ന്യൂഡൽഹി: ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി ട്രോഫി കിരീടം സ്വന്തമാക്കിയ ചുണക്കുട്ടികൾക്ക് ജന്മനാട്ടിൽ ഊഷ്മള വരവേൽപ്പ്. ഇന്നലെ അർദ്ധരാത്രിയോടെയാണ് താരങ്ങൾ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
മലേഷ്യയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് ഇന്ത്യന്‍ സംഘം തിരിച്ചെത്തിയത്. രാത്രി വൈകിയാണ് എത്തിയതെങ്കിലും ഏറെ ആവേശോജ്വലമായിരുന്നു സ്വീകരണം.
ടീമംഗങ്ങൾ ഡൽഹിയിലിറങ്ങിയപ്പോൾ നായകൻ ശ്രീജേഷ് ബംഗലൂരു വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ബംഗലൂരുവിലിറങ്ങിയ ശ്രീജേഷിനും ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. തനിക്കും ടീമിനും നൽകിയ പിന്തുണക്ക് നന്ദി പറഞ്ഞാണ് ശ്രീജേഷ് മടങ്ങിയത്.
പാകിസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ സ്വന്തമാക്കിയത്.