തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വനവാസി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. ഒന്നാം വർഷ ഫിലോസഫി വിദ്യാർത്ഥി അരുണിനാണ് മർദ്ദനമേറ്റത്. എസ്എഫ്ഐ പ്രവർത്തകരായ സീനിയർ വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച് അരുൺ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി.
നാലു ദിവസം മുൻപാണ് അരുൺ യൂണിവേഴ്സിറ്റി കോളേജിൽ അഡ്മിഷനെടുത്തത് . വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അരുണിന് മർദ്ദനമേറ്റത് . സീനിയർ വിദ്യാർത്ഥികൾ ക്ളാസ്സിൽ നിന്ന് വിളിച്ചിറക്കി മർദ്ദിക്കുകയായിരുന്നുവെന്ന് അരുൺ പറയുന്നു . നീ ഏതു പാർട്ടിയാണെന്ന് ചോദിച്ചായിരുന്നു മർദ്ദനം . എസ് എഫ് ഐക്കാരനാണെന്ന് പറഞ്ഞിട്ടും ഫലം ഉണ്ടായില്ല . നീ കെ എസ് യു ക്കാരനല്ലേ എന്ന് ചോദിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു . വിദ്യാർത്ഥിയുടെ മൊബൈൽ ഫോണും എറിഞ്ഞു പൊട്ടിച്ചു. ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥികളാണ് ആക്രമിച്ചത് . അതിനു ശേഷം റൂമിൽ പൂട്ടിയിട്ടു
ഇത്തരമൊരു കോളേജിൽ അരുണിനെ പഠിപ്പിക്കാനായി അയയ്ക്കുന്നതിൽ ഭയമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു . ഇനി കുട്ടിയെ യൂണിവേഴ്സിറ്റി കോളേജിൽ പഠിപ്പിക്കുന്നില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.
യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ യുടെ ഗുണ്ടായിസം കുപ്രസിദ്ധമാണ് . കോളേജ് അധികൃതരും പോലീസും മിക്കപ്പോഴും ഇതിന് ഒത്താശ ചെയ്യുകയാണ് പതിവ് . നഗരത്തിൽ നടക്കുന്ന മിക്ക രാഷ്ട്രീയ സംഘർഷങ്ങളിലും യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ പ്രവർത്തകർക്ക് പങ്കുണ്ടായിട്ടുണ്ട് . ഈയിടെ സർക്കാർ നയങ്ങൾക്കെതിരെ എ ബി വി പി നടത്തിയ മാർച്ചിന് നേരേ എസ് എഫ് ഐക്കാർ കല്ലെറിഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു.