റിയോ ഡി ജനീറോ: ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് ബിയിലെ അർജന്‍റീന – ജർമ്മനി മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് ഇന്ത്യ ക്വാർട്ടർ ഉറപ്പിച്ചത്. 36 വർഷത്തിന് ശേഷമാണ് ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സിൽ ആദ്യ റൗണ്ട് കടക്കുന്നത്.
വീറോടെ പൊരുതിയെങ്കിലും ഡച്ച് പ്രതിരോധക്കോട്ട മറികടക്കാൻ ഇന്ത്യയ്‌ക്കായില്ല. അവസാന നിമിഷങ്ങളിൽ ഇന്ത്യയ്‌ക്ക് ലഭിച്ചത് അഞ്ച് പെനാൽറ്റി കോർണറുകൾ.
സമനിലയ്‌ക്കായുള്ള ഇന്ത്യൻ ശ്രമങ്ങളെ ഓറഞ്ച് പട പ്രതിരോധിച്ചു. നേരത്തെ റോജിയർ ഹോഫ്മാന്‍റെ ഗോളിന് ഇന്ത്യ മറുപടി നൽകിയത് വി.ആർ രഘുനാഥിലൂടെ.
ഡച്ച് തുടരാക്രമണങ്ങളെ പി.ആർ ശ്രീജേഷ് ചെറുത്തെങ്കിലും മിങ്ക് വാൻ ഡർ വീർഡൻ നെതർലാൻഡ്സിന്‍റെ ജയം ഉറപ്പിച്ചു. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ അർജന്‍റീനയും കരുത്തരായ ജർമ്മനിയും നാല് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് മൂന്നാം സ്ഥാനക്കാരായി ഇന്ത്യ ക്വാർട്ടർ ഫൈനലിൽ കടന്നത്.
1980ലെ മോസ്കോ ഒളിംപിക്സിന് ശേഷം ആദ്യമായാണ് ഇന്ത്യ ഒളിംപിക്സിൽ ക്വാർട്ടറിൽ കടക്കുന്നത്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് കാനഡയെ നേരിടും. ഫലം അപ്രസക്തമാണെങ്കിലും ജയിച്ചാൽ ക്വാർട്ടറിൽ എതിരാളികളെ ആത്മവിശ്വാസത്തോടെ നേരിടാം.















