യുഎസ് ഓപ്പൺ കിരീടം സ്വിറ്റ്സർലന്റിന്റെ സ്റ്റാനിസ്ലാവ് വാവ്റിങ്കയ്ക്ക്. ആവേശകരമായ ഫൈനലിൽ, ലോകം ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയത് ഒന്നിനെതിരെ മുന്ന് സെറ്റുകൾക്ക്. 31കാരനായ വാവ്റിങ്കയുടെ മൂന്നാം ഗ്രാൻസ്ലാം കിരീടമാണിത്.
ഫ്ലെഷിംഗ് മെഡോസിൽ പിറന്നത് സ്വിസ് വസന്തം. വാവ്റിങ്കയുടെ പവർ ഗെയിമിന് മുന്നിൽ, ലോക ഒന്നാം നമ്പർ താരത്തിന് അടിതെറ്റി. ജോക്കോവിച്ചിനെതിരെ നാലു സെറ്റ് നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു വാവ്റിങ്കയുടെ ജയം.
കളിയുടെ തുടക്കത്തിൽ ആധിപത്യം പുലർത്തിയ ജോക്കോവിച്ച്, ആദ്യ സെറ്റ് 7-6 ന് സ്വന്തമാക്കി. എന്നാൽ വർധിത വീര്യത്തോടെ പൊരുതിയ വാവ്റിങ്ക, ഉജ്ജ്വല തിരിച്ചുവരവ് നടത്തി, ആരാധകരെ വിസ്മയിപ്പിച്ചു.
രണ്ടാം സെറ്റ് 6-4ന് കൈപ്പിടിയിലൊതുക്കിയ സ്വിസ് താരം, 7-5, 6-3 എന്ന സ്കോറിന് തുടർന്നുളള സെറ്റുകളും കപ്പും സ്വന്തം പേരിൽ കുറിച്ചു.
യുഎസ് ഓപ്പണിൽ ആദ്യമായി മുത്തമിട്ട സ്റ്റാനിസ്ലാവ് വാവ്റിങ്കയുടെ കരിയറിലെ മുന്നാം ഗ്രാൻസ്ലാം കിരീടത്തിന് കൂടിയാണ് ന്യൂയോർക്ക് സാക്ഷ്യം വഹിച്ചത്.















