മുംബൈ/തിരുവനന്തപുരം: വിയറ്റ്നാമിലെ ഹ ലോങ് ബേയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെയും വിയറ്റ്നാമിലെ ഇന്ത്യൻ എംബസിയുടെയും ഇടപെടലിനെ തുടർന്നാണ് നടപടികൾ അതിവേഗം പൂർത്തിയാക്കി മൃതദേഹങ്ങൾ ഇന്ത്യയിലെത്തിച്ചത്.
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ബന്ധുക്കളും ഉദ്യോഗസ്ഥരും മൃതദേഹങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് വിവിധ വിമാനങ്ങളിലും പ്രത്യേക വാഹനങ്ങളിലുമായി മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ മുംബൈയിൽ നിന്ന് എയർ ഇന്ത്യയുടെ AI 2605 വിമാനത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. വിമാനം രാവിലെ 8.50-ഓടെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. പിന്നീട് സ്വദേശമായ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി സംസ്കാരച്ചടങ്ങുകൾ നടത്തും.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഹ ലോങ് ബേയിൽ വിനോദസഞ്ചാരത്തിനിടെ സഞ്ചരിച്ചിരുന്ന ബോട്ടാണ് ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്‌ക്കുമിടെ അപകടത്തിൽപ്പെട്ടത്.















