ന്യൂഡല്‍ഹി: ഏത് സംഭവത്തിലും നേരത്തെ ആര്‍എസ്എസിനെ പഴിചാരിയിരുന്നവര്‍ ഇപ്പോള്‍ നരേന്ദ്രമോദിക്കെതിരേ തിരിഞ്ഞിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. വിമുക്ത ഭടന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നടത്തുന്ന അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം വിഷയങ്ങളിലേക്ക് നരേന്ദ്രമോദിയുടെ പേര് വലിച്ചിഴയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഴ പെയ്തില്ലെങ്കിലും ആര്‍ക്കെങ്കിലും കുട്ടി ഉണ്ടായില്ലെങ്കിലും ആര്‍എസ്എസിനെയായിരുന്നു നേരത്തെ ചിലര്‍ പഴിച്ചിരുന്നത്. ഇപ്പോള്‍ അവര്‍ നരേന്ദ്രമോദിക്കെതിരേ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ വിമുക്ത ഭടന് ജീവനൊടുക്കിയ സംഭവത്തില്‍ രാഹുലും കെജ്രിവാളും പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി കളവ് പറയുകയാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ഇരുവര്‍ക്കുമെതിരേ ബിജെപി നേതൃത്വം രംഗത്ത് വന്നതിന് പിന്നാലെയാണ് വെങ്കയ്യ നായിഡുവും വിമര്‍ശനവുമായി എത്തിയത്. കെജ്രിവാളും രാഹുലും പ്രധാനമന്ത്രിയെ താറടിച്ചുകാണിക്കാന്‍ മത്സരിക്കുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.