ഇസ് ലാമാബാദ്: ബലൂച് സ്വാതന്ത്ര്യവാദികളെ പാക് സൈന്യം തട്ടിക്കൊണ്ടുപോകുന്നതായി പരാതി. നര്ഷിദാബാദിലും ദെരാ ബുഗ്തിയിലും ടര്‍ബത് മേഖലയിലും ഇത്തരം അക്രമസംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് അബ്ദുള്‍ നവാസ് ബുഗ്തി പറഞ്ഞു. ബലൂചികള്‍ കൂടുതലുളള ദെരാ ബുഗ്തി മേഖലയില്‍ ഒരു കുടുംബത്തിലെ സ്ത്രീകളും കുട്ടികളും അടക്കമുളള പത്തൊന്‍പതോളം പേരെ അക്രമിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി ഇവര്‍ പറയുന്നു.
ടര്ബതിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ വീട് പാക് സൈന്യം പിടിച്ചെടുത്തതായും സ്ത്രീകള്‍ അടക്കമുളള ഈ കുടുംബവുമായി ബന്ധപ്പെടാന്‍ പോലും അനുവദിക്കുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ബലൂചിസ്ഥാന്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സ്ഥിതിക്ക് സ്വാതന്ത്ര്യവാദികളുടെ ശബ്ദം അടിച്ചമര്‍ത്താനായിരിക്കും പാക് സൈന്യം ഇനി ശ്രമിക്കുകയെന്നും ബലൂച് കുടുംബങ്ങളുടെ ജീവന് പോലും ഭീഷണിയാണെന്നും അബ്ദുള്‍ നവാസ് ബുഗ്തി ചൂണ്ടിക്കാട്ടുന്നു.
അന്താരാഷ്ട്ര തലത്തിലുളള ഇടപെടലാണ് വേണ്ടതെന്നും ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബലൂചിസ്ഥാന്‍ വിഷയം പരാമര്‍ശിച്ചതോടെ പാക് സൈന്യത്തിന്റെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു.