റിയോ: റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ സജീവമാക്കി പി.വി സിന്ധുവും കെ. ശ്രീകാന്തും. ബാഡ്മിന്റണില്‍ കാനഡയുടെ മിഷേല്‍ ലീയെ പരാജയപ്പെടുത്തി സിന്ധു പ്രീ ക്വാര്‍ട്ടറില്‍ കടന്നു. സ്കോര്‍ 19-21, 21-15, 21-17.
മെഡല്‍പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്ന ഇനങ്ങളില്‍ നിരാശ നിറഞ്ഞപ്പോഴാണ് പ്രതീക്ഷയോടെ സിന്ധുവിന്റെ മുന്നേറ്റം. കടുത്ത മത്സരം നേരിട്ടെങ്കിലും സിന്ധു മികച്ച പ്രകടനത്തോടെ എതിരാളിയെ മുട്ടുകുത്തിക്കുകയായിരുന്നു.
ബാഡ്മിന്റണ്‍ പുരുഷ വിഭാഗത്തില്‍ കെ. ശ്രീകാന്തും പ്രീ ക്വാര്‍ട്ടറില്‍ എത്തി. സ്വീഡന്റെ ഹെന്റി ഹുര്സ്കൈനനെ നേരിട്ടുളള സെറ്റുകള്‍ക്ക് തകര്‍ത്താണ് ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. സ്കോര്‍ 21-6, 21-18.
ഷൂട്ടിംഗില്‍ ഉള്‍പ്പെടെ നിര്‍ഭാഗ്യം ഇന്ത്യന്‍ താരങ്ങളെ വേട്ടയാടിയ ദിനമായിരുന്നു റിയോയില്‍ കടന്നുപോയത്. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ ഗഗന് നാരംഗും ചെയിന്‍ സിംഗും ഫൈനല്‍ കാണാതെ പുറത്തായി. ഇതോടെ ഷൂട്ടിംഗില്‍ ഒരു മെഡല്‍ പോലും നേടാതെയാണ് ഇന്ത്യന്‍ താരങ്ങള്‍ മടങ്ങുന്നത്. ഇതിന് പിന്നാലെ ഹോക്കി ക്വാര്‍ട്ടറിലും ഇന്ത്യയ്ക്ക് പരാജയം നേരിട്ടു. ബെല്‍ജിയത്തോട് 3-1 നായിരുന്നു പരാജയം. 36 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ എത്തിയത്.
ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ വെങ്കല മെഡലിനായുളള മത്സരത്തില്‍ സാനിയ മിര്‍സ -രോഹന് ബൊപ്പണ്ണ സഖ്യത്തിനും കാലിടറി. യുഎസിന്റെ രാജീവ് റാം-വീനസ് വില്യംസ് സഖ്യത്തോട് സെമിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വെങ്കലത്തിനായുളള പോരാട്ടത്തിന് ഇന്ത്യന്‍ സഖ്യം ഇറങ്ങിയത്.
ബോക്സിംഗില്‍ 64 കിലോ വിഭാഗത്തില്‍ മനോജ് കുമാറും പുറത്തായി ഉസ്ബെക്കിസ്ഥാന്റെ ഫാസ്്ലിദ്ദീന് ഗെയ്ബ്നാസ്റോവ് ആണ് മനോജിന്റെ മെഡല്‍പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്.