യുഎസ് ഓപ്പൺ പോരാട്ടങ്ങൾ ഇന്ന് ആരംഭിക്കും. പുരുഷ വിഭാഗത്തിൽ നൊവാക് ജോക്കോവിച്ചും വനിതാ വിഭാഗത്തിൽ സെറീന വില്യംസുമാണ് ടോപ്പ് സീഡുകൾ. യുഎസ് ഓപ്പണിൽ മത്സരിയ്ക്കാൻ ഇന്ത്യയുടെ സാകേത് മൈനേനിയും യോഗ്യത നേടിയിട്ടുണ്ട്.
ഫ്ലഷിങ് മെഡോയിലെ ഹാർഡ് കോർട്ടിൽ ആരാധകർ കാത്തിരിക്കുന്നത് തീപാറുന്ന പോരാട്ടങ്ങൾ. കൈക്കുഴയിലെ പരുക്കിന് ശേഷമാണ് ഒന്നാം സീഡായ ജോക്കോവിച്ച് ഗ്രാന്റ് സ്ലാം പോരാട്ടത്തിനെത്തുന്നത്. പോളണ്ടിന്റെ ജെർസി ജാനോവിസ് ആണ് ആദ്യ മത്സരത്തിൽ ജോക്കോവിച്ചിന്റെ എതിരാളി.
തോളിലെ പരുക്കിൽ നിന്ന് മോചിതയായി എത്തുന്ന സെറീന വില്യംസിന്റെ ആദ്യ മത്സരം എകതറീന മകരോവയോടാണ്. ഇന്ത്യയുടെ സാകേത് മൈനനി യുഎസ് ഓപ്പണിൽ ആദ്യമായി ഇറങ്ങും. യോഗ്യത റൗണ്ടിൽ മൂന്ന് മത്സരം ജയിച്ചാണ് സാകേതിന്റെ വരവ്. 48ാം റാങ്കുകാരനായ ജിറി വെസെലിയാണ് ആദ്യ റൗണ്ടിൽ സാകേതിന്റെ എതിരാളി. ഓസ്ട്രേലിയൻ ഓപ്പണിൽ യോഗ്യതാ റൗണ്ടിൽ പുറത്തായ സാകേത് ആദ്യമായാണ് ഒരു ഗ്രാന്റ് സ്ലാം ടൂർണമെന്റിന് യോഗ്യത നേടുന്നത്.
യുഎസ് ഓപ്പണിലെ ടോപ്പ് സീഡുകൾ ആദ്യ റൗണ്ടുകളിൽ കടുത്ത മത്സരങ്ങൾ കാത്തിരിക്കുമ്പോൾ ഹാർഡ് കോർട്ടിൽ വമ്പൻ പോരാട്ടങ്ങൾ പ്രതീക്ഷിക്കാം.