Special

‘സ്വാമി‘സംഗീതം നിലച്ചിട്ട് ഇതു മൂന്നാം വർഷം

ശുദ്ധസംഗീതത്തിന്റെ നിത്യോപാസകൻ, ദക്ഷിണാമൂർത്തിസ്വാമി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇത് മൂന്നാം വർഷം.

നാദബ്രഹ്മത്തിന്റെ സാഗരവിസ്മയം മലയാളിമനസ്സുകളിൽ തേൻ തൊട്ടെഴുതിച്ചേർത്ത പ്രതിഭയായിരുന്നു വി.ദക്ഷിണാമൂർത്തി. ശുദ്ധസംഗീതത്തിന്റെ ചക്രവർത്തി തന്നെയായിരുന്നു സ്വാമി എന്ന പേരിലറിയപ്പെട്ടിരുന്ന അദ്ദേഹം. ബ്രഹ്മത്വം നിറഞ്ഞു നിന്നിരുന്ന സ്വാമിയുടെ ഉടലും, ഉയിരും മുഴുവൻ സംഗീതമായിരുന്നുവെന്നു തന്നെ പറയാം. ഭസ്മാങ്കിതവും സദാശോഭിതവുമായ ആ മുഖം വിനയത്തിന്റെയും ഭക്തിയുടെയും പര്യായം കൂടിയായിരുന്നു. സ്വാമി കൈ പിടിച്ചുയർത്തിയ കലാകാരന്മാരെത്ര, അതിലുപരി, ആ സർഗ്ഗചേതന ജീവൻ പകർന്ന് അനശ്വരമാക്കിയ ഗാനങ്ങളെത്ര…

അർത്ഥഭംഗി നഷ്ടമാവാതെ, കാവ്യഗുണത്തെ പൂർണ്ണമായും സംഗീതത്തിലേയ്ക്കു സന്നിവേശിപ്പിക്കുവാനുള്ള സ്വാമിയുടെ സിദ്ധി എന്നും വേറിട്ടതായിരുന്നു. ശുദ്ധസംഗീതത്തെ പ്രണയിച്ചിരുന്നവരെ എക്കാലത്തും സ്വാമിയിലേയ്ക്കാകർഷിച്ചിരുന്നതിൽ പ്രധാനഗുണവും, സംഗീതത്തിലെ ഈ കുലീനത്വമായിരുന്നു. വരികളിൽ ജീവൻ തുടിയ്ക്കുന്ന സംഗീതം, ഭാവമധുരമായി വിളക്കിച്ചേർക്കാനുള്ള കഴിവ്, അയത്നലളിതമായി വളരെ വേഗത്തിൽ തന്നെ, എഴുതിക്കിട്ടുന്ന വരികളിൽ സ്വരസ്ഥാനങ്ങൾ കണ്ടെത്തുന്ന സ്വാമിയുടെ ആയാസരാഹിത്യം ഇതെല്ലാം സ്വാമിയോടടുത്തവർക്ക് എന്നും അത്ഭുതവും ചർച്ചാവിഷയവുമായിരുന്നു.

1919 ഡിസംബർ ഒൻപതിന് ആലപ്പുഴയിൽ ജനിച്ച വി.ദക്ഷിണാമൂർത്തിയ്ക്ക് അമ്മയിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ പകർന്നു കിട്ടുന്നത്. ത്യാഗരാജസ്വാമി കൃതികളടക്കം ബാല്യത്തിൽ തന്നെ ഹൃദിസ്ഥമാക്കിയ സ്വാമിയുടെ സംഗീതസപര്യയ്ക്ക് ആദ്യകാലം മുതൽക്കേ ശാസ്ത്രീയമായ അടിത്തറയുണ്ടായിരുന്നു. പന്ത്രണ്ടാം വയസ്സിൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയ്ക്ക് തന്റെ സ്വരസൗഭാഗ്യം ആദ്യമായി നിവേദിച്ചു കൊണ്ടാണ് സ്വാമി സംഗീതലോകത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. സംഗീതത്തോടുള്ള അദമ്യവും, തീക്ഷ്ണവുമായ അഭിനിവേശം സ്വാമിയെ പത്താം തരത്തിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച് സംഗീതത്തിന്റെ നിത്യോപാസകനാക്കുകയായിരുന്നു. ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫ് നായകനായഭിനയിച്ച, നല്ല തങ്ക എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചു കൊണ്ടാണ് സ്വാമി ചലച്ചിത്രഗാനലോകത്തേയ്ക്ക് ആദ്യപാദമൂന്നുന്നത്. യേശുദാസിനും, അദ്ദേഹത്തിന്റെ മകൻ വിജയ് യേശുദാസിനും, അദ്ദേഹത്തിന്റെ പുത്രി അമേയയ്ക്കും സ്വാമിയുടെ ഗാനങ്ങൾ ആലപിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. അങ്ങനെ തലമുറകളുടെ സ്വാമിയായി, ഗുരുനാഥനായി മാറുകയായിരുന്നു ആ മഹാനുഭാവൻ.

ശ്രീകുമാരൻ തമ്പിയുടെ നിരവധി ഭാവമധുരമായ ഗാനങ്ങളെ മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരങ്ങളാക്കി മാറ്റിയത് സ്വാമിയുടെ ഇന്ദ്രജാലമാണ്.

മികച്ച സംഗീതസം‌വിധായകനുള്ള സംസ്ഥാനസർക്കാരിന്റെ ചലച്ചിത്രപുരസ്കാരം, ജെ.സി.ഡാനിയേൽ പുരസ്കാരം, സംഗീതസരസ്വതി പുരസ്കാരം, സ്വാതിതിരുനാൾ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും സ്വാമിയെ തേടിയെത്തി. ഇതിലൊക്കെ ഉപരിയായിരുന്നു സംഗീതാസ്വാദകരുടെ ഹൃദയത്തിൽ സ്വാമി നേടിയ സ്ഥാനം.

തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സിൽ ചെന്നൈയിലെ മൈലാപ്പൂരിൽ വച്ച് ഈ ലോകത്തോടു വിട പറയും വരെയും ശുദ്ധസംഗീതത്തിന്റെ നിരന്തരോപാസകനായി തന്നെ സ്വാമി നിലകൊണ്ടു.

ഹർഷബാഷ്പം തൂകി, നാദബ്രഹ്മത്തിൻ സാഗരം നീന്തി വരും, പൊൻവെയിൽ മണിക്കച്ചയഴിഞ്ഞു വീണു, ഇന്നലെ നീയൊരു സുന്ദര രാഗമായെൻ, കാട്ടിലെ പാഴ്‌മുളം തണ്ടിൽ നിന്നും, ഹർഷബാഷ്പം തൂകി, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, താരകരൂപിണി തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ചലച്ചിത്രഗാനങ്ങൾ കൈരളിയ്ക്കു സമ്മാനിച്ച സ്വാമിയുടെ ഭക്തിഗാനങ്ങളുടെ ശ്രേണി പറഞ്ഞാൽ തീരാത്തത്ര വിപുലമാണ്. അതേ, കാവ്യകൈരളിക്കു ലഭിച്ച വരപ്രസാദമായിരുന്നു ദക്ഷിണാമൂർത്തിസ്വാമി. മലയാളമുള്ളിടത്തോളം, സംഗീതമുള്ളിടത്തോളം വി.ദക്ഷിണാമൂർത്തി എന്ന സംഗീതത്തിന്റെ സ്വാമി ഓർമ്മിക്കപ്പെടുമെന്നതിൽ സംശയമേതുമില്ല. ആ മഹാനുഭാവന്റെ ദീപ്തസ്മരണയ്ക്കു മുൻപിൽ ജനം ടി.വിയുടെ സാദരപ്രണാമം.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close