Special

ബ്രിട്ടീഷ്-മിഷണറി വിദ്യാഭ്യാസസംസ്ക്കാരം; ഔദാര്യമോ, അതോ കൊടും ചതിയോ?

                                                                                                                                                                -കാവാലം ജയകൃഷ്ണൻ

 

ഭാരതത്തിൽ, ആധുനിക വിദ്യാഭ്യാസരംഗത്ത്  ബ്രിട്ടീഷുകാരും, അവരേത്തുടർന്നു വന്ന മിഷണറിമാരും ചെയ്ത സംഭാവനകൾ പ്രശംസനീയമേയല്ലായിരുന്നു. മറിച്ച് സ്വാർത്ഥലാഭം മുന്നിൽ കണ്ടുള്ള ദ്രോഹം ആയിരുന്നുവെന്നതാണ് യാഥാർഥ്യമെന്നതിന് തെളിവുകൾ നിരവധിയാണ്..

ബ്രിട്ടീഷുകാർ ഇംഗ്ലീഷ് സ്കൂളുകൾ സ്ഥാപിച്ചതു സംബന്ധിച്ച് രണ്ടു നിരീക്ഷണങ്ങളാണ് ഇന്നു പ്രധാനമായും മുന്നിൽ നിൽക്കുന്നത്. ഒന്നാമതായി, ബ്രിട്ടീഷ് ആധിപത്യം നിലനിന്നിരുന്ന ഭാരതത്തിൽ ബ്രിട്ടീഷുകാരുടെ ജോലിക്കാരാകുവാൻ ഒരു ഘട്ടത്തിൽ അവരുടെ ഭാഷ ഭാരതീയരെ പഠിപ്പിക്കാൻ തുടങ്ങിയെന്നതാണ്.

രണ്ടാമതായി, ഇക്കാലത്ത് പുതുതായി കണ്ടു വരുന്ന വാദം, അധഃസ്ഥിതരായ ജനവിഭാഗങ്ങളെ ഉദ്ധരിക്കാൻ വേണ്ടിയാണ് ഇവിടെ ബ്രിട്ടീഷ് വിദ്യാഭ്യാസപദ്ധതി നിലവിൽ വന്നതെന്നാണ്. ഈ രണ്ടു വാദങ്ങൾക്കുമപ്പുറം ബ്രിട്ടീഷുകാരുടെയും, അവരെ തുടർന്നു വന്ന മിഷണറികളുടെയും ഗൂഢലക്ഷ്യമെന്തെന്ന് വ്യക്തമാക്കുന്നതാണ് മെക്കാളെ പ്രഭുവിന്റെ കുപ്രസിദ്ധമായ ഒരു പ്രസ്താവന.

മെക്കാളെ പ്രഭു എഴുതിയ ഭാരത്തിന്റെ അന്നത്തെ ജീവിതവ്യവസ്ഥയുടെ വ്യക്തമായ ചിത്രം കാണാൻ കഴിയുന്ന ചെറിയൊരു കുറിപ്പാണത്. ഈ കുറിപ്പ്, മെക്കാളെ പ്രഭു ബ്രിട്ടീഷ് പാർലമെന്റിൽ 1835 ഫെബ്രുവരി രണ്ടിന് അവതരിപ്പിച്ച പ്രസംഗമാണെന്നും, അതല്ല അത് ഭാരതീയവിദ്യാഭ്യാസപദ്ധതിയെ സംബന്ധിച്ചുള്ള മിനുട്സിലെ വാക്കുകളാണെന്നും പറയപ്പെടുന്നു. പക്ഷേ ആദ്യത്തെ വാദത്തിനാണ് പ്രാബല്യം കൂടുതൽ.

ഭാരതത്തിൽ ബ്രിട്ടീഷുകാർക്ക് നേരിടേണ്ടി വന്ന ചെറുത്തുനിൽപ്പ് ചെറുതൊന്നുമായിരുന്നില്ല. എന്തു ചെയ്തിട്ടും പൂർണ്ണമായും ഭാരതത്തെ കൈപ്പിടിയിലൊതുക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാവാം ഇത്തരമൊരു പരാമർശം മെക്കാളെ നടത്തിയതെന്ന് അനുമാനിക്കുന്നതിൽ തെറ്റൊന്നുമില്ല.

ബ്രിട്ടീഷുകാർ ഭാരതത്തിൽ ചെയ്ത ഒരു പ്രവൃത്തി പോലും, ഭാരതീയരുടെ ക്ഷേമം വച്ചുള്ളതായിരുന്നില്ല എന്ന വാസ്തവം നിലനിൽക്കേ, ഒരു സമഗ്രവിദ്യാഭ്യാസപദ്ധതി ഭാരതത്തിനു സംഭാവന ചെയ്യാൻ അവർ മിനക്കെടും എന്നു വിശ്വസിക്കുന്നതു തന്നെ പമ്പര വിഡ്ഢിത്തമാണ്. അവർ വിഭാവനം ചെയ്തതാവട്ടെ സമഗ്രം ആയിരുന്നില്ല താനും.

ഭാരതത്തിന്റെ ബൗദ്ധിക അടിത്തറ ഇളക്കുക എന്ന കൃത്യവും, വ്യക്തവുമായ ലക്ഷ്യത്തോടെ തന്നെയാണ് ഇവിടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിച്ചതെന്ന് വ്യക്തം.

“ഭാരതത്തിലുടനീളം സഞ്ചരിച്ച തനിക്ക് ഒരു യാചകനെയോ, തസ്കരനെയോ കണ്ടെത്താനായില്ലെന്നും, ഭാരതീയരുടെ ബൗദ്ധിക നിലവാരം വളരെ ഉയർന്നതാണെന്നും ഈ ബൗദ്ധിക അടിത്തറയും അഖണ്ഡതയും തകർക്കാത്തിടത്തോളം ഇവിടെ ആധിപത്യം സ്ഥാപിക്കുക സാദ്ധ്യമല്ലെന്നും” മെക്കാളെ അടിവരയിട്ടു സ്ഥാപിക്കുന്നു.

“ഭാരതത്തിന്റെ പ്രാചീന വിദ്യാഭ്യാസപദ്ധതിയുടെ നട്ടെല്ലൊടിക്കാത്തിടത്തോളം ഇവിടെ അധിനിവേശത്തിനു സാദ്ധ്യതയില്ലെന്ന” അഥവാ, കൈവരിച്ച ആധിപത്യത്തിനു ദീർഘായുസ്സില്ലെന്ന തിരിച്ചറിവിൽ നിന്നു കൊണ്ടു തന്നെയാണ് ഇവിടെ ബ്രിട്ടീഷുകാർ ആദ്യത്തെ വിദ്യാഭ്യാസസ്ഥാപനത്തിനു തറക്കല്ലിടുന്നത്.

“ഭാരതീയർ സ്വന്തം അസ്തിത്വത്തിൽ അപകർഷതയുള്ളവരാകുകയും, വൈദേശികമായ സംസ്കാരത്തോട് അവർക്ക് അഭിനിവേശം ഉണ്ടാവുകയും ചെയ്തെങ്കിൽ മാത്രമേ അവരെ പൂർണ്ണമായും നമുക്കടിമപ്പെട്ട രാഷ്ട്രമാക്കി മാറ്റാൻ കഴിയൂ” എന്നു കൂടി മെക്കാളെ പറഞ്ഞു വയ്ക്കുന്നു.

ഭാരതീയർക്ക് കേവലം കുറേ പതിറ്റാണ്ടുകൾക്കപ്പുറം ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുത്തു എന്നതാണോ ബ്രിട്ടീഷുകാർ ചെയ്ത സാമുദായികോദ്ധാരണം? ഈ വിദ്യാഭ്യാസപദ്ധതിയുടെ ഉപോൽപ്പന്നങ്ങളായി നാം ഏറ്റുവാങ്ങിയ ബ്രിട്ടീഷുകാരുടെ യഥാർത്ഥ അജണ്ട എന്തായിരുന്നു എന്നു ചിന്തിച്ചിക്കുമ്പോഴാവും അവരുടെ യഥാർഥ ലക്ഷ്യം എന്തായിരുന്നുവെന്നു ബോദ്ധ്യമാവുക.

സുശക്തവും സുഘടിതവുമായ ഒരു വിദ്യാഭ്യാസ പദ്ധതിയായിരുന്നു ഭാരതത്തിന്റേത്. നളന്ദയും, തക്ഷശിലയും പോലെയുള്ള വിശ്വോത്തര സർവ്വകലാശാലകൾ നിലനിന്നിരുന്ന പുണ്യഭൂമി. തച്ചുശാസ്ത്രം, ആയുർവേദം (ചികിത്സ), ജ്യോതിശ്ശാസ്ത്രം, വാസ്തുവിദ്യ, രസതന്ത്രം, ആയോധനകല തുടങ്ങി ഇന്നും പാശ്ചാത്യർക്ക് കവച്ചു വയ്ക്കാൻ കഴിയാത്ത അളവില്ലാത്തത്ര വിജ്ഞാനത്തിന്റെ സമഗ്രവും, തികവൊത്തതും, ന്യൂനതകളില്ലാത്തതുമായ ഒരു പാഠ്യപദ്ധതിയായിരുന്നു നമുക്കുണ്ടായിരുന്നത്. ആ ജ്ഞാനശേഖരത്തിന്റെ തിരുശേഷിപ്പുകൾ ഇന്നും ഭാരതത്തിൽ ഉണ്ടു താനും. അതു കൊണ്ടു തന്നെ ഒരു ബദൽ പദ്ധതിയോ, സമാന്തര പദ്ധതി പോലുമോ ഇവിടെ അക്കാലത്ത് പ്രസക്തമായിരുന്നില്ല.

അന്നത്തെ മനുഷ്യർ തമ്മിലുണ്ടായിരുന്ന ഐക്യവും, അതിനെ ബന്ധിപ്പിച്ചു നിർത്തിയിരുന്ന ആചാരപരതയും, അനുഷ്ഠാനങ്ങളുമെല്ലാം അടിവേരോടെ പിഴുതു കളയുകയും, തൽസ്ഥാനത്ത് ഉപരിപ്ലവവും, അകം‌പൊള്ളയും, അതിലുപരി സ്വാർത്ഥതയ്ക്കു മുൻതൂക്കം നൽകുന്നതുമായ ഒരു പാഠ്യപദ്ധതി അവതരിപ്പിച്ച് ഭിന്നതയുടെ ആദ്യ ബീജാവാപം അങ്ങനെയവർ ഭാരതീയരിൽ സാദ്ധ്യമാക്കി.

ശ്രദ്ധ, ബുദ്ധി, യുക്തി തുടങ്ങിയവകളുടെയെല്ലാം ആധാരശിലയിൽ തുരങ്കം വയ്ക്കാൻ വേദപഠനമുൾപ്പെടെയുള്ള ഭാരതീയ വിഷയങ്ങളെയും, ഗുരുകുലസമ്പ്രദായമടക്കമുള്ള വിദ്യാഭ്യാസരീതികളെയും തകിടം മറിക്കുക  വഴി അവർക്കു കഴിഞ്ഞു. അതിലുപരിയായി, ഭാരതീയമായതെല്ലാം വില കുറഞ്ഞതാണെന്നും, പാശ്ചാത്യമായതെല്ലാം മികച്ചതാണെന്നുമുള്ള മിഥ്യാധാരണ ദീർഘകാലത്തേയ്ക്ക് ഭാരതീയരിൽ അപനിർമ്മിച്ചെടുക്കുവാനും അവർക്കു സാധിച്ചു. ഇന്നും ആ അവസ്ഥയിൽ തന്നെ നാം തുടരുകയും ചെയ്യുന്നു. ‘വിഷയാധിഷ്ഠിത വിദ്യാഭ്യാസം’ എന്നത് ‘മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ’ ഉന്നതമായ മാനങ്ങളെയാണ് തകർത്തു കളഞ്ഞതെന്നു പറയാതെ വയ്യ.

ബ്രിട്ടീഷ് ആധിപത്യം അവസാനിച്ച് ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും ഭാരതീയന്റെ ഈ അപകർഷതയും, മിഥ്യാവബോധവും തുടരുന്നതെന്തുകൊണ്ടാണ്? പതിറ്റാണ്ടുകൾക്കപ്പുറം, അപരിഷ്കൃതരായിരുന്നിട്ടു കൂടി നാം കൈവരിച്ചിരുന്ന ബൗദ്ധിക വികാസത്തിൽ നിന്നും പിന്നോക്കം പോയി, സ്വാർത്ഥതയുടെയും, ഉപരിപ്ലവരാഷ്ട്രീയത്തിന്റെയും പേരിൽ ഇന്നും ഐക്യപ്പെടാതെ നാം നിലനിൽക്കുന്നതെന്തു കൊണ്ടാണ്? ഉത്തരം വളരെ ലളിതമാണ്,

പതിറ്റാണ്ടുകൾക്കപ്പുറം ബ്രിട്ടീഷുകാർ ആവിഷ്കരിച്ച ഗൂഢ അജണ്ട ഇന്നും ഇവിടെ തുടരുന്നു എന്നതു തന്നെയാണതിനു കാരണം. ബ്രിട്ടീഷുകാർ പടിയിറങ്ങിപ്പോയപ്പോൾ, അവർ വിഭാവനം ചെയ്ത വിദ്യാഭ്യാസപദ്ധതിയുടെ വക്താക്കളും, പ്രയോക്താക്കളും, ആത്യന്തികമായി ഗുണഭോക്താക്കളുമായി അതിനെ ഭാരതത്തിൽ നിലനിർത്തിയതും, തുടർന്നു കൊണ്ടു പോയതും, അതിനോടകം തന്നെ ഇവിടെ വേരുറച്ചു കഴിഞ്ഞിരുന്ന മിഷണറി പ്രസ്ഥാനങ്ങളാണ്.

ബ്രിട്ടീഷുകാരുടെ ലക്ഷ്യം, അധിനിവേശവും കൊള്ളയും ആയിരുന്നെങ്കിൽ, മിഷണറിമാരുടെ ലക്ഷ്യം മതപരിവർത്തനവും, കച്ചവടവും, അധികാരനേട്ടവും ആണെന്ന വ്യത്യാസം മാത്രം.

ഇന്നു ഭാരതത്തിൽ നിലനിൽക്കുന്ന മിഷണറി വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഏറിയ കൂറും, രാജാക്കന്മാരോ, ഇവിടെയുണ്ടായിരുന്ന ഹൈന്ദവരായ ഭൂപ്രഭുക്കന്മാരോ സംഭാവന ചെയ്തതാണെന്നു കാണാം. കാലാന്തരത്തിൽ ഈ സ്ഥാപനത്തിനു ചെല്ലും ചിലവും കൊടുക്കേണ്ട ബാദ്ധ്യത സർക്കാരുകൾ ഏറ്റെടുത്തു. അവിടെ നിന്നു കിട്ടുന്ന ലാഭമാകട്ടെ, അതതു മതസംഘടനകളുടെ അക്കൗണ്ടിലേയ്ക്കും പോയി. എന്നാൽ പരസ്യവാചകമോ? സാധുജന സേവനം, അധഃകൃതരെ ഉദ്ധരിക്കുന്നു, രാഷ്ട്രസേവനം!!

ശതകോടികൾ വിലമതിക്കുന്ന വസ്തുവകകളും, കെട്ടിടങ്ങളടക്കമുള്ള സ്ഥാവരജംഗമവസ്തുക്കളും ഒരു കാലത്തു ദാനം കിട്ടിയതോ, കയ്യേറിയതോ ആയിരുന്നുവെന്ന സത്യം മനഃപൂർവ്വം ഇക്കൂട്ടർ മറച്ചു വയ്ക്കുന്നു. അതിനെല്ലാം മുകളിൽ, മതപരമായ നേട്ടങ്ങൾ മാത്രം മുന്നിൽ കണ്ടുകൊണ്ട് ജീവകാരുണ്യപ്രവർത്തനങ്ങളുടെ മനോഹരമായ പുതപ്പു കൂടി ഇട്ടു മൂടിയതോടെ അകത്തുള്ളതെല്ലാം സുഭദ്രം!

കേവലം സ്വാർത്ഥലാഭം മുന്നിൽക്കണ്ടുള്ള ഈ പ്രവർത്തികളുടെ ഭീതിദമായ പരിണിതഫലമാണ് നാമിന്നനുഭവിക്കുന്ന സാമൂഹികാസ്വസ്ഥതകളിൽ ഏറിയ കൂറും. യഥാർഥവും, സമ്പൂർണ്ണവുമായ വിദ്യാഭ്യാസപദ്ധതികൾ നമുക്കു കൈമോശം വന്നതോടെ, വിഷയാധിഷ്ഠിതവും, തൊഴിലധിഷ്ഠിതവും മാത്രമായ വിദ്യാഭ്യാസ സമ്പ്രദായത്തിലേയ്ക്കു മാത്രം നാം വരി ചേർന്നു നിന്നപ്പോൾ നഷ്ടമായ സാമൂഹിക മൂല്യങ്ങളും, അവബോധവും, ഐക്യവും തീവ്രവാദമടക്കമുള്ള അധിനിവേശ ശക്തികൾക്ക് നമുക്കിടയിലേയ്ക്കുള്ള കടന്നു കയറ്റം സുഗമമാക്കി. (ഇന്നു പല കോർപ്പറേറ്റ് സ്ഥാപനങ്ങളും ചെയ്യുന്നത് ഇതേ കാര്യം തന്നെയാണ്. പ്രൊഫഷനലുകളെ, തങ്ങൾക്കാവശ്യമുള്ള വിഷയത്തിൽ മാത്രം വിദഗ്ദ്ധരാക്കി തളച്ചിടുന്നു-അതു വിട്ട് മറ്റൊരു മേഖലയിൽ അതിജീവനം അസാദ്ധ്യമാകുന്ന നിലയിൽ കഴിവുള്ള പ്രൊഫഷണലുകൾ പോലും അധഃപ്പതിക്കുന്നു)

സ്വാതന്ത്ര്യലബ്ദ്ധിയോടടുപ്പിച്ച് മുളച്ചു പൊന്തിയ കമ്യൂണിസമെന്ന അശാസ്ത്രീയസങ്കൽപ്പം ഒരു തലമുറയുടെ തന്നെ ബൗദ്ധികവികാസത്തെ പിന്നോട്ടടിക്കുകയും, സാംസ്കാരികമൂല്യങ്ങളെയും, പരസ്പര ഐക്യത്തെയും ജീർണ്ണാവസ്ഥയിലെത്തിക്കുകയും കൂടി ചെയ്തപ്പോൾ ബ്രിട്ടീഷുകാർക്കു പൂർണ്ണതയിലെത്തിക്കാൻ കഴിയാഞ്ഞ നമ്മുടെ അധഃപ്പതനത്തിന്റെ വേഗം കൂടി.

ഭാരതീയമായ മൂല്യങ്ങളിലധിഷ്ഠിതമായ സർവ്വതിനെയും സെമറ്റിക് മതവിഭാഗങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കമ്യൂണിസവും എതിർത്തു. ആചാരങ്ങൾക്കും, അനുഷ്ഠാനങ്ങൾക്കും തുരങ്കം വച്ചു. ആര്യാധിനിവേശ സിദ്ധാന്തം പോലെ ഭാരതത്തെ ഛിന്നഭിന്നമാക്കാൻ ബ്രിട്ടീഷുകാർ പടച്ചു വിട്ട സകല വ്യാജ വാദങ്ങളേയും ഇവർ വെള്ളം തൊടാതെ വിഴുങ്ങുകയും, സാധാരണ ജനങ്ങളിൽ കുത്തി വയ്ക്കുകയും ചെയ്തു.

ഈ പദ്ധതികളുടേയും, ആര്യാധിനിവേശ സിദ്ധാന്തം പോലെയുള്ള കുടിലതന്ത്രങ്ങളുടെയും പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിയാതിരിക്കാൻ പോന്ന വിഡ്ഢികളായിരുന്നില്ല ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലെയുള്ള ഇടതുപക്ഷ ബുദ്ധിരാക്ഷസന്മാരെന്നതു കൂടി നാം ഓർക്കേണ്ടതുണ്ട്. അവർ പോലും അകം‌പൊള്ളയായ, അപകടകരമായ ഈ പ്രയാണത്തെ തടഞ്ഞില്ല. ഇതിനെതിരേ ഒരക്ഷരം മിണ്ടിയില്ല. എഴുതിയുമില്ല.

കാരണം, ഇവിടെ അവികസിതരുടെ ഭൂരിപക്ഷം, അധഃകൃതരുടെ ഭൂരിപക്ഷം, അസംഘടിതരുടെ ഭൂരിപക്ഷം ഉണ്ടാവേണ്ടത് ഇക്കൂട്ടരുടെ എക്കാലത്തെയും ആവശ്യമാണ്. മിഷണറികളുടെ നിലനിൽപ്പ് അവരിലൂടെയാണ്. സമ്പന്നന്മാർ മാത്രമുള്ളിടത്ത് പലിശയ്ക്കു കൊടുപ്പുകാരനു കച്ചവടമില്ല എന്നതു പോലെ തന്നെ സംതൃപ്തരും, ആത്മാഭിമാനികളുമായവർക്കിടയിൽ ചൂഷകർക്കു സ്ഥാനമില്ലെന്ന സുവ്യക്തമായ ബോധം ഇവർക്കുണ്ട്. സ്വസ്ഥവും, സമാധാനവും, സംതൃപ്തിയോടെയും ജീവിക്കുന്നവർ മതപരിവർത്തനം പോലെയുള്ള അക്കരെപ്പച്ചകളിൽ ആകൃഷ്ടരാവില്ലെന്നതാണ് പച്ചയായ യാഥാർഥ്യം. മനഃപൂർവ്വം വഴി തിരിച്ചു വിട്ട ഈ വിദ്യാഭ്യാസപദ്ധതി സമ്മാനിച്ച ദുരന്തത്തിന്റെ ജീവിയ്ക്കുന്ന ഉദാഹരണങ്ങളിലൊന്നാണ് ഇന്ന് ഭാരതത്തിൽ നിലനിൽക്കുന്ന സാമൂഹിക അശാന്തികൾ.

ഈ വസ്തുതകൾ അടിവരയിട്ടു പ്രസ്താവിയ്ക്കുന്നത്, ബ്രിട്ടീഷുകാരായാലും, തുടർന്നു വന്ന മിഷണറി പ്രസ്ഥാനങ്ങളായാലും ഭാരതീയർക്കു ചെയ്തത് നന്മയല്ല, ഔദാര്യവുമല്ല. മറിച്ച്, ഭാരതീയരുടെ ഔദാര്യം പറ്റി ഇവിടെ ചേക്കേറിയ അവർ നമ്മോട് ചെയ്തത്, ചെയ്തു കൊണ്ടിരിക്കുന്നത് ദ്രോഹവും, ചതിയുമാണ്. നമ്മുടെ അസ്ഥിത്വവും, വ്യക്തിത്വവും തകർത്ത് അവിടെ തങ്ങൾക്കാവശ്യമുള്ളതു മാത്രം അപനിർമ്മിച്ചെടുക്കുക എന്ന കൊടും ചതി!

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close