങളും സ്ഥിരം വാർത്തകളായി. അനൂജയുടെ കൊലപാതകം ലൗ ജിഹാദും തീവ്രവാദവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച്   വ്യക്തമായ തെളിവുകൾ നൽകുന്നതാണ്. കുങ്കുമനിറമുള്ള വസ്ത്രമണിയിച്ച്, തല മുണ്ഡനം ചെയ്ത് കൊല്ലുന്ന രീതി ഐ.എസിന്റേതാണെന്ന് അന്നു പലരും പറഞ്ഞെങ്കിലും അന്വേഷിക്കേണ്ടവർ മൗനം ദീക്ഷിച്ചു. ‘ഓ…പിന്നേ’ എന്ന ഭാവത്തിൽ മാദ്ധ്യമങ്ങൾ പോലും ഇതിനെ കണ്ടില്ലെന്നു നടിച്ചു. ലൗ ജിഹാദ് ഇല്ല എന്നു സ്ഥാപിക്കാൻ അഹോരാത്രം അദ്ധ്വാനിച്ച ഡി.വൈ.എഫ്.ഐ പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകയായിരുന്നു കളമശ്ശേരിയിൽ കൊല ചെയ്യപ്പെട്ട അനൂജയെന്നതും ഇവിടെ പ്രസ്താവ്യമാണ്.

കേവലം മതപരമായ വ്യത്യാസത്തിന്റെ പേരിൽ സ്നേഹിക്കുന്നവരെ അകറ്റണോ എന്നു ചോദിക്കുന്നവർ തന്നെ മതപരിവർത്തനത്തെ നിർബന്ധിക്കുകയും, ന്യായീകരിക്കുകയും ചെയ്യുന്നതിലെ വിരോധാഭാസം എന്താണ്? അതേ ന്യായീകരണത്തൊഴിലാളികൾ തന്നെ  ഈ  പെൺകുട്ടികൾ കൊലചെയ്യപ്പെടുകയോ, ഇക്കൂട്ടരുടെ തീവ്രവാദബന്ധം   വാർത്തയാവുകയോ ചെയ്യുമ്പോൾ അവർ ഞങ്ങളുടെ കൂട്ടരേയല്ല എന്നു ന്യായീകരിക്കുകയും ചെയ്യുന്നതിനു പിന്നിലെ ചേതോവികാരം എന്താണ്?

ലൗ ജിഹാദ് എന്ന പേരിൽ ഒരു പ്രസ്ഥാനം നിലവിലില്ലെന്നതാണ് സാങ്കേതികമായി ലൗ
ജിഹാദ് ഇല്ല എന്നു സ്ഥാപിക്കുന്നതിനു പിന്നിലെ കാരണം. എന്നാൽ ലൗ ജിഹാദ്
എന്ന വാക്കു കൊണ്ടു വിവക്ഷിക്കപ്പെടുന്ന പ്രവർത്തനങ്ങളും, പദ്ധതികളും,
ആസൂത്രണങ്ങളും, അപകടങ്ങളും അവിടെത്തന്നെയുണ്ടെന്നതാണ് വസ്തുത.

പ്രണയിക്കുന്നതു കുറ്റമല്ല, അന്യമതസ്ഥരെ പ്രണയിക്കുന്നതും കുറ്റമല്ല, ജീവിതചര്യകളുടെ ഏകോപനം ലക്ഷ്യം വച്ചോ, മറ്റു സ്വകാര്യ താൽപര്യങ്ങളുടെ പേരിലോ മതപരിവർത്തനം നടത്തുന്നതും വ്യക്തിതാൽപര്യമെന്നേ കരുതാൻ കഴിയൂ.   അതേസമയം ഈ ലൂപ്പ് ഹോൾ ഉപയോഗിച്ചു നടത്തപ്പെടുന്നതു പക്ഷേ നിർബന്ധിത മതപരിവർത്തനവും തുടർന്ന് ഐ.എസ് പോലെയുള്ള  വിധ്വംസകശക്തികളിലേയ്ക്കുള്ള  മാറ്റി നടീലുമാകുന്നിടത്താണ് ഭരണഘടന അനുവദിച്ചു നൽകിയിരിക്കുന്ന  വ്യക്തിസ്വാതന്ത്ര്യം രാജ്യവിരുദ്ധമാകുന്നതും, അതിനെ   പ്രതിരോധിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടാകുന്നതും.   ദുഷ്ടലാക്കോടെയുള്ള പ്രണയവും, മതം മാറ്റവുമെല്ലാം   മൗലികസ്വാതന്ത്ര്യത്തിന്റെ കൊടിക്കീഴിൽ സംരക്ഷിച്ചു നിർത്തപ്പെടുന്നു.

ലൗ ജിഹാദ് എന്ന പേരിൽ ഒരു സംഘടനയോ, പ്രസ്ഥാനമോ നിലവിലില്ലെന്നതും,
‘ജിഹാദ്’ എന്ന പദത്തിന് മതത്തിന്റേതായ മാനങ്ങളുണ്ടെന്നതും ലൗ ജിഹാദ് എന്ന
പേരിൽ പറയപ്പെടുന്ന വിധ്വംസകപ്രവർത്തനങ്ങളെ ന്യായീകരിക്കാനും,
സംരക്ഷിക്കാനും അവയ്കെതിരേയുയരുന്ന പ്രതിഷേധങ്ങൾക്കും
പ്രതിരോധങ്ങൾക്കുമെതിരേ ഒരു ഭൂരിപക്ഷത്തിനെ അണിനിരത്താനും
ഇടയാക്കിയെന്നതും വാസ്തവമാണ്. ഈ പ്രതിരോധത്തിൽ കേവലം മത വിശ്വാസികൾ
മാത്രമായവരും ശുദ്ധബുദ്ധ്യാ പങ്കെടുത്തു. തങ്ങൾ ന്യായീകരിക്കുന്നത്
സ്വന്തം മതത്തെ മാത്രമാണെന്നും, തങ്ങളുടെ മതത്തെയാണ് മറ്റുള്ളവർ ലക്ഷ്യം
വയ്ക്കുന്നതെന്നും അവർ സ്വയമറിയാതെ വിശ്വസിച്ചു. ആ വിശ്വാസം മുതലെടുക്കാൻ
ദേശവിരുദ്ധശക്തികൾക്ക് അനായാസം സാധിക്കുകയും ചെയ്തു.

പറഞ്ഞു വരുന്നത്, ലൗ ജിഹാദ് എന്ന് പൊതുവേ പറഞ്ഞു വരുന്ന –നിക്ഷിപ്തതാൽപര്യങ്ങളോ, മതമോ മുന്നിൽ കണ്ടുള്ള പ്രണയവും, വിവാഹവും, അതേത്തുടർന്നുള്ള മതപരിവർത്തനവും- അപകടകരമായ ഒരവസ്ഥ   സംജാതമാക്കുന്നുണ്ടെന്നതാണ്. അത് ശുദ്ധഗതിക്കാരായ മതവിശ്വാസികളെപ്പോലും   പ്രതിസ്ഥാനത്തു നിർത്തുന്നു   എന്നിടത്തു തുടങ്ങി, രാജ്യസുരക്ഷയ്ക്ക് വൻ ഭീഷണിയാകുന്ന തീവ്രവാദപ്രവർത്തനങ്ങളിലേയ്ക്കു വരെ നീളുന്നു.

ഇവിടെ ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ നമ്മുടെ സമൂഹം   ജാഗരൂകരാകുന്നില്ലയെങ്കിൽ ദൂരവ്യാപകമായ ദുരന്തമാണ് നമ്മെ   കാത്തിരിക്കുന്നതെന്നത് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വരുന്ന വാർത്തകൾ   മുന്നറിയിപ്പു നൽകുന്നു. വൈകിയ വേളയിലെങ്കിലും ആ ചിന്ത നമ്മിൽ   ഞെട്ടലുണ്ടാക്കുന്നില്ലയെങ്കിൽ സിറിയയോ, ഫലൂജയോ, അഫ്ഗാനിസ്ഥാനോ ഇങ്ങു   കേരളത്തിലേയ്ക്കു വന്നെത്തുമെന്നതിൽ സംശയമില്ല. വിവിധ വിശ്വാസങ്ങളുടെയും,   ജനാധിപത്യത്തിന്റെയുമൊക്കെ ബഹുവർണ്ണപതാകകൾക്കു മേൽ കൊടും ഭീകരതയുടെ   ഭീതിദമായ വാക്കുകൾ ആലേഖനം ചെയ്ത കരിങ്കൊടി നമ്മുടെ സമാധാനത്തെയും,  സ്വസ്ഥതയെയും വേട്ടയാടിക്കൊണ്ട് പാറുന്ന  നാളുകൾ ഇങ്ങടുത്തെത്തി കാത്തു നിൽക്കുന്നു.

ലൗ ജിഹാദ് ഉണ്ട്. ഇവിടെ ഇങ്ങു കേരളത്തിൽ ഉണ്ട്. അതൊരു സംഘടനയോ,  മതത്തിന്റേതോ അല്ല. ഹൃദയം കൊണ്ടു പോലും തീവ്രവാദം ചെയ്യുന്ന  മനുഷ്യമൃഗങ്ങളുടെ  മുഴുവൻ പ്രവർത്തിയുടെയും,  മലീമസവും,  അപകടകരവുമായ  ചിന്താധാരകളുടെയും  പേരാണ്. അതിനായി അവർ മതമോ,  മനുഷ്യരെയോ,  മഹാവാക്യങ്ങളെപ്പോലുമോ ആയുധമാക്കാം.

72 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close