കൊച്ചി: വെണ്ണലയിലെ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് ഒളിവില്‍. ജൂബി പൗലോസിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. അതേസമയം കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടാനും ഇയാള്‍ നീക്കം തുടങ്ങി.
തട്ടിക്കൊണ്ടുപോകല്‍ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് സക്കീര്‍ ഹുസൈനെതിരേ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുണ്ടകളെ അമര്‍ച്ച ചെയ്യാനായി രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ ആദ്യ കേസായിരുന്നു ഇത്. സക്കീര്‍ ഹുസൈന് ഒന്നാം പ്രതിയും മറ്റൊരു ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് കറുകപ്പളളി സിദ്ദിഖ് രണ്ടാം പ്രതിയുമാണ്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് കറുകപ്പളളി സിദ്ദിഖ്.
കേസില്‍ പെട്ടതോടെ സക്കീര്‍ ഹുസൈനെ പാര്‍ട്ടി ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും കഴിഞ്ഞ ദിവസം ചേര്‍ന്ന എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇയാളെ സംരക്ഷിക്കുന്ന തീരുമാനമാണ് കൈക്കൊണ്ടത്. തല്ക്കാലം നടപടി വേണ്ടെന്നും വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യാനുമായിരുന്നു ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇതിന് പിന്നാലെയാണ് സക്കീര്‍ ഹുസൈന് ഒളിവില്‍ പോയത്.
ഷീല തോമസ് എന്ന വ്യക്തിയുമായി ചേര്‍ന്ന് വ്യവസായ സംരംഭം ആരംഭിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസിനാധാരം. ഇടയ്ക്ക് വെച്ച് കരാറില്‍ നിന്ന് പിന്മാറിയ ഷീല തോമസിന് വേണ്ടി സക്കീര്‍ ഹുസൈനും സിദ്ദിഖും ചേര്‍ന്ന് ജുബി പൗലോസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തര്‍ക്കത്തില്‍ കോടതിയില്‍ നിന്ന് ജൂബി പൗലോസിന് അനുകൂല വിധിയുണ്ടായതോടെയാണ് സിപിഎം നേതാക്കളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താന്‍ ഷീല തോമസ് ശ്രമിച്ചത്.