ഇന്ത്യയുടെ ഒളിമ്പിക്സ് നേട്ടത്തെ പരിഹസിച്ച ബ്രിട്ടീഷ് മാദ്ധ്യമ പ്രവർത്തകന് ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ ചുട്ട മറുപടി. ഒളിമ്പിക്സിൽ രണ്ട് മെഡൽ മാത്രം നേടിയിട്ട് ഇത്രയും ആഘോഷിക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നുവെന്ന് പറഞ്ഞ മാദ്ധ്യമ പ്രവർത്തകന് സേവാഗ് നൽകിയ മറുപടി സാമൂഹ്യ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
പിയേഴ്സ് മോർഗൻ എന്ന ബ്രിട്ടീഷ് മാദ്ധ്യമ പ്രവർത്തകനായിരുന്നു ഇന്ത്യയുടെ ഒളിമ്പിക്സ് പ്രകടനത്തെ കളിയാക്കി ട്വിറ്ററിൽ പോസ്റ്റിട്ടത്. 120 കോടി ജനങ്ങളുള്ള ഒരു രാജ്യം ഒളിമ്പിക്സിൽ വെറും രണ്ട് മെഡൽ മാത്രം നേടി ഉത്സവം പോലെ ആഘോഷിക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നുന്നു എന്നായിരുന്നു മോർഗന്റെ ട്വീറ്റ്.
നിമിഷങ്ങൾക്കകം ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വിരേന്ദർ സേവാഗ് മറുപടിയുമായി രംഗത്തെത്തി. ചെറിയ വിജയങ്ങൾ പോലും വലിയ ആഘോഷങ്ങളാക്കി മാറ്റുന്നവരാണ് ഞങ്ങൾ ഇന്ത്യാക്കാർ. നിങ്ങൾ ഇംഗ്ലണ്ടുകാരാണല്ലോ ക്രിക്കറ്റ് കണ്ടുപിടിച്ചത്. എന്നിട്ടും ഒരു ലോകകപ്പ് നേടാൻ നിങ്ങൾക്കfതുവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടും നിങ്ങൾ ലോകകപ്പിൽ മത്സരിക്കാൻ ഇംഗ്ലണ്ട് ടീമിനെ അയക്കുന്നു. അതോർക്കുമ്പോൾ ശരിക്കും അതിശയം തോന്നുന്നു എന്നായിരുന്നു സെവാഗിന്റെ മറുപടി.
കെവിൻ പീറ്റേഴ്സൺ ഇപ്പോഴും കളിച്ചിരുന്നെങ്കിൽ ഞങ്ങൾ ലോകകപ്പ് നേടിയേനെ എന്ന് മോർഗൻ തിരിച്ചടിച്ചു. അതിനും വന്നു സെവാഗിന്റെ സ്ട്രൈറ്റ് ഡ്രൈവ് പോലെയൊരു മറുപടി. 2007 ലോകകപ്പിൽ പീറ്റേഴ്സൺ ഇംഗ്ലണ്ട് ടീമിൽ ഉണ്ടായിരുന്നുവെന്നായിരുന്നു വീരുവിന്റെ മറുപടി. എന്തായാലും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം മുൻ ഇന്ത്യൻ താരത്തിന്റ ചുട്ട മറുപടിയാണ്.