ഇക്വഡോർ: ലോകകപ്പ് യോഗ്യതയ്ക്കായി ബ്രസീലും അർജന്‍റീനയും ഇന്നിറങ്ങും. ഇക്വഡോറുമായാണ് ബ്രസീൽ ഏറ്റുമുട്ടുക. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് സ്വർണം നേടിയതിന്‍റെ ആത്മവിശ്വാസവുമായാണ് ബ്രസീൽ ടീം കളത്തിലിറങ്ങുക. അതേസമയം മറ്റൊരു മത്സരത്തിൽ യുറുഗ്വെയെ അർജന്‍റീന നേരിടും. ഇന്ത്യൻ സമയം നാളെ പുലർച്ചെയാണ് മത്സരങ്ങൾ.
എന്നാൽ, ലാ ലിഗ മൽസരത്തിനിടെ പരുക്കേറ്റതിനാൽ ലയണൽ മെസ്സി അർജന്റീനയ്‌ക്കുവേണ്ടി ഇറങ്ങുമോയെന്നത് ഉറപ്പില്ല. മെസ്സിയെ വിരമിക്കൽ തീരുമാനത്തിൽനിന്നു പിന്തിരിപ്പിക്കുന്നതിൽ നിർണായകപങ്കു വഹിച്ച എഡ്ഗാർഡോ ബൗസയുടെ പരിശീലകനെന്ന നിലയിലുള്ള ആദ്യമൽസരമാണിത്.
ആദ്യ നാലുസ്ഥാനങ്ങളിലുള്ളവർക്കാണ് 2018 റഷ്യൻ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാവുക. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് അർജന്റീന; ബ്രസീൽ ആറാമതും. ഉറുഗ്വായ് ആണ് ഒന്നാം സ്ഥാനത്ത്.















