മെൻഡോസ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്കും ബ്രസീലിനും ജയം.
ടീമിലേക്ക് തിരിച്ചെത്തിയ നായകൻ ലയണൽ മെസിയുടെ ഗോളിൽ യുറുഗ്വായെയാണ് അർജന്റീന പരാജയപ്പെടുത്തിയത്. ഇക്വഡോറിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ബ്രസീൽ തകർത്തു. അതേസമയം ചിലി പരാഗ്വെയോട് പരാജയപ്പെട്ടു.
നായകൻ തിരിച്ചെത്തിയ നീലപ്പടയുടെ വ്യക്തമായ ആധിപത്യമായിരുന്നു തുടക്കം മുതൽ പ്രകടമായത്. 43 ാം മിനിട്ടിൽ ആരാധകർ കാത്തിരുന്ന നിമിഷം. വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് ടീമിൽ മടങ്ങിയെത്തിയ ഫുട്ബോൾ മാന്ത്രികന്റെ കാലുകളിൽ നിന്ന് മനോഹരമായെരു ഗോൾ.
ആദ്യ പകുതിക്ക് ശേഷം പെനാൽറ്റി ബോക്സിനുള്ളിൽ വച്ചുതന്നെ യുറുഗ്വയുടെ നീക്കങ്ങൾക്ക് തടയിടാൻ അർജന്റീനിയൻ പ്രതിരോധത്തിനായി. ഒടുവിൽ, തിരിച്ചെത്തിയ നായകന്റെ നേതൃത്വത്തിൽ അർജന്റീനിയൻ വിജയം.
റിയോ ഒളിമ്പിക്സിലെ സുവർണ നേട്ടത്തോടെ കളിക്കാനെത്തിയ മഞ്ഞപ്പട തികഞ്ഞ ആത്മ വിശ്വാസത്തിലായിരുന്നു.ഇരു ടീമുകളുടേയും ചടുല നീക്കങ്ങൾ ഒഴിച്ചാൽ വിരസമായിരുന്നു ആദ്യ പകുതി. എന്നാൽ രണ്ടാം പകുതിയിൽ മത്സരം ബ്രസീലിന്റെ വരുതിയിലായി. ഇക്വഡോറിന്റെ അലക്സാണ്ടറിന്റെ ഫൗളിൽ ലഭിച്ച പെനാൽറ്റി സുപ്പർ താരം നെയ്മർ ലക്ഷ്യത്തിലെത്തിച്ചു.
87 ാം മിനിട്ടിലും 92ാം മിനിട്ടിലും ഗബ്രിയൽ ജീസസ് ലക്ഷ്യം കണ്ടതോടെ ഇക്വഡോർ പതനം പൂർണം.
ഏകപക്ഷീയ രണ്ട് ഗോളുകൾക്ക് ബോളീവിയ പെറുവിനെ പരാജയപ്പെടുത്തി. അതേസമയം കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിക്ക് പരാജയം രുചിക്കേണ്ടി വന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാഗ്വായ് ആണ് ചിലിയെ കീഴടക്കിയത്.















