റിയോ ഡി ജനീറോ : റിയോയിൽ ഇന്ത്യയ്‌ക്ക് പ്രതീക്ഷയേകി ബോക്സിംഗിൽ മനോജ് കുമാറും അമ്പെയ്‌ത്തിൽ ദീപികാ കുമാരിയും ബൊംബ്‍യ്ലാ ദേവിയും പ്രീക്വാർട്ടറിൽ കടന്നു. അതേസമയം, വനിതാ ഹോക്കിയിൽ ഇന്ത്യ പുറത്തായത് നിരാശയായി.
അട്ടിമറി ജയത്തോടെയാണ് ബോക്സിംഗ് 64 കിലോ വിഭാഗത്തിൽ മനോജ് കുമാറിന്‍റെ പ്രീക്വാർട്ടർ പ്രവേശനം. ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് ലിത്വാനയുടെ പെട്രൗസ്‍കാസ് എവൽദാസിനെയാണ് ഇന്ത്യൻ താരം പ്രാഥമിക റൗണ്ടിൽ ഇടിച്ചിട്ടത്.
ആവേശം നിറഞ്ഞ മത്സരത്തിൽ 2-1 നായിരുന്നു മനോജിന്‍റെ വിജയം. ആദ്യ രണ്ടു റൗണ്ടുകളിലെ മേധാവിത്വമാണ് മനോജിന് തുണയായത്. ഞായറാഴ്‍ചയാണ് പ്രീക്വാർട്ടർ. അമ്പെയ്‍ത്തിൽ വ്യക്തിഗത ഇനത്തിൽ ദീപികാ കുമാരിയും ബൊംബ്‍യലാ ദേവിയും പ്രീക്വാർട്ടറിൽ പ്രവേശിച്ചതും ഇന്ത്യക്ക് പ്രതീക്ഷയേകുന്നു.
റീക്കർവ് ഇനത്തിൽ ഇറ്റലിയുടെ ഗ്വെൻഡലിന സർറ്റോറിയെ 6-2 ന് പരാജയപ്പെടുത്തിയാണ് ദീപിക പ്രീക്വാർട്ടറിൽ കടന്നത്. ചൈനീസ് തായ് പേയിയുടെ ലിൻ ഷി ചിയയെ ആറ് പോയിന്‍റിനാണ് ബോംബെയ്‍ല മറികടന്നത്. ഇരുവരുടെയും പ്രീക്വാർട്ടർ മത്സരം ഇന്ന് വൈകിട്ടാണ്.
അതേസമയം വനിതകളുടെ ഹോക്കിയിൽ ഓസ്ട്രേലിയയോട് തോറ്റ് ഇന്ത്യ പുറത്തായി. ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. ജൂഡോയിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന അവതാർ സിംഗിനും മുന്നേറാനായില്ല. 90 കിലോ വിഭാഗത്തിലെ എലിമിനേഷൻ റൗണ്ടിൽ അഭയാർത്ഥി താരം പൊപോലെ മിസംഗയോടായിരുന്നു അവതാർ സിംഗിന്‍റെ തോൽവി.















