ന്യൂഡൽഹി : ഐഎസ്എല്ലിൽ സീസണിലെ മൂന്നാം ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടും. ഏവേ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതിന്റെ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ആദ്യ പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ, മത്സരം സമനിലയിൽ കലാശിച്ചിരുന്നു.
വൈകിട്ട് 7 ന് ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലാണ് മത്സരം. മൂന്നാമതുള്ള ഡൽഹി ഡൈനമോയെ ബ്ളാസ്റ്റേഴ്സ് ബ്ളാസ്റ്റാക്കുമോ എന്ന് ഇന്ന് അറിയാം .അങ്ങനെയെങ്കിൽ കേരള ടീം മൂന്നാമതെത്തും. ഫ്ളോറന്റ് മലൂദയും ബ്രൂണോ പെല്ലിസാരിയും മാഴ്സലീഞ്ഞയുമൊക്കെ ചേർന്ന ഡൈനമോസ് ഇന്ന് മികച്ച കളി തന്നെ പുറത്തെടുക്കുമെന്നുറപ്പാണ് . ഇതിനെ തടഞ്ഞു നിർത്താൻ എത്രത്തോളം കഴിയുമെന്നതിനനുസരിച്ചിരിക്കും ബ്ളാസ്റ്റേഴ്സിന്റെ വിജയം
അതേസമയം ഐഎസ്എല്ലിൽ എഫ്. സി ഗോവ സീസണിലെ രണ്ടാം ജയം നേടി. എഫ്. സി പൂനെസിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോവ കീഴടക്കിയത്. 32 ാം മിനുറ്റിൽ റാഫേൽ കൊയ്ലൊയാണ് ഗോവയ്ക്കായി വിജയഗോൾ നേടിയത്. ജയത്തോടെ എട്ട് മത്സരങ്ങളിൽ നിന്നും ഏഴ് പോയിന്റുമായി ഗോവ പോയിന്റ് പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഏഴാമതായി. ഏഴു മത്സരങ്ങളിൽ നിന്നും ആറു പോയിന്റ് മാത്രമുള്ള പൂനെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.