ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ്-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയെ നേരിടും. രാത്രി ഏഴിന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.
സൂപ്പർ ലീഗിലെ ആവേശപ്പോരിന് താരങ്ങളും ടീമുകളും തയ്യാർ. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ കറ മായ്ക്കാനാണ് ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയും കൊമ്പ് കോർക്കുന്നത്. വിജയത്തോടെ തുടങ്ങാനാണ് ബ്ലാസ്റ്റേഴ്സ് കച്ചമുറുക്കുന്നത്.
ആരോൺ ഹ്യൂസ്, അന്റോയിൻ ജെർമ്മയിൻ, ഹൊസു, സന്ദേശ് ജിംഗാൻ എന്നിവരെ കേന്ദ്രീകരിച്ചാകും കുതിപ്പ്. മൈക്കൽ ചോപ്ര ആദ്യ സീസണിലേതിന് സമാനമായി ഇന്നും ആദ്യ ഇലവനിലുണ്ടാകില്ല. മുന്നേറ്റ നിര അതിശക്തമാണെങ്കിലും മധ്യനിരയിൽ മികച്ച വിദേശ താരങ്ങളില്ലാത്തതാണ് കേരള ടീമിനെ അലട്ടുന്നത്. 4-5-1 എന്ന ശൈലിയിലാകും സ്റ്റീവ് കോപ്പൽ ടീമിനെ മൈതാനത്തിറക്കുക.
ദിദിയ സൊക്കോറ, നിക്കോളോ വെലസ് എന്നിവരെ കേന്ദ്രീകരിച്ചാകും വടക്ക്-കിഴക്കൻ ടീമിന്റെ മുന്നേറ്റം. മലയാളി താരം ടി.പി രഹനേഷ് തന്നെയാകും ഗോൾവല കാക്കുക.
ഇരു ടീമുകളും മുൻപ് നാല് തവണ ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണ വിജയം ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു. ഒരു തവണ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി ജയിച്ചപ്പോൾ ഒരു മത്സരത്തിൽ ഗോൾരഹിത സമനില പാലിച്ചു. മൈതാനത്ത് ചതുരംഗ പലകയുമായി പരിശീലകരും ഒരുങ്ങിയതോടെ തീപാറും പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ പ്രേമികൾ.