ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ വനിതാ താരങ്ങളായ പി.വി സിന്ധുവിനും സാക്ഷി മാലിക്കിനും ദിപ കര്‍മാര്‍ക്കര്‍ക്കും രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരങ്ങള്‍ നല്‍കും. ഷൂട്ടിംഗ് താരം ജിത്തു റായിയും പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്. കായികമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മലയാളിയായ എസ് പ്രദീപ് കുമാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ദ്രോണാചാര്യ പുരസ്കാരവും 15 പേര്‍ക്ക് അര്‍ജുന പുരസ്കാരവും പ്രഖ്യാപിച്ചു. ഒളിമ്പിക്സ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബാഡ് മിന്റണ്‍ താരം പി.വി സിന്ധുവിനും ജിംനാസ്റ്റിക്സ് താരം ദീപ കര്‍മാക്കറിനും ഗുസ്തി താരം സാക്ഷി മാലിക്കിനും ഷൂട്ടിംഗ് താരം ജിത്തു റായ്ക്കും ഖേല്‍ രത്ന നല്കാന് മന്ത്രാലയം തീരുമാനിച്ചത്.
അര്‍ജുന അവാര്‍ഡ് നേടിയവരെ മാത്രമേ ഖേല്‍രത്നയ്ക്ക് പരിഗണിക്കൂവെന്ന കീഴ്വഴക്കം മറികടന്നാണ് ദീപ കര്‍മാക്കറിനെ ശുപാര്‍ശ ചെയ്തത്. മലയാളിയായ എസ് പ്രദീപ് കുമാര്‍, ബിശ്വേശര്‍ നന്ദി, രാജ്കുമാര് ശര്‍മ എന്നിവരടക്കം ആറ് പേരാണ് ദ്രോണാചാര്യ പുരസ്കാരത്തിന് അര്‍ഹരായത്. ലളിത ബബര്, ശിവ ഥാപ, അജങ്ക്യ രഹാന, അമിത് കുമാര്‍, വി.ആര് രഘുനാഥ് എന്നിവര്‍ ഉള്‍പ്പെടെ പതിനഞ്ചുപേര്‍ക്കാണ് അര്‍ജുന പുരസ്കാരം ലഭിക്കുക.
ഒളിമ്പിക്സില്‍ മെഡലുകളുടെ എണ്ണം കുറവാണെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തിയെന്ന വിലയിരുത്തലിലാണ് കായികമന്ത്രാലയം. 2020 ല്‍ ടോക്കിയോയില്‍ അരങ്ങേറുന്ന അടുത്ത ഒളിമ്പിക്സില്‍ ഇന്ത്യയില്‍ നിന്ന് 200 താരങ്ങള്‍ക്ക് യോഗ്യത നേടാന്‍ അവസരമൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കായികമന്ത്രി വിജയ് ഗോയല്‍ വ്യകതമാക്കി. ഇത്തവണ 116 താരങ്ങളായിരുന്നു ഒളിമ്പിക്സില്‍ പങ്കെടുത്തത്.