കൊച്ചി: ഐഎസ്എൽ മൂന്നാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. മുംബൈ സിറ്റി എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപ്പിച്ചത്. മൈക്കൽ ചോപ്രയാണ് ഗോൾ നേടിയത്.
ഒടുവിൽ കാത്തിരിപ്പിന് വിരാമമായി. മഞ്ഞക്കടലിന്റെ ഇരമ്പം കൊച്ചിയെ കീഴടക്കി. ലീഗിൽ ഒന്നാമന്മാരാകാനെത്തിയ മുംബൈ സിറ്റി എഫ്.സിയെ കേരളത്തിന്റെ കൊമ്പന്മാർ കുത്തിമറിച്ചിട്ടു.
സീസണിലെ ആദ്യ ജയത്തിന് പന്ത് തട്ടിയ ബ്ലാസ്റ്റേഴ്സിറങ്ങിറങ്ങിയത് മൂന്ന് മാറ്റങ്ങളുമായി. പ്രതിരോധത്തിൽ മാർക്വീ താരം ആരോൺ ഹ്യൂസ്. മുന്നേറ്റ നിരയിൽ മൈക്കൽ ചോപ്രയ്ക്കും മുഹമ്മദ് റാഫിയ്ക്കും കൂട്ടായി ബെൽഫോർട്ട്.
ആദ്യ പകുതിയിൽ മഞ്ഞപ്പട ഇരച്ചുകയറിയെങ്കിലും ഗോൾ പോസ്റ്റിലേക്ക് ഉന്നം വെക്കുന്നതിൽ പരാജയം. രണ്ടാം പകുതി കൊമ്പന്മാർ കുതിച്ചപ്പോൾ മുംബൈ പ്രതിരോധം ചിതറി. 58 ആം മിനിട്ടിൽ മൈക്കൽ ചോപ്ര കൊച്ചിയിലെ മഞ്ഞക്കടലിനെ ഇളക്കി മറിച്ചു.
പിന്നെ ലീഡ് വർദ്ധിപ്പിക്കാൻ ബ്ലാസ്റ്റേഴ്സും സമനിലയ്ക്ക് മുംബൈയും. മുംബൈ മുന്നേറ്റങ്ങളുടെ മുന കൂർപ്പിച്ചത് സോണി നെർദ.
ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സ് 4 പോയിന്റുമായി 5 ആം സ്ഥാനത്തെത്തി. തിങ്കളാഴ്ച എഫ്.സി പൂനെ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.