റിയോയിൽ ഇന്ത്യൻ പ്രതീക്ഷകാത്ത് ബോക്സിങ്ങിൽ വികാസ് കൃഷ്ണൻ. 75 കിലോഗ്രാം വിഭാഗം ബോക്സിംഗിൽ പ്രീ ക്വാർട്ടറിൽ കടന്നു. പുരുഷ വിഭാഗം അമ്പെയ്‍ത്തിൽ അതാനുദാസും പ്രീക്വാർട്ടറിലെത്തി.
ലണ്ടൻ ഒളിമ്പിക്സിൽ ക്വാർട്ടറിൽ പുറത്തായ വികാസ് കൃഷ്ണൻ റിയോയിൽ മെഡൽ പ്രതീക്ഷയിലാണ്. പ്രാഥമിക റൗണ്ടിൽ തുടക്കം മുതൽ എതിരാളി ചാൾസ് കോൺവാളിന് മേൽ വികാസ് കൃഷ്‍ണന്‍റെ വ്യക്തമായ ആധിപത്യമായിരുന്നു പ്രകടമായത്.
ആക്രമിച്ച് മുന്നേറിയ വികാസ് ആദ്യ രണ്ട് റൗണ്ടുകളും അനായാസം സ്വന്തമാക്കി. പ്രതിരോധത്തിലൂന്നിയ ചാൾസ് മൂന്നാം റൗണ്ടിൽ പ്രത്യാക്രമണത്തിന് മുതിർന്നു. എന്നാൽ വികാസിന്‍റെ പ്രതിരോധത്തിലൂന്നിയ കൗണ്ടർ പഞ്ചുകൾ മത്സരം ഇന്ത്യയ്‌ക്ക് അനുകൂലമാക്കി.
ശനിയാഴ്ച നടക്കുന്ന പ്രീ ക്വാർട്ടറിൽ ഒൺഡർ സിപലാണ് വികാസിന്‍റെ എതിരാളി.
പുരുഷ വിഭാഗം അമ്പെയ്‌ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ-ക്വാർട്ടറിലെത്തിയത് ഇന്ത്യക്ക് പ്രതീക്ഷയേകുന്നതാണ്. ക്യൂബയുടെ അഡ്രിയാൻ പ്യൂന്‍റസിനെ നാലിനെതിരെ ആറ് പോയിന്‍റിന് മറികടന്നാണ് അതാനുദാസ് അവസാന പതിനാറിലെത്തിയത്. പ്രീ-ക്വാർട്ടറിൽ ദക്ഷിണ കൊറിയയുടെ ലീ സ്യുൻ യുങ്ങിനെയാണ് അതാനു നേരിടുക.
അതേസമയം, റോവിങ്ങിൽ പുരുഷ വിഭാഗം സിംഗിൾസ് 2000 മീറ്റർ സ്കൾസിൽ ഇന്ത്യയുടെ ദത്തു ബബൻ ബൊക്കാനൽ ക്വാർട്ടറിൽ പുറത്തായി. ക്വാർട്ടർ ഫൈനലിൽ നാലാമതായാണ് ദത്തു ഫിനിഷ് ചെയ്തത്. ഷൂട്ടിങ്ങിൽ വനിതളുടെ 25 മീറ്റർ പിസ്റ്റളിൽ ഇന്ത്യയുടെ ഹീനാ സിദ്ധു ഫൈനലിലെത്താതെ പുറത്തായതും ഇന്ത്യക്ക് നിരാശയായി.















