കൊച്ചി: വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ സംരക്ഷിച്ച് പാര്‍ട്ടി ജില്ലാ നേതൃത്വം. എറണാകുളത്ത് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം സക്കീര്‍ ഹുസൈനെതിരേ തല്ക്കാലം നടപടി വേണ്ടെന്ന് തീരുമാനിച്ചു. ചില അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനമെന്നാണ് വിവരം.
വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് സക്കീര്‍ ഹുസൈനെതിരേ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അടുപ്പക്കാരെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് കറുകപ്പളളി സിദ്ദിഖും കേസില്‍ പ്രതിയാണ്. ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ ഗുണ്ടകളുമായി അവിശുദ്ധ ബന്ധം പുലര്‍ത്തുന്നതായ ആരോപണം ശക്തമായിരിക്കെയാണ് രണ്ട് കേസുകളും പുറത്തുവന്നത്. ഇതോടെ പാര്‍ട്ടി നേതൃത്വവും വിഷയത്തില്‍ പ്രതിക്കൂട്ടിലായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ജില്ലാ സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നത്.
സക്കീര്‍ ഹുസൈനെതിരേ നടപടി സ്വീകരിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനകള്‍. എന്നാല്‍ നേരത്തെയുളള പരാതിയാണെന്നും തല്ക്കാലം നടപടി വേണ്ടെന്നും ഒരു വിഭാഗം വാദിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വീണ്ടും സെക്രട്ടറിയേറ്റ് ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിസിനസില്‍ പങ്കാളിയായിരുന്ന ഷീല തോമസും ജൂബി പൗലോസുമായി ഉണ്ടായ തര്‍ക്കത്തിലേക്ക് സക്കീര്‍ ഹുസൈനും കറുകപ്പളളി സിദ്ദിഖും ഇടപെടുകയായിരുന്നു. കോടതിയില്‍ നിന്ന് ജൂബി തോമസിന് അനുകൂല വിധിയുണ്ടായതോടെ സിപിഎം നേതാക്കളെ രംഗത്തിറക്കി ഷീല തോമസ് ജൂബിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷന്‍ ആണെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തല്‍. ഗുണ്ടകളെ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച സിറ്റി ടാസ്ക് ഫോഴ്സ് ആണ്് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് കീഴ്പ്പെടുന്ന പാര്‍ട്ടി നേതൃത്വത്തിനെതിരേ അണികളും ശക്തമായ അമര്‍ഷത്തിലാണ്.